18 April Thursday

ഒരുങ്ങുന്നത് സ്‌പിൻ തന്ത്രം ; ഇന്ത്യ ഓസ്‌ട്രേലിയ ടെസ്‌റ്റ്‌ പരമ്പരയ്‌ക്ക്‌ നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023


നാഗ്‌പുർ
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക്‌ നാളെ നാഗ്‌പുരിൽ തുടക്കം. ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിൽ ആദ്യ രണ്ട്‌ സ്ഥാനക്കാർ തമ്മിലുള്ള പോരാണ്‌. ദക്ഷിണാഫ്രിക്കയെ തകർത്തുവന്ന ഓസീസ്‌ ഏറെക്കുറെ ഫൈനൽ ഉറപ്പിച്ചു. രണ്ടാമതുള്ള ഇന്ത്യക്ക്‌ ഓസീസിനെതിരെ മികച്ച പ്രകടനം അനിവാര്യമാണ്‌. നാല്‌ മത്സരങ്ങളാണ്‌ പരമ്പരയിൽ.

ബാറ്റിങ്‌ നിരയുടെ കരുത്തുമായാണ്‌ ഇന്ത്യ ഇറങ്ങുന്നത്‌. ഓസീസിന്‌ പേസർമാരുടെ പരിക്കാണ്‌ ആശങ്ക. രോഹിത്‌ ശർമ നയിക്കുന്ന ഇന്ത്യൻ ടീമിൽ വിരാട്‌ കോഹ്‌ലി, ചേതേശ്വർ പൂജാര, ലോകേഷ്‌ രാഹുൽ എന്നിവരാണ്‌ ബാറ്റിങ്‌ നിരയിലെ പ്രധാനികൾ. യുവതാരം ശുഭ്‌മാൻ ഗിൽ മികച്ച ഫോമിലാണ്‌. ട്വന്റി 20 താരം സൂര്യകുമാറിന്റെ ടെസ്‌റ്റ്‌ അരങ്ങേറ്റംകൂടിയാകും ഈ പരമ്പര. അതേസമയം, കാറപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിൽ കഴിയുന്ന ഋഷഭ്‌ പന്തിന്റെ അഭാവം തിരിച്ചടിയായേക്കും.

രാഹുലിനെ കൂടാതെ ശ്രീകർ ഭരത്‌, ഇഷാൻ കിഷൻ എന്നിവരാണ്‌ ടീമിലെ മറ്റ്‌ വിക്കറ്റ്‌ കീപ്പർമാർ. പേസ്‌നിരയിൽ ജസ്‌പ്രീത്‌ ബുമ്രയുടെ അഭാവമാണ്‌ ശ്രദ്ധേയം. ആദ്യ രണ്ട്‌ ടെസ്‌റ്റിലും ബുമ്ര കളിക്കില്ല. മുഹമ്മദ്‌ ഷമി, മുഹമ്മദ്‌ സിറാജ്‌, ഉമേഷ്‌ യാദവ്‌, ജയദേവ്‌ ഉനദ്‌ഘട്ട്‌ എന്നിവർ പേസ്‌ നിരയിലുണ്ട്‌.
ഓൾറൗണ്ടർ നിരയിൽ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ്‌ ഗുണം ചെയ്യും. ആർ അശ്വിനാണ്‌ ടീമിന്റെ കുന്തമുന. ഓസീസ്‌ ബാറ്റിങ്‌ നിര ഏറെ ഭയക്കുന്നതും അശ്വിന്റെ സ്‌പിൻ ബൗളിങ്ങിനെയാണ്‌. സ്‌പിൻ വിഭാഗത്തിൽ ഈ രണ്ടുപേരെ കൂടാതെ അക്‌സർ പട്ടേൽ, കുൽദീപ്‌ യാദവ്‌, ജയന്ത്‌ യാദവ്‌ എന്നിവരുമുണ്ട്‌.

മറുവശത്ത്‌ മിച്ചെൽ സ്‌റ്റാർക്ക്‌, ജോഷ്‌ ഹാസെൽവുഡ്‌, കാമറൂൺ ഗ്രീൻ എന്നിവരുടെ അഭാവം എങ്ങനെ മറികടക്കുമന്ന ആശങ്കയിലാണ്‌ ഓസീസ്‌ ടീം. പേസർ പാറ്റ്‌ കമ്മിൻസാണ്‌ ടീം ക്യാപ്‌റ്റൻ. ഡേവിഡ്‌ വാർണർ, വൈസ്‌ ക്യാപ്‌റ്റൻ സ്‌റ്റീവൻ സ്‌മിത്ത്‌, മാർണസ്‌ ലബുഷെയ്‌ൻ, ഉസ്‌മാൻ ഖവാജ, ട്രവിസ്‌ ഹെഡ്‌ എന്നിവരുൾപ്പെട്ട ബാറ്റിങ്‌ നിര മികച്ചതാണ്‌.

നതാൻ ല്യോൺ നയിക്കുന്ന സ്‌പിൻ വിഭാഗവും മികച്ചതാണ്‌. ടോഡ്‌ മർഫി, മിച്ചെൽ സ്വെപ്‌സൺ, ആഷ്‌ടൺ ആഗർ എന്നിവരാണ്‌ സ്‌പിൻ വിഭാഗത്തിലെ മറ്റുള്ളവർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top