24 April Wednesday
ബാക്കിയുള്ളത്‌ 2000 ടിക്കറ്റുകൾ

ഗ്രീൻഫീൽഡ്‌ 
പിടിക്കാൻ 
ഇന്ത്യയെത്തി ; ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 നാളെ

ജെയ്‌സൺ ഫ്രാൻസിസ്‌Updated: Tuesday Sep 27, 2022

ഇന്ത്യൻ താരങ്ങളായ ദീപക് ചഹാറും സൂര്യകുമാർ യാദവും 
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ / ഫോട്ടോ: ജി പ്രമോദ്


തിരുവനന്തപുരം
ലോകചാമ്പ്യന്മാരെ തകർത്ത കരുത്തുമായി ഇന്ത്യയെത്തി.  കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ ബുധനാഴ്‌ച ദക്ഷിണാഫ്രിക്കയെ നേരിടാൻ ടീം തയ്യാർ.
രോഹിത്‌ ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഹൈദരാബാദിൽനിന്ന് ഇന്നലെ വൈകിട്ട്‌ നാലരയോടെയാണ്‌ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത്‌.

കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ഭാരവാഹികൾ സ്വീകരിച്ചു. നിരവധി ആരാധകർ കളിക്കാരെ കാണാൻ കാത്തുനിന്നിരുന്നു. അവരോട്‌ കൈവീശി ടീം കോവളത്തെ ഹോട്ടലിലേക്ക്‌ പോയി. ഇന്ന്‌ ഗ്രീൻഫീൽഡിൽ  വൈകിട്ട്‌ അഞ്ചുമുതൽ രാത്രി എട്ടുവരെ ടീം പരിശീലനത്തിനിറങ്ങും. ദക്ഷിണാഫ്രിക്ക പകൽ ഒന്നുമുതൽ നാലുവരെയും പരിശീലിക്കും. അതിനുമുമ്പായി ഇരുടീമുകളുടെയും ക്യാപ്‌റ്റന്മാർ മാധ്യമങ്ങളെ കാണും. ടെംബ ബവുമ പകൽ 12.30നും രോഹിത്‌ശർമ വൈകിട്ട്‌ 4.30നും.

ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ വൈകീട്ട്‌ പരിശീലനത്തിന്‌ ഇറങ്ങി. ഗ്രീൻഫീൽഡിലേത്‌ നാലാമത്തെ രാജ്യാന്തര മത്സരമാണ്‌. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉൾപ്പെടെ കളി കാണാൻ എത്തും.

ബാക്കിയുള്ളത്‌ 2000 ടിക്കറ്റുകൾ
മത്സരത്തിന്റെ 2000 ടിക്കറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. 1500 രൂപയാണ് അപ്പര്‍ ടിയര്‍ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്.

സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ തിരിച്ചറിയൽകാർഡ്‌ കാണിക്കണം. ഒരു ഇമെയില്‍ ഐഡിയില്‍നിന്ന് ഒരാള്‍ക്ക് മൂന്ന്‌ ടിക്കറ്റുകളെടുക്കാം. അതിൽ ടിക്കറ്റ് എടുത്ത ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടിക്കറ്റിനൊപ്പം സ്വന്തം ഫോട്ടോ ഐഡി കാണിച്ച് മറ്റുള്ളവര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് help@insider.in  എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍വഴിയും ടിക്കറ്റ് എടുക്കാം.

ക്യാപ്റ്റൻ രോഹിത് ശർമ ടീം ബസിൽ ഹോട്ടലിലേക്ക് പോകുമ്പോൾ എയർപോർട്ടിൽ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യുന്നു

ക്യാപ്റ്റൻ രോഹിത് ശർമ ടീം ബസിൽ ഹോട്ടലിലേക്ക് പോകുമ്പോൾ എയർപോർട്ടിൽ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യുന്നു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top