നാഗ്‌പുർ
ഏകദിനത്തിന്റെയും ട്വന്റി 20യുടെയും ചടുല നീക്കങ്ങൾക്ക് തൽക്കാലം വിരാമം. ഇനി ടെസ്‌റ്റ് ക്രിക്കറ്റിന്റെ നാളുകൾ. ഇടവേളയ്‌ക്കുശേഷം ബോർഡർ–-ഗാവസ്‌കർ ട്രോഫിയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖമെത്തുന്നു. നാഗ്‌പുരിലാണ് ഇന്ന് കളി. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ് ഫൈനൽ മുന്നിൽനിൽക്കെ ഇരു ടീമുകളും ജാഗ്രതയോടെയാണ് ഇറങ്ങുന്നത്. നാല് കളിയാണ് പരമ്പരയിൽ. ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ ഓസീസ് ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്.
ബോർഡർ–-ഗാവസ്‌കർ ട്രോഫിയിൽ അവസാന മൂന്ന് പരമ്പരയും സ്വന്തമാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതിൽ അവസാനത്തെ രണ്ടും ഓസീസിലായിരുന്നു. ഇന്ത്യയിൽ അവസാന 10 പരമ്പരയിൽ ഒരെണ്ണംമാത്രമാണ് ഓസീസിന് നേടാനായത്. മറുവശത്ത് ബ്രിസ്‌ബെയ്‌നിലെ ഐതിഹാസിക ജയത്തിന്റെ ഓർമകളിലാണ് ഇന്ത്യ. 2021ലെ പരമ്പരയിൽ ബ്രിസ്‌ബെയ്‌നിൽ നടന്ന അവസാന ടെസ്‌റ്റിൽ മൂന്ന് വിക്കറ്റിന് ജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. ഋഷഭ് പന്തിന്റെയും വാഷിങ്‌ടൺ സുന്ദറിന്റെയും വീരോചിത പ്രകടനമായിരുന്നു ആ ടെസ്‌റ്റിലെ ആവേശക്കാഴ്‌ച. നിലവിൽ ഇരുവരും ടീമിലില്ല. പന്ത് കാറപകടത്തെത്തുടർന്ന് ചികിത്സയിലാണ്. ഈ ഇടംകൈയന്റെ അഭാവം ഇന്ത്യയെ ക്ഷീണിപ്പിക്കും.ക്യാപ്‌റ്റൻ രോഹിത് ശർമയുടെ ഏറ്റവും വലിയ പരീക്ഷണമാണ് മുന്നിൽ. ക്യാപ്‌റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും നിർണായകമായിരിക്കും ഈ പരമ്പര.
സ്‌പിന്നർമാരെ തുണയ്‌ക്കുന്ന പിച്ചിൽ ആർ അശ്വിനായിരിക്കും ഇന്ത്യയുടെ കുന്തമുന. ഓസീസ് ഇന്ത്യൻ മണ്ണിൽ അവസാനമെത്തിയ ഘട്ടങ്ങളിലെല്ലാം അശ്വിനായിരുന്നു ഭീഷണി. ഈ സ്‌പിന്നറെ പഠിക്കാൻ, അതേ രീതിയിൽ പന്തെറിയുന്ന ഒരു ബൗളറെ ഓസീസ് ബാറ്റർമാർ പരിശീലനത്തിന് ഉപയോഗിച്ചിരുന്നു. സ്‌പിൻ നിര നീണ്ടതാണ്. പരിക്കുമാറിയെത്തുന്ന രവീന്ദ്ര ജഡേജയാണ് സംഘത്തിലെ മറ്റൊരു പ്രധാനി. ബാറ്റ് കൊണ്ടും മിന്നുന്ന ജഡേജയ്‌ക്ക് നീണ്ട ഇടവേള നൽകിയ ആലസ്യം മറികടക്കാൻ കഴിയുമോ എന്നത് കാത്തിരുന്ന് കാണാം. കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, ജയന്ത് യാദവ് എന്നിവരാണ് മറ്റ് സ്‌പിന്നർമാർ.

image credit bcci twitter
ഓസീസ് ടീമിലെ ആദ്യ ഏഴുപേരിൽ നാലും ഇടംകൈയൻമാരാണ്. അശ്വിൻ ഇവർക്ക് ഭീഷണിയാണ്. എങ്കിലും ഒരേ മികവിൽ ബാറ്റ് ചെയ്യുന്ന സ്‌റ്റീവൻ സ്‌മിത്തും മാർണസ് ലബുഷെയ്‌നും ഓസീസ് ബാറ്റിങ് നിരയ്‌ക്ക് നൽകുന്ന കരുത്ത് ചെറുതല്ല. സ്‌മിത്ത്–-അശ്വിൻ പോരാട്ടം ആവേശമുണ്ടാക്കും.
ഇന്ത്യൻ നിരയിൽ ഏറ്റവും ശ്രദ്ധയോടെ കാണുന്ന ബാറ്റർമാർ വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയുമാണ്. ഏകദിനത്തിൽ രണ്ട് സെഞ്ചുറികളുമായി മികവ് വീണ്ടെടുത്ത കോഹ്‌ലി ടെസ്‌റ്റിലും തിളങ്ങിയാൽ ഇന്ത്യക്ക് വലിയ ഗുണമാകും. ഓപ്പണിങ് സ്ഥാനത്ത് രോഹിതിനൊപ്പം ലോകേഷ് രാഹുലിനായിരിക്കും സ്ഥാനം. റണ്ണടിച്ച് മുന്നേറുന്ന യുവതാരം ശുഭ്‌മാൻ ഗില്ലിനെ എവിടെ കളിപ്പിക്കുമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്.
പേസർമാരിൽ ജസ്‌പ്രീത് ബുമ്രയുടെ അഭാവം ക്ഷീണം ചെയ്യും. മുഹമ്മദ് ഷമിയാണ് പേസ് നിരയെ നയിക്കുന്നത്. മുഹമ്മദ് സിറാജ് നിർണായക സാന്നിധ്യമായേക്കും. പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസീസ് ടീമിൽ പേസർമാരായ മിച്ചെൽ സ്‌റ്റാർക്കും ജോഷ് ഹാസെൽവുഡിനും കളിക്കാനാകാത്തത് തിരിച്ചടിയാണ്. ഇന്ത്യൻ മണ്ണിൽ മികച്ച റെക്കോഡുള്ള സ്‌പിന്നർ നതാൻ ല്യോണിലാണ് അവരുടെ പ്രതീക്ഷ. കൂട്ടിന് ആഷ്‌ടൺ ആഗറുമുണ്ട്.
ഇന്ത്യൻ സാധ്യതാ ടീം–- രോഹിത് ശർമ, ലോകേഷ് രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, ശുഭ്‌മാൻ ഗിൽ/സൂര്യകുമാർ യാദവ്, കെ എസ് ഭരത്, ആർ അശ്വിൻ, അക്‌സർ പട്ടേൽ/കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയൻ സാധ്യതാ ടീം–- ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർണസ് ലബുഷെയ്‌ൻ, സ്‌റ്റീവൻ സ്‌മിത്ത്, ട്രവിസ് ഹെഡ്, പീറ്റർ ഹാൻഡ്‌സ്‌കോമ്പ്, അലെക്‌സ് കാരി, പാറ്റ് കമ്മിൻസ്, ആഷ്‌ടൺ ആഗർ/ടോഡ് മർഫി, -നതാൻ ല്യോൺ, സ്‌കോട് ബോളൻഡ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..