ന്യൂഡൽഹി
ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ ഒരുക്കത്തിന് മൂർച്ച പോര. ഓസ്‌ട്രേലിയയോടുള്ള പരമ്പര നഷ്ടത്തോടെ മധ്യനിര ബാറ്റർമാർ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. 2019 ലോകകപ്പിനുമുമ്പുതന്നെ പരിഹാരം തേടുന്ന നാലാംനമ്പർ ബാറ്റിങ് സ്ഥാനം ഇപ്പോഴും ചോദ്യച്ചിഹ്‌നമായി നിൽക്കുന്നു. പരിശീലകൻ രാഹുൽ ദ്രാവിഡ് നടത്തിവരുന്ന പരീക്ഷണങ്ങൾക്ക് ഇനിയും കൃത്യമായ ഫലം കിട്ടിയിട്ടില്ല.
ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഇപ്പോഴും 1990കളിലെ ബാറ്റിങ് രീതിയാണ് അവലംബിക്കുന്നതെന്ന് മുൻതാരങ്ങളുടെ കുറ്റപ്പെടുത്തൽ. ആദ്യ പവർപ്ലേയിൽ കൂടുതൽ റണ്ണടിക്കുകയെന്ന മറ്റു ടീമുകളുടെ ആശയം ഇന്ത്യൻ ടീം ഉൾക്കൊള്ളുന്നില്ല. പരമ്പരയിൽ ഓസീസ് ഓപ്പണർമാരായ മിച്ചെൽ മാർഷും ട്രവിസ് ഹെഡും ആ രീതി നല്ലരീതിയിൽ നടപ്പാക്കി. പ്രത്യേകിച്ചും രണ്ടാം ഏകദിനത്തിൽ.
നാലാംനമ്പറിൽ ഇപ്പോഴും പരീക്ഷണമാണ്. പരിക്കുകാരണം ഏറെക്കാലം പുറത്തിരിക്കേണ്ടിവരുന്ന ഋഷഭ് പന്തിന് ഒക്‌ടോബറിൽ നടക്കുന്ന ലോകകപ്പിൽ കളിക്കാനാകില്ല. പരിക്ക് ഇടയ്‌ക്കിടെ ശല്യപ്പെടുത്തുന്ന ശ്രേയസ് അയ്യറിന്റെ കാര്യത്തിലും ഉറപ്പില്ല. ശ്രേയസിന് കളിക്കാനായില്ലെങ്കിൽ ഇന്ത്യ വീണ്ടും സൂര്യകുമാറിനെത്തന്നെ ആശ്രയിക്കും. ക്യാപ്‌റ്റൻ രോഹിത് ശർമയുടെയും പരിശീലകൻ ദ്രാവിഡിന്റെയും വാക്കുകളിൽ തെളിയുന്നത് അതാണ്. ഇനി ജൂലൈയിലാണ് ഏകദിനം കളിക്കാനുള്ള അവസരം. ലോകകപ്പിന് തൊട്ടരികെയെത്തിയ സാഹചര്യത്തിൽ മറ്റു പരീക്ഷണങ്ങൾക്കൊന്നും ടീം മാനേജ്‌മെന്റ് മുതിർന്നേക്കില്ല.
തുടർച്ചയായ മൂന്ന് കളിയിൽ നേരിട്ട ആദ്യ പന്തിൽ പുറത്തായ സൂര്യകുമാറിന് പകരം മലയാളിതാരം സഞ്‌ജു സാംസൺ, വിക്കറ്റ് കീപ്പർ ബാറ്റർ രജത് പാട്ടിദാർ എന്നിവരെ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. സഞ്‌ജു ഏകദിനത്തിൽ കിട്ടിയ അവസരങ്ങളിലെല്ലാം മികച്ച രീതിയിൽ കളിച്ച ബാറ്ററാണ്. പാട്ടിദാറിന് ഇതുവരെ കൃത്യമായി അവസരം നൽകിയിട്ടില്ല. ശ്രേയസ് തിരികെയെത്തിയാലും ബൗൺസറുകൾക്ക് മുന്നിൽ പതറിപ്പോകുന്ന ദൗർബല്യം തിരിച്ചടിയാണ്.
സഞ്‌ജുവിന് വിക്കറ്റ് കീപ്പർ എന്ന മികവുമുണ്ട്. നിലവിൽ ലോകേഷ് രാഹുലാണ് വിക്കറ്റ് കീപ്പർ. അഞ്ചാംനമ്പറിൽ ബാറ്റിങ്ങിനും ഇറങ്ങുന്നു. ചെന്നൈയിലെ അവസാന ഏകദിനത്തിൽ നാലാംനമ്പറിലാണ് എത്തിയത്. എന്നാൽ, രാഹുലിന്റെ കളിരീതി പുതിയ ഏകദിനശൈലിക്ക് യോജിക്കുന്നതല്ല. പരമ്പരയിൽ ഇന്ത്യയുടെ മികച്ച റൺവേട്ടക്കാരനാണെങ്കിലും രാഹുലിന് അനായാസമായി കളിക്കാനായിട്ടില്ല. അവസാനമത്സരത്തിൽ നിരാശപ്പെടുത്തി. ക്രീസിലെത്തി 44–-ാമത്തെ പന്തിലാണ് ഒരു ഫോർ പായിക്കാനായത്. അതുവരെ 43 പന്തിൽ നേടിയത് 18 റൺ. അതിൽ 26 പന്തിൽ റണ്ണില്ല. 270 റൺ ലക്ഷ്യത്തിലേക്കുള്ള ഈ മെല്ലെപ്പോക്ക് കളിഗതി മാറുന്നതിന് ഒരു കാരണമായി.
50 പന്തിൽ 32 റണ്ണെടുത്താണ് പുറത്തായത്. വലിയ സ്‌കോർ പിന്തുടരുന്ന ഘട്ടത്തിൽ രാഹുലിന്റെ കളിശൈലി തിരിച്ചടിയാകും. സഞ്‌ജുവിനെ പകരക്കാരൻ വിക്കറ്റ് കീപ്പറാക്കാൻ ബിസിസിഐക്ക് ഉദ്ദേശ്യവുമില്ല. ഓൾറൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യ തിളങ്ങുന്നുണ്ടെങ്കിലും രവീന്ദ്ര ജഡേജയ്ക്ക് വേഗത്തിൽ റണ്ണടിക്കാനാകുന്നില്ല.രണ്ടാംഏകദിനത്തിൽ പേസർമാർക്കുമുന്നിലാണ് പതറിയതെങ്കിൽ അവസാന കളിയിൽ സ്‌പിന്നർമാരാണ് ഇന്ത്യൻ ബാറ്റർമാരെ തളച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..