29 March Friday
ഇന്ത്യക്ക് ഒന്നാം റാങ്ക് , ശുഭ്‌മാനും(112) രോഹിതിനും(101) സെഞ്ചുറി

റൺമല കയറി ഒന്നാമൻ ; 90 റൺ ജയത്തോടെ ഇന്ത്യ പരമ്പര തൂത്തുവാരി(3-0)

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

image credit bcci twitter


ഇൻഡോർ
ന്യൂസിലൻഡിനെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യ ഏകദിന ക്രിക്കറ്റ്‌ റാങ്കിങ്ങിൽ ഒന്നാമതെത്തി. മൂന്നാംമത്സരത്തിൽ 90 റണ്ണിനാണ്‌ ജയം. ആദ്യ രണ്ടുകളി ജയിച്ച്‌ പരമ്പര നേടിയിരുന്നു. ട്വന്റി20യിലും ഇന്ത്യക്ക്‌ ഒന്നാംറാങ്കാണ്‌. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നേടിയതിനുപിന്നാലെയുള്ള വിജയം ഒക്‌ടോബറിൽ നടക്കുന്ന ലോകകപ്പ്‌ ഒരുക്കത്തിന്‌ ഊർജമാകും.

സ്‌കോർ: ഇന്ത്യ 9–-385, ന്യൂസിലൻഡ്‌ 295 (41.2)

ഓപ്പണർമാരായ രോഹിത്‌ ശർമയും ശുഭ്‌മാൻ ഗില്ലും നടത്തിയ തകർപ്പൻ ബാറ്റിങ്ങാണ്‌ വിജയത്തിന്‌ അടിത്തറയൊരുക്കിയത്‌. ഇരുവരും സെഞ്ചുറി നേടി. രോഹിത്‌ 85 പന്തിൽ 101 റണ്ണടിച്ചു. ഒമ്പത്‌ ഫോറും ആറ്‌ സിക്‌സറും നിറഞ്ഞ ഇന്നിങ്സ്‌. പരമ്പരയിലുടനീളം മികച്ച ഫോമിലുള്ള ഗിൽ 78 പന്തിൽ 112 റൺ നേടി. അതിൽ 13 ഫോറും അഞ്ച്‌ സിക്‌സറും ഉൾപ്പെട്ടു. ഇരുവരും ചേർന്ന്‌ ഒന്നാംവിക്കറ്റിൽ നേടിയ 212 റൺ കിവീസിനെതിരെ റെക്കോഡാണ്‌. സെഞ്ചുറിയുമായി അവസാനംവരെ പൊരുതിയ ഓപ്പണർ ഡെവൻ കോൺവേക്ക്‌ (100 പന്തിൽ 138) വിജയം കൈപ്പിടിയിലൊതുക്കാനായില്ല. 25 റണ്ണും മൂന്ന് വിക്കറ്റുമെടുത്ത ശാർദുൽ ഠാക്കൂറാണ് കളിയിലെ താരം.

ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യക്കായി ഹാർദിക്‌ പാണ്ഡ്യ 38 പന്തിൽ 54 റൺ നേടി. വിരാട്‌ കോഹ്‌ലിയുടെ സമ്പാദ്യം 27 പന്തിൽ 36 റണ്ണാണ്‌.  ഇഷാൻ കിഷൻ (17), സൂര്യകുമാർ യാദവ്‌ (14), എന്നിവർ തിളങ്ങിയില്ല. 

ലോകകപ്പിനായി ശുഭ്‌മാൻ വരുന്നു
ഏകദിന ക്രിക്കറ്റിലെ താരമായി ശുഭ്‌മാൻ ഗിൽ. മൂന്ന്‌ കളിയിൽ അടിച്ചുകൂട്ടിയത്‌ 360 റൺ. മുമ്പ്‌ പാകിസ്ഥാന്റെ ബാബർ അസം മാത്രമാണ്‌ മൂന്ന്‌ കളിപരമ്പരയിൽ ഇത്രയും റൺ നേടിയിട്ടുള്ളത്‌. ആദ്യ ഏകദിനത്തിൽ 208 റൺ. രണ്ടാമത്തേതിൽ പുറത്താകാതെ 40. ഒടുവിൽ 112. ശ്രീലങ്കയ്‌ക്കെതിരെ 70, 21, 116 എന്നിങ്ങനെയായിരുന്നു ഇരുപത്തിമൂന്നുകാരന്റെ ഇന്നിങ്സ്‌. രണ്ട്‌ പരമ്പരയിലും ഗിൽ–-രോഹിത്‌ ശർമ സഖ്യം മികവുകാട്ടി. രോഹിതിന്റെ സ്‌കോർ 101, 51, 34, 83, 17, 42. ലോകകപ്പിൽ ഇന്ത്യ വേറെ ഓപ്പണർമാരെ തേടാനിടയില്ല.

മൂന്നുവർഷത്തിനുശേഷം രോഹിതിന്‌ സെഞ്ചുറി
സെഞ്ചുറിക്കായുള്ള മൂന്ന്‌ വർഷത്തെ കാത്തിരിപ്പ്‌ അവസാനിപ്പിച്ച്‌ ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത്‌ ശർമ. 2020 ജനുവരി 19ന്‌ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിലാണ്‌ രോഹിത്‌ അവസാനം മൂന്നക്കം കണ്ടത്‌. ന്യൂസിലൻഡിനെതിരെ 83 പന്തിലാണ്‌ ശതകം പൂർത്തിയാക്കിയത്‌.
രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി കണക്കിൽ ഓസ്‌ട്രേലിയൻ മുൻ ക്യാപ്‌റ്റൻ റിക്കി പോണ്ടിങ്ങിനൊപ്പവുമെത്തി. ഇരുവർക്കും 30 സെഞ്ചുറിയാണ്‌. ഓപ്പണറായെത്തി കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന ശ്രീലങ്കയുടെ സനത്‌ ജയസൂര്യയുടെ റെക്കോഡിനും പങ്കാളിയായി–-28 സെഞ്ചുറികൾ.

ഏകദിന ക്രിക്കറ്റിലെ കൂടുതൽ സെഞ്ചുറികൾ

സച്ചിൻ ടെൻഡുൽക്കർ     49
വിരാട്‌ കോഹ്‌ലി        46
രോഹിത്‌ ശർമ         30
റിക്കി പോണ്ടിങ്‌         30
സനത്‌ ജയസൂര്യ         28


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top