25 April Thursday

ഏകദിന പരമ്പര: ഒരുക്കം മികച്ചതാക്കാൻ രോഹിത് ശർമയും കൂട്ടരും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

twitter.com/BCCI/status

മൊഹാലി> ഏഷ്യാ കപ്പിൽ താളം തെറ്റിയെങ്കിലും ലോകകപ്പിലേക്കുള്ള ഒരുക്കം മികച്ചതാക്കാൻ രോഹിത് ശർമയും കൂട്ടരും ഇന്ന് ഇറങ്ങുന്നു. ഓസ്ട്രേലിയയാണ് എതിരാളികൾ. രാത്രി 7.30നാണ് കളി. ഓസീസിനെതിരെ മൂന്ന് മത്സരമാണ് ഇന്ത്യക്ക്. അതുകഴിഞ്ഞ് ദക്ഷിണാഫ്രിക്കയുമായി മൂന്ന് മത്സരം കളിക്കും. തുടർന്ന് ലോകകപ്പിനായി പറക്കും.

വൻ പ്രതീക്ഷയോടെ ഏഷ്യാ കപ്പിന് ഇറങ്ങിയ ഇന്ത്യൻസംഘം ഫെെനലിൽപോലും കടക്കാതെയാണ് തിരിച്ചെത്തിയത്. പാകിസ്ഥാനോടും ശ്രീലങ്കയോടും തോറ്റായിരുന്നു മടക്കം. എന്നാൽ, പിഴവുകൾ തിരുത്തി തിരിച്ചെത്താനാണ് ഇന്ത്യൻ ടീമിന്റെ ശ്രമം. ലോകകപ്പ് ടീം പ്രഖ്യാപിച്ചശേഷമുള്ള ആദ്യ മത്സരംകൂടിയാണിത്.
ബൗളിങ്നിര സുശക്തമാണ്. ജസ്‌പ്രീത് ബുമ്രയും ഹർഷൽ പട്ടേലും തിരികെയെത്തിയതോടെ ബൗളിങ്നിരയിലെ ആശങ്കകൾ ഒഴിഞ്ഞു. ഇരുവരുടെയും അഭാവം ഏഷ്യാ കപ്പിൽ ബാധിച്ചിരുന്നു. പരിക്കുമാറി ബുമ്ര തിരിച്ചെത്തുമ്പോൾ ടീമിന് അത് പുത്തനുണർവ് നൽകും.

ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെട്ട വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്തിനും ദിനേശ് കാർത്തികിനും മികവ് തെളിയിക്കാനുള്ള അവസരമാണിത്. പന്തിന് ട്വന്റി–20യിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ കഴിയുന്നില്ലെന്ന വിമർശമുണ്ട്. കാർത്തികിന്  അവസരങ്ങൾ കുറവായിരുന്നു.
ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ അഭാവം നികത്താൻ അക്സർ പട്ടേലിന് കഴിയുമോ എന്നതും കാത്തിരുന്നുകാണാം. ദീപക് ഹൂഡയും രംഗത്തുണ്ട്.
ബാറ്റിങ്നിര സുസജ്ജമാണ്. വിരാട് കോഹ്‌ലിയും മികവിലെത്തിയതോടെ ടീമിന്റെ ആത്മവിശ്വാസം വർധിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ, ലോകേഷ് രാഹുൽ, ട്വന്റി–20യിലെ ഇന്ത്യയുടെ ഒന്നാംനമ്പർ താരം സൂര്യകുമാർ യാദവ് എന്നിവരാണ് ബാറ്റിങ്ങിലെ പ്രധാനികൾ.

സ്പിന്നർമാരായി യുശ്-വേന്ദ്ര ചഹാലും ആർ അശ്വിനുമാണുള്ളത്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നിർണായക ഘടകമാകും. ലോകകപ്പ് ആതിഥേയരായ ഓസീസ് കരുത്തുറ്റ സംഘമാണ്. എങ്കിലും ഡേവിഡ് വാർണർ, മിച്ചെൽ സ്റ്റാർക്, മാർകസ് സ്റ്റോയിനിസ്, മിച്ചെൽ മാർഷ് എന്നിവർ ടീമിനൊപ്പമില്ല. വിശ്രമത്തിലാണ് ഇവർ. ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്-സ്-വെൽ, ടിം ഡേവിഡ്, പാറ്റ് കമ്മിൻസ്, ജോഷ് ഹാസെൽവുഡ് എന്നിവരൊക്ക ടീമിന്റെ ഭാഗമാണ്.
ഒക്‌ടോബറിൽ ഓസ്ട്രേലിയയിലാണ് ട്വന്റി–20 ലോകകപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top