19 April Friday

ഇഷാൻ ഒരുങ്ങി, ഇന്ത്യയും; പരിശീലന മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

ദുബായ്‌ > ഓപ്പണറായി ഇറങ്ങി മൂന്ന്‌ സിക്‌സറും ഏഴ്‌ ഫോറും പറത്തിയ ഇഷാൻ കിഷൻ ട്വന്റി–-20 ക്രിക്കറ്റ്‌ ലോകകപ്പിന്‌ ഒരുങ്ങി. ഇംഗ്ലണ്ടിനെതിരായ പരിശീലനമത്സരത്തിൽ 46 പന്തിൽ 70 റണ്ണടിച്ച ഇഷാന്റെ മികവിൽ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം. സ്‌കോർ: ഇംഗ്ലണ്ട്‌ 5–-188, ഇന്ത്യ 3–-192(19).

കെ എൽ രാഹുലിനൊപ്പം (24 പന്തിൽ 51) ഓപ്പണറായി എത്തിയ ബിഹാറിൽനിന്നുള്ള ഇരുപത്തിമൂന്നുകാരൻ ഇന്ത്യയുടെ വിജയമുറപ്പിച്ചാണ്‌ മടങ്ങിയത്‌. മൂന്നുതവണ ഇഷാനെ പിടികൂടാനുള്ള അവസരം നഷ്‌ടപ്പെടുത്തിയ ഇംഗ്ലണ്ടിന്‌ വലിയ വില നൽകേണ്ടിവന്നു. ഒടുവിൽ ഇഷാൻ കളി മതിയാക്കി (റിട്ടയേർഡ്‌) മടങ്ങി.  ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിക്കും (11) സൂര്യകുമാർ യാദവിനും (8) തിളങ്ങാനായില്ല. ഋഷഭ്‌ പന്തും (29) ഹാർദിക്‌ പാണ്ഡ്യയും (12) വിജയം പൂർത്തിയാക്കി.

ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റെടുത്ത ഇംഗ്ലണ്ടിന്‌ ജോണി ബെയർസ്‌റ്റോയും (49) മൊയീൻ അലിയും (20 പന്തിൽ 43*)  തുണയായി.  ഇന്ത്യക്കായി മുഹമ്മദ്‌ ഷമി മൂന്ന്‌ വിക്കറ്റെടുത്തു. മങ്ങിപ്പോയ ഭുവനേശ്വർ കുമാർ അവസാന ഓവറിലെ 21 അടക്കം 54 റൺ വഴങ്ങി.

അവസാന പരിശീലനമത്സരം നാളെ ഓസ്‌ട്രേലിയക്കെതിരെ പകൽ മൂന്നരയ്‌ക്കാണ്‌.

ഓസ്ട്രേലിയ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെ  മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു. 159 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് ഒരു പന്ത് ശേഷിക്കെ ജയം നേടി. കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്ണെടുത്തത്. 35 റണ്ണെടുത്ത സ്റ്റീവൻ സ്മിത്ത് ഓസീസ് നിരയിൽ തിളങ്ങി.

അയർലൻഡിന്‌ ജയം; കാംപെർ 4/4

അബുദാബി > നാല്‌ പന്തിൽ നാല്‌ വിക്കറ്റെടുത്ത്‌ അയർലൻഡിന്റെ മീഡിയം പേസർ കർടിസ്‌ കാംപെർ ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റിൽ താരമായി. നെതർലൻഡ്‌സിനെതിരായ പ്രാഥമികറൗണ്ട്‌ മത്സരത്തിലാണ്‌ അപൂർവനേട്ടം. അയർലൻഡ്‌ ഏഴ്‌ വിക്കറ്റിന്‌ ജയിച്ചു. സ്‌കോർ: നെതർലൻഡ്‌സ്‌ 106, അയർലൻഡ്‌ 3–-107 (15.1).

 ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കളിക്കാരനാണ്‌. അഫ്‌ഗാനിസ്ഥാൻ സ്‌പിന്നർ റഷീദ്‌ഖാൻ 2019ൽ അയർലൻഡിനെതിരെ നാല്‌ വിക്കറ്റെടുത്തു. അതേവർഷം ലങ്കൻ പേസർ ലസിത്‌ മലിംഗ ന്യൂസിലൻഡിനെതിരെ സമാന നേട്ടം സ്വന്തമാക്കി. ട്വന്റി 20 ക്രിക്കറ്റിൽ ബ്രെറ്റ്‌ലീക്കുശേഷം ഹാട്രിക്‌ നേടുന്ന താരമെന്ന ബഹുമതിയും ഇരുപത്തിരണ്ടുകാരൻ  നേടി.

പത്താം ഓവറിലാണ്‌ വിക്കറ്റുകൾ കൊഴിഞ്ഞത്‌. ആദ്യപന്ത്‌ വൈഡായി. അടുത്തപന്തിൽ റണ്ണില്ല. തൊട്ടടുത്തപന്തിൽ ആക്കർമാന്റെ (11) വിക്കറ്റാണ്‌ നേടിയത്‌. വിക്കറ്റ്‌കീപ്പർ പിടിച്ചത്‌ അമ്പയർ കണ്ടില്ല. അയർലൻഡ്‌ നൽകിയ റിവ്യൂയിലാണ്‌ ആദ്യ വിക്കറ്റ്‌. തുടർന്ന്‌ ടെൻ ഡസ്‌കേറ്റും സ്‌കോട്ട്‌ എഡ്‌വേർഡ്‌സും വിക്കറ്റിനുമുന്നിൽ കുരുങ്ങി. വാൻഡർ മെർവി ബൗൾഡായി. 2–-51 സ്‌കോറിൽനിന്നു നെതർലൻഡ്‌സ്‌ 6–-51ലേക്ക്‌ കൂപ്പുകുത്തി. ഓപ്പണർ മാക്‌സ്‌ ഓഡൗഡ്‌ നേടിയ 51 റണ്ണാണ്‌ സ്‌കോർ 100 കടത്തിയത്‌.

അയർലൻഡ്‌ അനായാസം ലക്ഷ്യത്തിലെത്തി. ഗാരത്ത്‌ ഡിലനി 44 റണ്ണെടുത്തു.

ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്ക നമീബിയയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു.  നമീബിയ 19.3 ഓവറിൽ 96 റണ്ണിന് പുറത്തായി. ലങ്ക 13.3 ഓവറിൽ ജയം നേടി. 27 പന്തിൽ 42 റണ്ണുമായി പുറത്താകാതെനിന്ന ഭനുക രജപക്സെ ലങ്കയുടെ ജയം എളുപ്പമാക്കി.
ലങ്കയ്ക്കായി മഹീഷ് തീക്ഷണ മൂന്ന് വിക്കറ്റെടുത്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top