19 April Friday

ചരിത്രം ചരിത്രമായി തുടരും; മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ ജയം, പരമ്പര

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി അർധ സെഞ്ചുറി നേടിയ കീഗൻ പീറ്റേഴ്‌സനെ അഭിനന്ദിക്കുന്ന റാസി വാൻഡർ ദസൻ Photo Credit: Twitter/ICC

കേപ്‌ ടൗൺ > ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ്‌ പരമ്പര ജയമെന്ന ടീം ഇന്ത്യയുടെയും ക്യാപ്‌റ്റൻ കോഹ്‌ലിയുടെയും സ്വപ്‌നം സ്വപ്‌ന‌മായി തന്നെ തുടരും. ഓസ്‌ട്രേലിയയിലേയും ഇംഗ്ലണ്ടിലേയും ചരിത്ര വിജയത്തിനും ശേഷം പരമ്പര ലക്ഷ്യമിട്ട്‌ ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യയെ 1‐2നാണ്‌ ആതിഥേയർ തകർത്ത്‌ വിട്ടത്‌.

നിർണായകമായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 212 റൺസ്‌ വിജയലക്ഷ്യം 63.3 ഓവറിൽ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ മറികടന്നാണ്‌ ദക്ഷിണാഫ്രിക്കയുടെ പരമ്പരനേട്ടം. അതിശക്തരായ ഇന്ത്യയ്‌ക്കെതിരെ പരമ്പരയിലെ ആദ്യ മത്സരം തോറ്റിട്ടും പരിചയസമ്പന്നരായ താരങ്ങളില്ലാതെ അടുത്ത രണ്ട്‌ മത്സരങ്ങൾ ജയിച്ച്‌ അസാധ്യ പ്രകടനമാണ്‌ ദക്ഷിണാഫ്രിക്ക നടത്തിയത്‌.

നാലാം ദിനമായ വെള്ളിയാഴ്‌ച 101 റൺസിന്‌ രണ്ടു വിക്കറ്റ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്‌ക്കായി കീഗൻ പീറ്റേഴ്‌സൻ അർധസെഞ്ചുറി നേടി. 113 പന്തിൽ 10 ഫോറുകൾ സഹിതം 82 റൺസുമായി സെഞ്ചുറിയിലേക്ക് നീങ്ങിയ പീറ്റേഴ്‌സ‌ന്റെ വിക്കറ്റ്‌ മാത്രമാണ്‌ ഇന്ന്‌ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ നഷ്‌ടമായത്‌. ഷാർദുൽ ഠാക്കൂറിനാണ്‌ വിക്കറ്റ്‌.

പിന്നീട് ക്രീസിലെത്തിയ റാസി വാൻഡർ ദസൻ, തെംബ ബാവുമ സഖ്യം നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു(57) മായി ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. വാൻഡർ ദസൻ 41 (95) റൺസും ബാവുമ 32 (58) റൺസും നേടി.

എയ്‌ഡൻ മർക്രം 16 (22), ക്യാപ്റ്റൻ ഡീൻ എൽഗാർ 30 (96) എന്നിവരുടെ വിക്കറ്റുകളാണ്‌ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ രണ്ടാം ഇന്നിങ്‌സിൽ നഷ്‌ടമായത്‌. ഇന്ത്യയ്‌ക്കായി നേരത്തെ റിഷഭ്‌ പന്ത്‌ സെഞ്ചറി നേടിയിരുന്നു. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഷാർദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top