25 April Thursday

ജയം തടഞ്ഞു ; കാൺപുർ ടെസ്‌റ്റിൽ ആവേശ സമനില

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

photo credit bcci twitter



കാൺപുർ
കന്നി ടെസ്റ്റിനിറങ്ങിയ രചിൻ രവീന്ദ്രയും വെളിച്ചക്കുറവും ഇന്ത്യയുടെ വിജയമോഹം കെടുത്തി. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡ് സമനില പൊരുതി നേടി. ഇരുപത്തിരണ്ടുകാരൻ രചിനാണ് കിവികൾക്ക് വിജയത്തോളം മധുരമുള്ള സമനിലയൊരുക്കിയത്. 284 റൺ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് അഞ്ചാംദിനം ഒമ്പതിന് 165 റൺ എടുത്തുനിൽക്കെ വെളിച്ചക്കുറവ് കാരണം കളി അവസാനിപ്പിച്ചു.

സ്കോർ: ഇന്ത്യ 345, 7–234 ഡി.; ന്യൂസിലൻഡ്‌ 296, 9–-165.
ശ്രേയസ് അയ്യരാണ് മാൻ ഓ-ഫ് ദി മാച്ച്.

ഒരുഘട്ടത്തിൽ ഇന്ത്യ ജയം പ്രതീക്ഷിച്ചു. കിവീസിന്റെ ഒമ്പതാംവിക്കറ്റ് 89.2 ഓവറിലാണ് വീണത്. ഒമ്പതോവറിൽ കൂടുതൽ ബാക്കി. ഒരറ്റത്ത് നങ്കൂരമിട്ട രചിനായിരുന്നു ഭീഷണി. എങ്കിലും പതിനൊന്നാമനായെത്തിയ അജാസ് പട്ടേലിനെ പിടിക്കാമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ അജിൻക്യ രഹാനെ കണക്കുകൂട്ടി. പക്ഷേ, ഇന്ത്യൻ സ്പിൻ ത്രയത്തെ അജാസും കൃത്യമായി പ്രതിരോധിച്ചതോടെ ആ മോഹം പൊലിഞ്ഞു. 52 പന്തുകളാണ് രചിൻ–അജാസ് സഖ്യം അതിജീവിച്ചത്. രചിൻ 91 പന്തിൽ 18 റണ്ണുമായി പുറത്താകാതെനിന്നു. അജാസ് 23 പന്ത് നേരിട്ടു. ഇതിനിടെ അമ്പയർമാർ വെളിച്ചം പരിശോധിച്ചു. നാലോവറെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ നിൽക്കുമ്പോൾ വെളിച്ചക്കുറവും തടസ്സമായി. ഒടുവിൽ രഹാനെയും കിവി ക്യാപ്റ്റൻ കെയ്ൻ വില്യംസണും കെെകൊടുത്ത് പിരിഞ്ഞു.

നാല് വിക്കറ്റുമായി രവീന്ദ്ര ജഡേജയാണ് അവസാനഘട്ടം ആവേശകരമാക്കിയത്. വില്യംസണെ (139 പന്തിൽ 24) പുറത്താക്കിയാണ് ജഡേജ വാതിൽതുറന്നത്. രണ്ട് റണ്ണെടുത്ത റോസ് ടെയ്-ലറെയും ജഡേജ മടക്കി. ഹെൻറി നിക്കോൾസിനെ (1) അക്സർ പട്ടേലും ടോം ബ്ലൻഡലിനെ (2) അശ്വിനും പുറത്താക്കി. ജാമിസണും (5) ടിം സൗത്തിയും (4) ജഡേജയുടെ തകർപ്പൻ പന്തുകളിൽ കീഴടങ്ങിയപ്പോൾ രചിനും അജാസും ചെറുത്തുനിന്നു.

അഞ്ചാംദിനം 1–4 റണ്ണെന്ന നിലയിൽ കളി തുടങ്ങിയ കിവികൾ ഉച്ചഭക്ഷണംവരെ ഇന്ത്യൻ ബൗളർമാരെ പരീക്ഷിച്ചു. ടോം ലാതവും രാത്രികാവൽക്കാരൻ വില്യം സോമെർവില്ലയും പിടികൊടുത്തില്ല. 76 റണ്ണാണ് ഈ സഖ്യം നേടിയത്. ബൗളർമാർക്ക് വലിയ പിന്തുണ കിട്ടാത്ത പിച്ചിൽ ഒരുഘട്ടത്തിൽ ജയംപോലും കിവികൾ പ്രതീക്ഷിച്ചു. എന്നാൽ ഇന്ത്യൻ ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ റണ്ണൊഴുക്ക് നിലച്ചു. കിവികൾ സമനിലയ്ക്കുമാത്രം പൊരുതി. 36 റണ്ണെടുത്ത സോമെർവില്ലെയെ പുറത്താക്കി അശ്വിനാണ് കളി തിരികെപ്പിടിച്ചത്. 52 റണ്ണെടുത്ത ലാതത്തെയും അശ്വിൻ മടക്കി. മൂന്ന് വിക്കറ്റാണ് അശ്വിൻ ആകെ നേടിയത്.

രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ഡിസംബർ മൂന്നിന് മുംബെെയിൽ നടക്കും. ക്യാപ്റ്റൻ വിരാട് കോഹ്-ലി തിരികെയെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top