23 April Tuesday

ഹോക്കി ലോകകപ്പ്‌ : സ്വപ്‌നം ബാക്കി ; ക്വാട്ടർ കാണാതെ ഇന്ത്യ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

image credit International Hockey Federation twitter


ഭുവനേശ്വർ
ഇന്ത്യ ഹോക്കി ലോകകപ്പ്‌ നേടിയിട്ട്‌ അരനൂറ്റാണ്ടിനോടടുക്കുന്നു. 1975ലാണ്‌ ആദ്യത്തേയും അവസാനത്തേയും ലോകകിരീടം. ഇക്കുറി ഏറെ മോഹിച്ചു, സ്വപ്‌നം കണ്ടു. പക്ഷേ, തിങ്ങിനിറഞ്ഞ കലിംഗ സ്‌റ്റേഡിയത്തെ കണ്ണീരിലാഴ്‌ത്തി ഇന്ത്യ പുറത്തായി. ക്വാർട്ടറിലെത്താൻ ജയം അനിവാര്യമായിരുന്ന കളിയിൽ ന്യൂസിലൻഡിനോട്‌ തോറ്റു. നിശ്‌ചിതസമയത്ത്‌ സ്‌കോർ 3–-3. ഷൂട്ടൗട്ടിൽ 5–-4ന്‌ കിവീസ്‌ ജയിച്ചുകയറി.
മികച്ച രക്ഷപ്പെടുത്തലുകളുമായി ഷൂട്ടൗട്ടിന്റെ തുടക്കത്തിൽ തിളങ്ങിയ മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന്‌ പരിക്കേറ്റത്‌ തിരിച്ചടിയായി. അവസാന കിക്കുകൾ തടയാൻ ശ്രീജേഷിന്റെ സേവനം ലഭ്യമായില്ല.

ക്വാർട്ടറിലെത്തുന്നവരെ നിശ്‌ചയിക്കാനുള്ള ക്രോസ്‌ ഓവർ മത്സരത്തിൽ ന്യൂസിലൻഡ്‌ ഗംഭീര തിരിച്ചുവരവാണ്‌ നടത്തിയത്‌. തുടക്കത്തിൽ ഇന്ത്യ രണ്ട്‌ ഗോളിന്‌ മുന്നിലായിരുന്നു. കിവീസ്‌ ഒരുഗോൾ മടക്കിയെങ്കിലും ഇന്ത്യ 3–-1ന്‌ മുന്നേറി. തുടരെ രണ്ട്‌ ഗോളടിച്ച്‌ ന്യൂസിലൻഡ്‌ തിരിച്ചുവന്നു.
ഇന്ത്യക്കായി ലളിത്‌കുമാർ ഉപാധ്യായ, സുഖ്‌ജീത്‌ സിങ്, വരുൺകുമാർ എന്നിവരാണ്‌ ഗോളടിച്ചത്‌. സാം ലേനും കെയ്‌ൻ റസലും സീൻ ഫിൻഡ്‌ലേയും ഗോൾ മടക്കി.

ഷൂട്ടൗട്ടിലെ ആദ്യ അഞ്ച്‌ കിക്കിൽ ഇരുടീമുകളും മൂന്നെണ്ണം വലയിലാക്കി. ഗോളി ശ്രീജേഷ്‌ അവസാന രണ്ട്‌ കിക്കുകൾ രക്ഷപ്പെടുത്തി ഇന്ത്യക്ക്‌ ജീവൻ നീട്ടിക്കൊടുത്തു. എന്നാൽ, കാലിന്‌ പരിക്കേറ്റ്‌ പിന്മാറേണ്ടിവന്നു. പകരക്കാരനായ ഗോളി കൃഷൻ പഥകിന്‌ കിവീസിന്റെ വിജയം തടയാനായില്ല. നിശ്‌ചിതസമയത്ത്‌ പഥക്‌ മികച്ച ഫോമിലായിരുന്നു. അവസാന മിനിറ്റുകളിൽ മൂന്ന്‌ ഷോട്ടുകളാണ്‌ പഥക്‌ രക്ഷപ്പെടുത്തിയത്‌. ആ മികവ്‌ ഷൂട്ടൗട്ടിൽ ആവർത്തിക്കാനായില്ല.

കഴിഞ്ഞതവണ ഇന്ത്യ ക്വാർട്ടറിലാണ്‌ പുറത്തായത്‌. 1975 കിരീടം നേടിയശേഷം പിന്നീടൊരിക്കലും സെമിയിലേക്ക്‌ മുന്നേറാനായിട്ടില്ല. ആദ്യ ലോകകപ്പിൽ (1971) ഇന്ത്യക്ക് മൂന്നാം സ്ഥാനമായിരുന്നു. 1973ൽ റണ്ണറപ്പായി.ഗ്രൂപ്പ്‌ മത്സരത്തിൽ ഇംഗ്ലണ്ടിനോട്‌ സമനില പിണഞ്ഞതാണ്‌ ഇന്ത്യക്ക്‌ തിരിച്ചടിയായത്‌. സ്‌പെയ്‌നിനേയും വെയ്‌ൽസിനേയും തോൽപിച്ചു. ഇംഗ്ലണ്ടുമായി ഗോളടിക്കാതെയാണ്‌ സമനിലയിൽ കുരുങ്ങിയത്‌.

ഗോൾശരാശരിയിൽ ഇംഗ്ലണ്ട്‌ നേരിട്ട്‌ ക്വാർട്ടറിലെത്തി. ഇന്ത്യക്ക്‌ ന്യൂസിലൻഡിനെതിരെ ക്രോസ്‌ഓവർ മത്സരം കളിക്കേണ്ടിവന്നു.മലേഷ്യയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ച സ്‌പെയ്‌ൻ ക്വാർട്ടറിലെത്തി. ഓസ്‌ട്രേലിയയാണ്‌ അടുത്ത എതിരാളി. ന്യൂസിലൻഡ്‌ നിലവിലെ ചാമ്പ്യൻമാരായ ബൽജിയത്തെ നേരിടും.ക്വാർട്ടർ 24നും 25നും നടക്കും. സെമി ഇരുപത്തേഴിന്. ഫെെനൽ 29ന് നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top