29 March Friday
ചാട്ടത്തിൽ ഏഴും ട്രാക്കിൽ മൂന്നും മെഡൽ , പോൾവോൾട്ടിലും സ്വർണം

ഇന്ത്യൻ ഗ്രാൻപ്രി ; മലയാളിത്തിളക്കം , കേരളത്തിന്‌ ഏഴ്‌ സ്വർണം

സ്വന്തം ലേഖകൻUpdated: Monday Mar 27, 2023

ഷോട്ട്പുട്ടിൽ പഞ്ചാബിന്റെ തജീന്ദർപാൽ സിങ് സ്വർണം നേടുന്നു /ഫോട്ടോ: ജി പ്രമോദ്


തിരുവനന്തപുരം
ഇന്ത്യൻ ഗ്രാൻപ്രി അത്‌ലറ്റിക്സിന്റെ രണ്ടാംപാദ മത്സരത്തിൽ ഏഴ്‌ സ്വർണം ഉൾപ്പെടെ 11 മെഡലുമായി മലയാളിത്തിളക്കം. ചാട്ടത്തിൽ ഏഴും ട്രാക്കിൽ മൂന്നും മെഡലുണ്ട്‌. ഒരെണ്ണം പോൾവോൾട്ടിലാണ്‌.

പുരുഷന്മാരുടെ 200 മീറ്ററിൽ ഒളിമ്പ്യൻ മുഹമ്മദ് അനസ് 21.54 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. 1500 മീറ്ററിൽ ജിൻസൺ ജോൺസൺ ഒന്നാമതെത്തി. മൂന്ന് മിനിറ്റ് 44.52 സെക്കൻഡിലായിരുന്നു ജിൻസന്റെ സുവർണനേട്ടം. നിലവിൽ 1500 മീറ്ററിൽ ദേശീയ റെക്കോർഡ് ഉടമയാണ് ജിൻസൺ. കോമൺവെൽത്ത് മെഡൽജേതാവ് എൽദോസ് പോൾ 16.22 മീറ്റർ താണ്ടി പുരുഷന്മാരുടെ ട്രിപ്പിൽജമ്പിൽ സ്വർണം നേടി.
ലോങ്ജമ്പിൽ 7.72 മീറ്റർ കടന്ന് നിർമൽ സാബുവും 13.28 മീറ്റർ ചാടി വനിതകളുടെ ട്രിപ്പിൾജമ്പിൽ നയന ജയിംസും ഒന്നാമതെത്തി.

പുരുഷന്മാരുടെ 400 മീറ്ററിൽ 46.65 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത് കേരളത്തിന്റെ വി മുഹമ്മദ് അജ്മൽ സ്വർണം കരസ്ഥമാക്കി. വനിതകളുടെ പോൾവോൾട്ടിൽ 3.10 മീറ്റർ മറികടന്ന് മാളവിക രാജേഷ് സുവർണനേട്ടം സമ്മാനിച്ചു. വനിതകളുടെ ട്രിപ്പിൾജമ്പിൽ ഗായത്രി ശിവകുമാറും പോൾവോൾട്ടിൽ നവമി രവീന്ദ്രനും പുരുഷന്മാരുടെ ലോങ്ജമ്പിൽ കെ എം ശ്രീകാന്തും പുരുഷന്മാരുടെ ട്രിപ്പിൾജമ്പിൽ യു കാർത്തിക്കും വെള്ളി നേടി.

നൂറ്‌ മീറ്ററിൽ തമിഴ്‌നാടിന്റെ അർച്ചന സുശീന്ദ്രൻ 11.52 സെക്കൻഡിൽ ഫിനിഷ് ചെയ്ത്‌ സ്വർണം നേടി. ഗ്രാൻപ്രി ആദ്യപാദത്തിൽ 200 മീറ്ററിൽ ഒന്നാമതെത്തിയ ഹിമ ദാസ് ഫൗൾ സ്റ്റാർട്ടിൽ പുറത്തായി. പുരുഷന്മാരുടെ 100 മീറ്ററിൽ ഹരിയാനയുടെ സൻജിത് സ്വർണവും ഒഡിഷയുടെ അമിയകുമാർ മാലിക് വെള്ളിയും സ്വന്തമാക്കി.ഷോട്ട്പുട്ടിൽ ദേശീയ റെക്കോഡുകാരനായ പഞ്ചാബിന്റെ തജീന്ദർപാൽ സിങ്ങ് ടൂർ 19.76 മീറ്റർ എറിഞ്ഞ് സ്വർണം നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top