25 April Thursday
ഗുസ്തിയിൽ ആറ് മെഡൽ

ഗോദ നിറയെ പൊന്ന് ; ബജ്‌രങ്, സാക്ഷി, 
ദീപക് സ്വർണം നേടി , അൻഷുവിന് വെള്ളി , ദിവ്യക്കും മോഹിതിനും വെങ്കലം

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

image credit twitter

ബർമിങ്ഹാം
ഗുസ്തിക്കളത്തിൽ പൊന്നുനിറച്ച് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ കുതിപ്പ്. പുരുഷ 65 കിലോ ഫ്രീസ്റ്റെെൽ വിഭാഗത്തിൽ ബജ്-രങ് പുണിയയും 86 കിലോയിൽ ദീപക് പുണിയയും വനിതകളുടെ 62 കിലോയിൽ സാക്ഷി മാലിക്കും  പൊന്നണിഞ്ഞു. അൻഷു മാലിക്കിലൂടെ വെള്ളിയും ഗുസ്തിയിൽനിന്ന് നേടി. ദിവ്യ കക്രൻ 68 കിലോയിലും മോഹിത് ഗ്രെവാൾ പുരുഷ 125 കിലോയിലും വെങ്കലം സ്വന്തമാക്കി. ഗെയിംസിൽ ഇന്ത്യക്ക് ഒമ്പത് സ്വർണവും എട്ട് വെള്ളിയും ഒമ്പത് വെങ്കലവുമായി. 26 മെഡലുകളുമായി അഞ്ചാംസ്ഥാനം.

പുരുഷന്മാരുടെ 65 കിലോയിൽ ബജ്-രങ് ആദ്യറൗണ്ടുമുതൽ തകർപ്പൻ പ്രകടനം പുറത്തെടുത്തു. പ്രീ ക്വാർട്ടറിൽ നൗറുവിന്റെ ലോവെ ബിങ്ഹാമിനെ 4–0ന് കീഴടക്കി. ക്വാർട്ടറിൽ മൗറീഷ്യസിന്റെ ജോറിസ് ബൻഡൗവിനെ 6–0ന് തകർത്തു. സെമിയിൽ ഇംഗ്ലണ്ടിന്റെ ജോർജ് റാമ്മിനെയാണ് വീഴ്ത്തിയത് (10–0). ഒന്നരമിനിറ്റിൽ എതിരാളിയെ കീഴടക്കി. ഫെെനലിൽ ക്യാനഡയുടെ ലക്-ലാൻ മക്-ലീനിനെ ആവേശകരമായ പോരാട്ടത്തിൽ ബജ്-രങ് മറികടന്നു (9–2).

ഒളിമ്പിക് വെങ്കല മെഡൽ ജേതാവായ സാക്ഷി ഫെെനലിൽ ക്യാനഡയുടെ അന്ന ഗോൺസാലസിനെ മലർത്തിയടിച്ചു. പിന്നിലായശേഷമായിരുന്നു സാക്ഷിയുടെ തിരിച്ചുവരവ്. ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ കെൽസി ബാൺസിനെ തകർത്തു. സെമിയിൽ കാമറൂണിന്റെ എറ്റാനെ എൻഗോളിയെയും ഒരു മിനിറ്റിൽ കീഴടക്കി.

ദീപക് പുണിയ നിലവിലെ ചാമ്പ്യൻ പാകിസ്ഥാന്റെ മുഹമ്മദ് ഇനാമിനെ (3–0) കടുത്ത പോരാട്ടത്തിൽ മറികടന്ന് സ്വർണംനേടി.  പ്രീ ക്വാർട്ടറിൽ ന്യൂസിലൻഡിന്റെ മാത്യു ഒക്സെൻഹാമിനെ വീഴ്ത്തി. ക്വാർട്ടറിൽ സിയറ ലിയോണിന്റെ ഷെകു കസെംഗാമയെയും സെമിയിൽ ക്യാനഡയുടെ അലക്സാണ്ടർ മൂറിനെയും തോൽപ്പിച്ചു.

വനിതകളുടെ  57 കിലോ ഫ്രീസ്റ്റെെൽ വിഭാഗത്തിൽ അൻഷു മാലിക്ക് നെെജീരിയയുടെ ഒഡുനായോ അഡെകുറോയെയോട് കടുത്ത പോരാട്ടത്തിൽ കീഴടങ്ങി (3–7). മത്സരത്തിന്റെ ആദ്യഘട്ടത്തിൽ നെെജീരിയക്കാരിയുടെ കരുത്തിനുമുന്നിൽ അൻഷുവിന് പിടിച്ചുനിൽക്കാനായില്ല.
ക്വാർട്ടറിൽ ഓസ്ട്രേലിയയുടെ ഐറിൻ സിമോണിഡിസിനെ 10–0ന് കീഴടക്കിയ അൻഷു സെമിയിൽ ശ്രീലങ്കയുടെ നെത്മി പൊറുതൊട്ടാഗയെ നിലംപരിശാക്കി.

വെങ്കല മെഡലിനുള്ള പോരാട്ടത്തിൽ ദിവ്യ കക്രൻ 26 സെക്കൻഡിൽ ടോംഗയുടെ കോക്കർ ലെമാലിയെ വീഴ‍്ത്തി. പുരുഷന്മാരുടെ 125 കിലോയിൽ മോഹിത് ഗ്രെവാൾ ജമെെക്കയുടെ ആരോൺ ജോൺസണെ കീഴടക്കിയാണ് വെങ്കലം നേടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top