20 April Saturday

ഇന്ത്യക്കായി 
ബാറ്റ്‌ ചെയ്യാൻ 
‘ക്യാപ്‌റ്റനും ടീച്ചറും’

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Wednesday Mar 8, 2023


കൊച്ചി
പരിമിതികളെ ബൗണ്ടറി കടത്തിയ ജംഷീലയും സാന്ദ്രയും ഇന്ത്യൻ വനിതാ ബ്ലൈൻഡ്‌ ക്രിക്കറ്റ്‌ ടീമിലേക്ക്‌. ദേശീയ ടീം സാധ്യതാപട്ടികയിൽ ഇടംനേടിയിരിക്കുകയാണ്‌ കേരളത്തിന്റെ സ്വന്തം ഓപ്പണർമാർ.

ഇതാദ്യമായാണ്‌ കാഴ്‌ചപരിമിതരുടെ ദേശീയ വനിതാ ടീം രൂപീകരിക്കുന്നത്‌. ‘തീവ്ര പരിശീലനത്തിലാണ്‌. ടീമിൽ സ്ഥാനം നേടണം. ദേശീയ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായതും ആത്മവിശ്വാസം പകരുന്നു’–-ജംഷീലയുടെയും സാന്ദ്രയുടെയും വാക്കുകളിൽ അഭിമാനവും ആഹ്ലാദവും. പാലക്കാട്‌ സ്വദേശിനിയാണ്‌ ക്രാഫ്‌റ്റ്‌ അധ്യാപികയായ ജംഷീല. ബിഎഡ്‌ ഒന്നാംവർഷ വിദ്യാർഥിനിയാണ്‌ തൃശൂരുകാരി സാന്ദ്ര ഡേവിസ്‌. ക്രിക്കറ്റ്‌ പ്രാണനാണ്‌ ഇരുവർക്കും. ഒരു കുട്ടിയുടെ അമ്മയായശേഷമാണ്‌ ജംഷീല ക്രീസിലെത്തിയത്‌. കൂട്ടുകാരിയെ പരിശീലനസ്ഥലത്താക്കാൻ ഒപ്പം പോയതായിരുന്നു. അവിടെയെത്തിയപ്പോൾ കളിക്കാനുള്ള ആഗ്രഹം പങ്കുവച്ചു, ഗ്രൗണ്ടിലിറങ്ങി. ഏറെ വൈകാതെ സംസ്ഥാന ടീമിലേക്ക്‌. കഴിഞ്ഞവർഷം നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ രണ്ട്‌ അർധസെഞ്ചുറികൾ നേടി. സച്ചിന്റെ കടുത്ത ആരാധികയാണ്‌ ക്രിക്കറ്റിലെ ‘ടീച്ചർ’.

കേരളത്തിന്റെ ക്യാപ്‌റ്റനാണ്‌ സാന്ദ്ര. കുട്ടിക്കാലത്തേ ക്രിക്കറ്റിനോട്‌ കൂട്ടായി. ആൺകുട്ടികൾക്കൊപ്പം കളിച്ചായിരുന്നു തുടക്കം. ഓൾ റൗണ്ടറാണ്‌. സ്‌മൃതി മന്ദാനയെ ഇഷ്ടപ്പെടുന്ന സാന്ദ്രയ്‌ക്ക്‌ അടിച്ചുകളിക്കാനാണിഷ്ടം. 2022ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ സാന്ദ്രയുടെ ബാറ്റിൽനിന്ന്‌ രണ്ട്‌ അർധശതകങ്ങൾ. ഒരു വിക്കറ്റും സ്വന്തമാക്കി. മൂന്നുവർഷമായി കേരളത്തിന്റെ ഓപ്പണറാണ്‌. ഒറ്റപ്പാലം എൻഎസ്‌എസ്‌ കോളേജിലാണ്‌ പഠിക്കുന്നത്‌. 26 മുതൽ 31 വരെ ഭോപ്പാലിലാണ്‌ സെലക്‌ഷൻ ക്യാമ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top