19 April Friday

കളം നിറയെ കോഹ്‌ലി ; എഴുതിത്തള്ളിയവർക്കും വിമർശകർക്കും ബാറ്റിലൂടെ മറുപടി

എസ് കിരൺബാബുUpdated: Sunday Jan 15, 2023

image credit bcci twitter


തിരുവനന്തപുരം
ഇല്ല , കോഹ്‌ലിയുഗം അവസാനിച്ചിട്ടില്ല. എഴുതിത്തള്ളിയവർക്കും വിമർശകർക്കും ബാറ്റിലൂടെ മറുപടി. അവസാന നാല്‌ ഏകദിനത്തിൽ മൂന്നിലും സെഞ്ചുറി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ രണ്ടാമത്തേത്‌. നാട്ടിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരവുമായി. ഇന്ത്യയിൽ 101 കളിയിൽ 21 ശതകങ്ങളായി വിരാട്‌ കോഹ്‌ലിക്ക്‌. സച്ചിൻ ടെൻഡുൽക്കറെ (20) മറികടന്നു. ഏകദിനത്തിലാകെ നാൽപ്പത്താറും. 49 സെഞ്ചുറിയുള്ള സച്ചിൻമാത്രമാണ്‌ മുന്നിൽ. കളിജീവിതത്തിലാകെ 74 തവണ ശതകംകുറിച്ചു.

ഏകദിന ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച റൺവേട്ടക്കാരിൽ അഞ്ചാംസ്ഥാനത്തേക്കും ഉയർന്നു. ശ്രീലങ്കയുടെ മഹേല ജയവർധനയെ (12,650) മറികടന്നു. കോഹ്‌ലിക്കിപ്പോൾ 268 ഇന്നിങ്‌സിൽനിന്നായി 12,754 റണ്ണായി.

മൂന്നുവർഷം ഒരു സെഞ്ചുറി പോലുമില്ലാതെയാണ്‌ കോഹ്‌ലി കളിച്ചത്‌. രാജ്യാന്തര വേദികളിൽ കാലിടറി. മാനസികമായി തളർന്നെന്നും മനസ്സുമടുത്തെത്തും ഒരു മാസത്തോളം ബാറ്റ്‌ തൊട്ടിട്ടില്ലെന്നും ഇക്കാലത്ത്‌ മുപ്പത്തിനാലുകാരൻ വെളിപ്പെടുത്തിയിരുന്നു. 2019 നവംബറിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ സെഞ്ചുറി നേടിയശേഷം കഴിഞ്ഞ സെപ്‌തംബറിൽ ട്വന്റി 20 ലോകകപ്പിൽ അഫ്‌ഗാനിസ്ഥാനെതിരെയാണ്‌ മൂന്നക്കം കണ്ടത്‌.

ലങ്കയ്‌ക്കെതിരായ പരമ്പരയിൽ മൂന്നുകളിയിൽ 283 റണ്ണാണ്‌ അടിച്ചുകൂട്ടിയത്‌. 113, 4, 166 എന്നിങ്ങനെയാണ്‌ സമ്പാദ്യം. എട്ട്‌ മാസങ്ങൾക്കപ്പുറം ലോകകപ്പാണ്‌. കോഹ്-ലി കാത്തിരിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top