27 April Saturday
മൂന്നാം ഏകദിനത്തിൽ 21 റണ്ണിന് തോറ്റു

സ്‌പിന്നിൽ തോറ്റു ; ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക് നഷ്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

image credit bcci twitter

 

ചെന്നൈ
ഓസ്‌ട്രേലിയൻ സ്‌പിന്നർമാർക്കുമുന്നിൽ മറുപടിയില്ലാതെ ഇന്ത്യൻ ബാറ്റർമാർ ബാറ്റ്‌ താഴ്‌ത്തി. മൂന്നാം ഏകദിനത്തിൽ 21 റണ്ണിന്‌ തോറ്റ്‌ പരമ്പരയും അടിയറവുവച്ചു. തകർപ്പൻ ബൗളിങ്‌ പ്രകടനത്തോടെ ഓസീസ്‌ 2–-1ന്‌ ഏകദിന പരമ്പര സ്വന്തമാക്കി. 2019നുശേഷം സ്വന്തംനാട്ടിൽ ഇന്ത്യയുടെ ആദ്യ പരമ്പര തോൽവിയാണിത്.

ചെന്നൈയിൽ ഓസീസിനെ 269ന്‌ പുറത്താക്കി മറുപടിക്കെത്തിയ ഇന്ത്യ 49.1 ഓവറിൽ 248ന്‌ പുറത്തായി. അവസാനഘട്ടത്തിലാണ്‌ തകർന്നത്‌. നാല്‌ വിക്കറ്റുമായി ആദം സാമ്പയും രണ്ട്‌ വിക്കറ്റോടെ ആഷ്‌ടൺ ആഗറുമാണ്‌ ഇന്ത്യയുടെ വമ്പൻ ബാറ്റിങ്‌ നിരയുടെ അടിവേരിളക്കിയത്‌. സാമ്പയാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌. മിച്ചെൽ മാർഷാണ് മാൻ ഓഫ് ദി സിരീസ്.

സ്‌കോർ: ഓസീസ്‌ 269 (49); ഇന്ത്യ 248 (49.1)

രോഹിത്‌ ശർമയും (17 പന്തിൽ 30) ശുഭ്‌മാൻ ഗില്ലും (49 പന്തിൽ 37) മികച്ച തുടക്കമാണ്‌ ഇന്ത്യക്ക്‌ നൽകിയത്‌. വിരാട്‌ കോഹ്‌ലിയും (72 പന്തിൽ 54) ലോകേഷ്‌ രാഹുലും (50 പന്തിൽ 32) അനായാസജയമെന്ന തോന്നലുണ്ടാക്കുകയും ചെയ്‌തു. എന്നാൽ, 35–-ാംഓവറിന്റെ ആദ്യ പന്തിൽ ആഗറിനെ അനാവശ്യ ഷോട്ടിന്‌ ശ്രമിച്ച്‌ കോഹ്‌ലി പുറത്തായതോടെ കളി മാറി. തൊട്ടടുത്ത പന്തിൽ സൂര്യകുമാർ യാദവിന്റെ (1 പന്തിൽ 0) കുറ്റിതെറിച്ചു. തുടർച്ചയായ മൂന്നാംകളിയിലും റണ്ണെടുക്കുംമുമ്പ്‌ പുറത്തായ സൂര്യകുമാർ കളിയുടെ ഗതിതന്നെ മാറ്റി. ഈ വിക്കറ്റ്‌ പോയതോടെയാണ്‌ കളി ഇന്ത്യയുടെ കൈയിൽനിന്ന്‌ ചോർന്നുപോയത്‌. ഒരു വശത്ത്‌ ആക്രമണാത്മകമായി കളിച്ച ഹാർദിക്‌ പാണ്ഡ്യയുടെ ഏകാഗ്രതയും ഇതോടെ നഷ്ടമായി. കൂട്ടിനെത്തിയ രവീന്ദ്ര ജഡേജയ്‌ക്ക്‌ ഒരു തരത്തിലും സ്വാധീനമുണ്ടാക്കാനായില്ല. തട്ടിമുട്ടി കളിച്ച ഈ ഇടംകൈയൻ ഹാർദിക്കിനും സമ്മർദമേറ്റി. പന്തും റണ്ണും തമ്മിലുള്ള അന്തരം വർധിച്ചതോടെ ഹാർദിക്‌ വമ്പൻ ഷോട്ടുകൾ ശ്രമിച്ചു.

സാമ്പയുടെ മിടുക്കിനുമുന്നിൽ ഹാർദിക്കിനും (40 പന്തിൽ 40) മടങ്ങേണ്ടിവന്നു. ഇന്ത്യ തോൽവി സമ്മതിച്ചു. ജഡേജയുടെ തട്ടിമുട്ടി കളിക്കും (33 പന്തിൽ 18) ആയുസ്സുണ്ടായില്ല. സാമ്പതന്നെ മടക്കി. ഒരു സിക്‌സറും ഫോറുമായി മുഹമ്മദ്‌ ഷമി (10 പന്തിൽ 14) കാണികളെ രസിപ്പിച്ചെങ്കിലും മാർകസ്‌ സ്‌റ്റോയിനിസ്‌ അതിനെ അവസാനിപ്പിച്ചു.

ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ഓസീസിന്‌ പതിവുപോലെ മിച്ചെൽ മാർഷ്‌ (47 പന്തിൽ 47) മികച്ച തുടക്കം നൽകി. ട്രവിസ്‌ ഹെഡ്‌ 31 പന്തിൽ 31 റണ്ണടിച്ചു. സ്റ്റീവൻ സ്‌മിത്ത്‌ റണ്ണെടുക്കുംമുമ്പ്‌ മടങ്ങി. ഡേവിഡ്‌ വാർണർ (31 പന്തിൽ 28), മാർണസ്‌ ലബുഷെയ്‌ൻ (45 പന്തിൽ 28) എന്നിവർ വേഗത്തിൽ പുറത്തായി. ഒരുഘട്ടത്തിൽ 5–-138 എന്ന നിലയിലേക്ക്‌ ഓസീസ്‌ തകർന്നു. എന്നാൽ, സ്‌റ്റോയിനിസ്‌ (26 പന്തിൽ 25), അലെക്‌സ്‌ കാരി (46 പന്തിൽ 38), ഷോൺ അബോട്ട്‌ (23 പന്തിൽ 26), ആഗർ (21 പന്തിൽ 17) എന്നിവർ വാലറ്റത്ത്‌ നടത്തിയ പ്രകടനം ഓസീസിന്‌ പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചു. ഇന്ത്യക്കായി ഹാർദികും കുൽദീപ്‌ യാദവും മൂന്നുവീതം വിക്കറ്റെടുത്തു. ജയത്തോടെ ഓസീസ്‌ ഒന്നാംറാങ്കിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top