ഹാങ്ചൗ
ഏഷ്യൻ ഗെയിംസിൽ ഇരട്ടസ്വർണവുമായി ഇന്ത്യ തിളങ്ങി. വനിതാ ക്രിക്കറ്റിലും പുരുഷന്മാരുടെ ഷൂട്ടിങ്ങിലുമാണ് നേട്ടം. തോക്കെടുത്ത യുവ ഷൂട്ടർമാർ ലോകറെക്കോഡോടെയാണ് പൊന്നൊരുക്കിയത്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ രുദ്രാംഗ്‌ഷ് ബാലാസാഹിബ് പാട്ടീൽ, ദിവ്യാൻഷ് സിങ് പൻവർ, ഐശ്വരി പ്രതാപ് സിങ് ടൊമാർ എന്നിവരാണ് സ്വർണം വെടിവച്ചിട്ടത്. ഇവർ നേടിയ 1893.7 പോയിന്റ് ലോക റെക്കോഡാണ്. ചൈന സ്ഥാപിച്ച റെക്കോഡാണ് തകർത്തത്. ക്രിക്കറ്റിൽ ശ്രീലങ്കയെ 19 റണ്ണിന് തോൽപ്പിച്ചാണ് സ്വർണം സ്വന്തമാക്കിയത്. ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പങ്കെടുക്കുന്നത്. മലയാളിയായ മിന്നുമണി ടീമിലുണ്ട്.
ഇന്ത്യക്ക് രണ്ടാംദിവസം രണ്ട് സ്വർണവും നാല് വെങ്കലവും കിട്ടി. ഇതോടെ രണ്ട് സ്വർണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമായി ഇന്ത്യ ആറാംസ്ഥാനത്തേക്ക് കയറി. ചൈന 39 സ്വർണമടക്കം 69 മെഡലുമായി കുതിപ്പ് തുടർന്നു. ദക്ഷിണകൊറിയക്ക് 10 സ്വർണത്തോടെ 33 മെഡലുണ്ട്. അഞ്ച് സ്വർണമുള്ള ജപ്പാന് 30 മെഡലാണുള്ളത്.
ലോക റെക്കോഡിട്ട ഇന്ത്യൻ ടീമിൽ അംഗമായ ഐശ്വരി പ്രതാപ് സിങ് 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടി. 25 മീറ്റർ റാപ്പിഡ് ഫയർ പിസ്‌റ്റൾ ടീം ഇനത്തിൽ വിജയ്‌വീർ സിദ്ധു, ആദർശ് സിങ്, അനീഷ് ഭൻവാല എന്നിവർക്കും വെങ്കലമുണ്ട്.
തുഴച്ചിലിൽ പുരുഷ ക്വഡ്രപ്പിൾ സ്‌കൾസ് ടീം ഇനത്തിൽ സത്‌നം സിങ്, പർമീന്ദർ സിങ്, ജാകർ ഖാൻ, സുഖ്‌മീത് സിങ് എന്നിവർ ഉൾപ്പെട്ട ടീം മൂന്നാംസ്ഥാനം നേടി. പുരുഷന്മാരുടെ കോക്‌സ്‌ലസ് ഫോർ ഇനത്തിലും വെങ്കലമുണ്ട്. ജസ്‌വീന്ദർ സിങ്, ഭീം സിങ്, പുനിത്‌കുമാർ, ആഷിഷ് എന്നിവരാണ് മെഡൽ നേടിയത്. ഇന്ത്യ ഇതുവരെ തുഴഞ്ഞ് നേടിയത് മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ്. വുഷുവിൽ സെമിയിലെത്തിയ രോഷിബിനാ ദേവി വെങ്കല മെഡൽ ഉറപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..