09 December Saturday

കൊറിയൻ ത്രില്ലറിൽ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

ദക്ഷിണ കൊറിയയെ തോൽപ്പിച്ച ഇന്ത്യൻ വോളിബോൾ ടീം

ഹാങ്ചൗ > ഏഷ്യൻ ഗെയിംസ്‌ പുരുഷ വോളിബോളിൽ മൂന്നുതവണ ജേതാക്കളും നിലവിലെ റണ്ണറപ്പുമായ ദക്ഷിണകൊറിയയെ കീഴടക്കി ഇന്ത്യ. അഞ്ച്‌ സെറ്റ്‌ പോരാട്ടം 3–-2ന്‌ സ്വന്താക്കി (25–-27, 29–-27, 25–-22, 20–-25, 17–-15). അടുത്ത കളി ജയിച്ചാൽ ക്വാർട്ടർ ഫൈനലിൽ കടക്കും.  

കൊണ്ടും കൊടുത്തുമുള്ള കളി ഓരോ നിമിഷവും ആവേശകരമായിരുന്നു. വിനീത്‌കുമാർ നയിച്ച ടീം ഓരോ പോയിന്റും പൊരുതി നേടുകയായിരുന്നു. അമിതും അശ്വൽ റായിയും വിനീത്‌കുമാറും തകർപ്പൻ ഫോമിലായിരുന്നു. നിർണായക പോയിന്റുകൾ നേടി ഇവർ കളി വരുതിയിലാക്കി. മലയാളികളായ എറിൻ വർഗീസും ഷമീമുദീനും കളംനിറഞ്ഞ്‌ കളിച്ചു. ആദ്യ സെറ്റിൽ കൊറിയയുടെ ആധിപത്യമായിരുന്നു.
തുടക്കത്തിൽ 5–-2ന്‌ ലീഡ്‌ നേടിയ കൊറിയയെ ഒപ്പം പിടിക്കാൻ ഇന്ത്യ പാടുപെട്ടു. ഒടുവിൽ 13–-13വരെ എത്തിയെങ്കിലും 27–-25ന്‌ സെറ്റ്‌ നേടി.

രണ്ടാംസെറ്റ്‌ കൊറിയയാണ്‌ തുടങ്ങിയതെങ്കിലും ഇന്ത്യ കളംപിടിച്ചു. കൃത്യതയുള്ള സെർവും കരുത്തുറ്റ സ്‌മാഷുകളും വിധി നിർണയിച്ചപ്പോൾ ഇന്ത്യ സെറ്റ്‌ സ്വന്തമാക്കി തിരിച്ചുവന്നു. മൂന്നാംസെറ്റിൽ കൊറിയയുടെ സർവിലെ പിഴവുകൾ രക്ഷയായി. ഇന്ത്യ അനായാസം 15–-10ലേക്കും 20–-14ലേക്കും കുതിച്ചു. മൂന്നാംസെറ്റ്‌ നേടി ഇന്ത്യ മാനസിക ആധിപത്യം നേടി.

എന്നാൽ, ഏഷ്യയിലെ കരുത്തരായ കൊറിയ ആത്മവിശ്വാസത്തോടെ തിരിച്ചുവന്നു. ഇന്ത്യ തുടക്കത്തിൽ 4–-4ന്‌ ഒപ്പം പിടിച്ചെങ്കിലും നാലാംസെറ്റ്‌ കൈവിട്ടു. നിർണായകമായ അഞ്ചാംസെറ്റിൽ ഇന്ത്യ 7–-4 ലീഡ്‌ നേടിയതാണ്‌. എന്നാൽ, പതിയെ കളി പിടിക്കുന്ന കൊറിയയെയാണ്‌ കണ്ടത്‌. വീറുംവാശിയും വിടാതെ മുന്നേറിയ ഇന്ത്യ രണ്ടുതവണ മാച്ച്‌ പോയിന്റിന്‌ അടുത്തെത്തി. മികവുറ്റ സെർവിലൂടെ കൊറിയ കളി സമനിലയാക്കി. ഒരിക്കൽ അവർ മാച്ച്‌ പോയിന്റിന്‌ അടുത്തെത്തുകയും ചെയ്‌തു. എന്നാൽ, എറിൻ വർഗീസിന്റെ ചടുലപ്രകടനം സെറ്റും കളിയും പിടിച്ചുവാങ്ങി.

ദക്ഷിണകൊറിയ 27–-ാംറാങ്കുകാരാണ്‌. ഏഷ്യയിൽ നാല്‌. മൂന്നുതവണ സ്വർണവും ആറുതവണ വെള്ളിയും നേടിയിട്ടുണ്ട്‌.
19 ടീമുകൾ അണിനിരന്ന മത്സരത്തിൽ ഇന്ത്യ ഗ്രൂപ്പ്‌ ജേതാക്കളായി അവസാന 12ൽ സ്ഥാനംപിടിച്ചു. ആദ്യകളിയിൽ കംബോഡിയയെ തോൽപ്പിച്ചിരുന്നു. ഇന്ത്യയുടെ വോളി ടീം ഇതുവരെ സ്വർണം നേടിയിട്ടില്ല. 1962ൽ വെള്ളി നേടി. 1986ലും 1958ലും വെങ്കലം. ലോകത്ത്‌ 73–-ാം റാങ്ക്‌. ഏഷ്യയിൽ 19.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top