20 April Saturday

പരമ്പര തേടി ഇന്ത്യ ; അയർലൻഡുമായുള്ള രണ്ടാം ട്വന്റി–20 ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

image credit bcci twitter


ഡബ്ലിൻ
മഴപ്പേടിയിൽ ഇന്ന് ഇന്ത്യ–അയർലൻഡ് രണ്ടാം ട്വന്റി–20. ആദ്യകളിയിൽ ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ മുന്നിലാണ്. രണ്ടു മത്സരങ്ങളാണ് പരമ്പരയിൽ. മഴ രസംകൊല്ലിയായ ആദ്യകളിയിൽ 12 ഓവർവീതമാണ് കളി നടന്നത്. അയർലൻഡ് ഉയർത്തിയ 109 റൺ ലക്ഷ്യം 16 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.രാത്രി ഒമ്പതിനാണ് കളി.

ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയുണ്ട്. ഓപ്പണർ ‍ഋതുരാജ് ഗെയ്ക്ക്-വാദിന് പരിക്കാണ്. ആദ്യമത്സരത്തിൽ ഗെയ്-ക്ക്-വാദ് ബാറ്റ് ചെയ്യാനിറങ്ങിയിരുന്നില്ല. പകരം ഇഷാൻ കിഷനൊപ്പം ദീപക് ഹൂഡയാണ് ഇറങ്ങിയത്. ഹൂഡ 29 പന്തിൽ 47 റണ്ണെടുത്ത് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഋതുരാജിന് കണങ്കാലിന് പരിക്കാണെന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ അറിയിച്ചു.
ഋതുരാജ് ഇന്ന് കളിച്ചില്ലെങ്കിൽ മലയാളിതാരം സഞ്ജു സാംസണ് അവസരം കിട്ടിയേക്കും. രാഹുൽ തൃപാഠിയും അവസരം കാത്തുനിൽപ്പുണ്ട്. വെങ്കിടേഷ് അയ്യരും പരിഗണനാ പട്ടികയിലുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഹൂഡയ്ക്ക് കളിക്കാൻ അവസരം കിട്ടിയിരുന്നില്ല. അയർലൻഡിനെതിരെ കിട്ടിയ അവസരം മുതലാക്കാനും കഴിഞ്ഞു. പരിക്കിന്റെ ഇടവേള കഴിഞ്ഞെത്തിയ സൂര്യകുമാർ യാദവിന് പുതിയ തുടക്കം മികച്ചതായില്ല. നേരിട്ട ആദ്യപന്തിൽത്തന്നെ പുറത്തായി.

ബൗളർമാരിൽ ഉമ്രാൻ മാലിക് കളിക്കാനായെങ്കിലും ഒരോവർമാത്രമേ എറിഞ്ഞുള്ളൂ. അതിൽ 14 റണ്ണാണ് വിട്ടുകൊടുത്തത്. ഉമ്രാൻ ഇന്നും കളിച്ചേക്കും.  മറ്റൊരു പേസർ അർഷ്ദീപ് സിങ്ങിന് ഇതുവരെ അവസരം കിട്ടിയില്ല.  അയർലൻഡ് പോരാട്ടവീര്യം പുറത്തെടുത്തു. 33 പന്തിൽ 64 റണ്ണെടുത്ത ഹാരി ഹെക്ടർ ഇന്ത്യൻ ബൗളർമാരെ കാര്യക്ഷമമായി നേരിട്ടു. മഴയാണ് രണ്ടാം ട്വന്റി–20യിലും ആശങ്ക. ആദ്യമത്സരം രണ്ടുമണിക്കൂർ വെെകിയാണ് ആരംഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top