09 December Saturday

ഗോളിൽ മുങ്ങി ; ഏഷ്യൻ ഗെയിംസ്‌ ഫുട്‌ബോളിൽ ചൈനയോട്‌ ഇന്ത്യ കീഴടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023


ഹാങ്‌ചൗ
അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. ഏഷ്യൻ ഗെയിംസ്‌ ഫുട്‌ബോളിൽ കരുത്തുറ്റ ചൈനീസ്‌ നിരയോട്‌ ഇന്ത്യ കീഴടങ്ങി. 5–-1ന്റെ കനത്ത തോൽവി. ആദ്യപകുതിയുടെ അവസാനം മലയാളിതാരം കെ പി രാഹുൽ കുറിച്ച സുന്ദരഗോൾ മാത്രമാണ്‌ കളിയിൽ ഇന്ത്യക്ക്‌ ആകെ ഓർമിക്കാനുണ്ടായത്‌. ചൈനക്കായി താവോ ക്വിയാൻഗ്ലോങ്‌ ഇരട്ടഗോൾ നേടി. ഗാവോ തിയാനി, ദായ്‌ വെയ്‌ൻ, ഫാങ്‌ ഹവോ എന്നിവരും ലക്ഷ്യം കണ്ടു. ആദ്യപകുതിയിൽ 1–-1 എന്ന നിലയിലായിരുന്നു. എന്നാൽ, ഇടവേളയ്‌ക്കുശേഷം ഇന്ത്യയെ ഗോളിൽ മുക്കി ആതിഥേയർ.

മത്സരത്തലേന്നുമാത്രം ചൈനയിൽ എത്തിയ ഇന്ത്യൻ ടീം പരിശീലനമോ, തയ്യാറെടുപ്പോ ഇല്ലാതെയാണ്‌ ആദ്യ കളിക്കിറങ്ങിയത്‌. മിക്ക താരങ്ങളും ഒന്നിച്ച്‌ പന്തുതട്ടുന്നത്‌ ആദ്യം. വിങ്ങുകളിലും മധ്യനിരയിലും പരിചയസമ്പന്നർ ഉണ്ടായിരുന്നില്ല. ക്യാപ്‌റ്റൻ സുനിൽ ഛേത്രി, സന്ദേശ്‌ ജിങ്കൻ എന്നിവർ ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടു. രാഹുലിനെ കൂടാതെ മറ്റൊരു മലയാളി അബ്‌ദുൽ റബീഹും ഇന്ത്യൻ നിരയിലിറങ്ങി. തുടക്കം ചൈനയെ പിടിച്ചുനിർത്തി ഇഗർ സ്റ്റിമച്ചിന്റെ സംഘം. എന്നാൽ, പതിനേഴാംമിനിറ്റിൽ ആതിഥേയർ മുന്നിലെത്തി. കോർണറിൽനിന്നുള്ള നീക്കം ഗാവോ വലയിലാക്കി. പിന്നാലെ പെനൽറ്റി വഴങ്ങിയെങ്കിലും ഗോളി ഗുർമീത്‌ സിങ്‌ തട്ടിയകറ്റി. ഇടവേളയ്‌ക്ക്‌ പിരിയുംമുമ്പേയാണ്‌ രാഹുലിന്റെ മിന്നുംഗോൾ പിറന്നത്‌. വലതുവശത്തുനിന്ന്‌ റബീഹ്‌ നൽകിയ പന്തുമായി ഇരുപത്തിമൂന്നുകാരന്റെ ഒറ്റയാൻ മുന്നേറ്റം. ചൈനീസ്‌ പ്രതിരോധക്കാരെ മറികടന്ന്‌ ബോക്‌സിനുള്ളിൽ വലതുകോണിൽനിന്നുമുള്ള വലംകാലടി ചൈനീസ്‌ ഗോളിയെ നിഷ്‌പ്രഭനാക്കി വലയിലായി. 2010നുശേഷം ഇന്ത്യയുടെ ഏഷ്യൻ ഗെയിംസിലെ ആദ്യ ഗോളാണിത്‌.

രണ്ടാംപകുതി ചൈന വാണു. ഇന്ത്യൻ പ്രതിരോധത്തിന്‌ പിടിച്ചുനിൽക്കാനായില്ല. നാളെ ബംഗ്ലാദേശുമായാണ്‌ അടുത്തമത്സരം. 24ന്‌ മ്യാൻമറിനെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top