30 May Thursday

ഇന്ത്യയുടെ ഗില്ലാട്ടം ; തകർത്താടി ഗിൽ, എറിഞ്ഞിട്ട്‌ പാണ്ഡ്യ; ന്യൂസിലൻഡിനെതിരെ കൂറ്റൻ ജയം, പരമ്പര

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

സെഞ്ചുറി തികച്ച ശുഭ്മാൻ ഗില്ലിന്റെ ആഹ്ലാദം image credit bcci twitter

അഹമ്മദാബാദ്‌
ഓപ്പണർ ശുഭ്‌മാൻ ഗില്ലിന്റെ വെടിക്കെട്ടിൽ വെട്ടിത്തിളങ്ങി ഇന്ത്യ. തകർപ്പൻ സെഞ്ചുറിയുമായി ഗിൽ നിറഞ്ഞാടിയ മത്സരത്തിൽ 168 റണ്ണിന്റെ കൂറ്റൻ ജയം. ന്യൂസിലൻഡിനെതിരായ അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം കീശയിലാക്കി ഇന്ത്യ 2–-1ന്‌ പരമ്പര സ്വന്തമാക്കി. 63 പന്തിൽ 126 റണ്ണുമായി പുറത്താകാതെനിന്ന ഗില്ലാണ്‌ കളിയിലെ താരം.

സ്‌കോർ: ഇന്ത്യ 4-234, ന്യൂസിലൻഡ്‌ 66(12.1)

ഇന്ത്യയുടെ കൂറ്റൻ സ്‌കോറിനുമുന്നിൽ അമ്പരന്നുപോയ കിവീസ്‌ 12.1 ഓവറിൽ 66 റണ്ണിന്‌ അവസാനിപ്പിച്ചു. കിവീസിന്റെ മൂന്നാമത്തെ കുറഞ്ഞ സ്‌കോറാണിത്‌. ട്വന്റി20യിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയവുമായി. ഏഴ്‌ റണ്ണെടുക്കുന്നതിനിടെ നാല്‌ വിക്കറ്റ്‌ നഷ്‌ടപ്പെട്ട ന്യൂസിലൻഡിന്‌ ഒരിക്കലും കരകയറാനായില്ല. ഒമ്പത്‌ കളിക്കാർ ഒറ്റയക്കത്തിൽ ഒതുങ്ങി.

ഡാരിൽ മിച്ചലും(25 പന്തിൽ 35) ക്യാപ്‌റ്റൻ സാന്റ്‌നറും(13) പൊരുതിനോക്കി.  ഇന്ത്യക്കായി ക്യാപ്‌റ്റൻ ഹാർദിക്‌ പാണ്ഡ്യ നാല്‌ ഓവറിൽ 16 റൺ വഴങ്ങി നാല്‌ വിക്കറ്റെടുത്തു. ഹാർദിക്കാണ് പരമ്പരയിലെ താരം. ശിവം മാവി, ഉമ്രാൻ മാലിക്‌, അർഷ്‌ദീപ്‌ സിങ് എന്നിവർ രണ്ട്‌ വിക്കറ്റുവീതം വീഴ്‌ത്തി. ശ്രീലങ്കക്കെതിരായ ട്വന്റി20, ഏകദിന പരമ്പര വിജയത്തിനുശേഷമാണ്‌ കിവീസിനെതിരായ നേട്ടം. പഞ്ചാബിൽനിന്നുള്ള ഇരുപത്തിമൂന്നുകാരൻ ഗിൽ 12 ഫോറും ഏഴ്‌ സിക്‌സറും പറത്തിയാണ്‌ മികച്ച സ്‌കോറൊരുക്കിയത്‌. 54 പന്തിലാണ്‌ കന്നി സെഞ്ചുറി. ആദ്യ 50 റണ്ണടിക്കാൻ 35 പന്ത്‌ വേണ്ടിവന്നു. രണ്ടാമത്തെ 50 റൺ 19 പന്തിലായിരുന്നു.

രണ്ടാം ഓവറിൽ ഓപ്പണർ ഇഷാൻ കിഷനെ(1) നഷ്‌ടമായപ്പോൾ ഒപ്പംചേർന്ന രാഹുൽ ത്രിപാഠി മികച്ച പിന്തുണയാണ്‌ നൽകിയത്‌. നാല്‌ ഫോറും മൂന്ന്‌ സിക്‌സറും നേടിയ ത്രിപാഠി 22 പന്തിൽ 44 റണ്ണടിച്ചു. സൂര്യകുമാർ യാദവ്‌ രണ്ട്‌ സിക്‌റും ഒരു ഫോറുമടിച്ച്‌ തുടങ്ങിയെങ്കിലും അധികം ആയുസ്സുണ്ടായില്ല.  ഹാർദിക്‌ പാണ്ഡ്യ ഗില്ലിന്‌ നല്ല കൂട്ടായി. 17 പന്തിൽ 30 റണ്ണടിച്ച ഹാർദിക്‌ ഗില്ലുമായി ചേർന്ന്‌ നാലാംവിക്കറ്റിൽ നേടിയത്‌ 103 റൺ.
കിവീസിന്റെ പേസർ ലോക്കി ഫെർഗൂസൺ നാല് ഓവറിൽ വഴങ്ങിയത് 54 റൺ. ടിക്--നെറിന്റെ മൂന്ന് ഓവറിൽ ഇന്ത്യൻ ബാറ്റർമാർ 50 റണ്ണടിച്ചുകൂട്ടി. സ്പിന്നർമാരായ മിച്ചെൽ സാന്റ്നെർക്കും ഇഷ് സോധിക്കും തിളങ്ങിനായില്ല.

ടെസ്‌റ്റിലും ഏകദിനത്തിലും ട്വന്റി20യിലും സെഞ്ചുറിനേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററാണ്‌. സുരേഷ് റെയ്ന, രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്--ലി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കെെവരിച്ചത്. വിരാട്‌ കോഹ്‌ലിയുടെ പേരിലുള്ള ഉയർന്ന സ്‌കോറും (122*) മറികടന്നു.
അണ്ടർ 19 വനിതാ ട്വന്റി 20 ക്രിക്കറ്റിൽ ലോക കിരീടം നേടിയ കളിക്കാരെ സച്ചിൻ ടെണ്ടുൽക്കർ മുഖ്യാതിഥിയായ ചടങ്ങിൽ ആദരിച്ചു. ബിസിസിഐ വാഗ്‌ദാനം ചെയ്‌ത അഞ്ചു കോടി രൂപ കൈമാറി.

അടുത്തത് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയാണുള്ളത്. ആദ്യ ടെസ്റ്റ് ഒമ്പതിന് നാഗ്പുരിൽ തുടങ്ങും. രണ്ടാം ടെസ്റ്റ് 17ന് ഡൽഹിയിലും മൂന്നാം ടെസ്റ്റ് മാർച്ച് ഒന്നിന് ധർമശാലയിലുമാണ്. മാർച്ച് ഒമ്പതിന് അഹമ്മദാബാദിലാണ് അവസാന ടെസ്റ്റ്. ഏകദിനം 17ന് ആരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top