09 May Thursday
ജഡേജ 45*, രണ്ട് വിക്കറ്റ് , ഷമിക്കും സിറാജിനും മൂന്ന് വിക്കറ്റ് , ലോകേഷ് രാഹുൽ 75*

ഓൾ റൗണ്ട്‌ ജഡേജ ; ആദ്യ ഏകദിനത്തിൽ ഓസീസിനെ ഇന്ത്യ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

image credit bcci twitter

 

മുംബൈ
ടെസ്‌റ്റ് കഴിഞ്ഞ്‌ ഏകദിനത്തിലെത്തിയപ്പോഴും ഇന്ത്യൻ ടീമിന്‌ രവീന്ദ്ര ജഡേജ തന്നെ. ബാറ്റിലും പന്തിലും ഫീൽഡിലും മിന്നിയ ഓൾ റൗണ്ടർ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക്‌ അഞ്ച്‌ വിക്കറ്റ്‌ ജയം സമ്മാനിച്ചു. 45 റണ്ണുമായി പുറത്താകാതെനിന്ന ഈ ഇടംകൈയൻ  രണ്ട്‌ വിക്കറ്റും വീഴ്‌ത്തി. മിന്നുന്നൊരു ക്യാച്ചും സ്വന്തം പേരിലാക്കി. 75 റണ്ണുമായി പുറത്താകാതെനിന്ന ലോകേഷ്‌ രാഹുലിന്റെ പ്രകടനവും ശ്രദ്ധേയമായി. പരിക്കുകാരണം അഞ്ചുമാസത്തെ ഇടവേളയ്‌ക്കുശേഷം കളത്തിലെത്തിയ ജഡേജ ടെസ്‌റ്റ്‌ പരമ്പരയിലെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാൻ ഓഫ്‌ ദി മാച്ച്‌ ഈ മുപ്പത്തിനാലുകാരനാണ്‌.

സ്‌കോർ: ഓസീസ്‌ 188 (35.4); ഇന്ത്യ 5–-191 (39.5)

ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ഓസീസ്‌ മികച്ച തുടക്കത്തിനുശേഷം നിലംപറ്റി. മറുപടിക്കെത്തിയ ഇന്ത്യയുടെ തുടക്കവും നന്നായില്ല. 39 റണ്ണെടുക്കുന്നതിനിടെ നാല്‌ വിക്കറ്റുകൾ പതിച്ചു. എന്നാൽ, രാഹുലിന്റെ ക്ഷമാപൂർവമായ ബാറ്റിങ്ങും ക്യാപ്‌റ്റൻ ഹാർദിക്‌ പാണ്ഡ്യയുടെ (25) പിന്തുണയും ചേർന്നപ്പോൾ ഇന്ത്യ അപകടമുഖത്തുനിന്ന്‌ രക്ഷപ്പെട്ടു. 44 റൺ കൂട്ടിച്ചേർത്ത ഈ സഖ്യം വേർപെട്ടപ്പോൾ ജഡേജ രക്ഷകനായി എത്തി. 20.3 ഓവർ കളിച്ച രാഹുൽ–-ജഡേജ സഖ്യം 108 റണ്ണാണ്‌ നേടിയത്‌.

91 പന്ത്‌ നേരിട്ട രാഹുലിന്റെ ഇന്നിങ്‌സിൽ ഒരു സിക്‌സറും ഏഴ്‌ ഫോറും ഉൾപ്പെട്ടു. ജഡേജ 69 പന്താണ്‌ നേരിട്ടത്‌. അഞ്ച്‌ ഫോർ പറത്തി.
ഇഷാൻ കിഷൻ (3), വിരാട്‌ കോഹ്‌ലി (4), സൂര്യകുമാർ യാദവ്‌ (0) എന്നിവർ മങ്ങിയപ്പോൾ ഓപ്പണർ ശുഭ്‌മാൻ ഗിൽ ഒരറ്റത്ത്‌ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. 20 റണ്ണെടുത്ത ഗില്ലിനെ മിച്ചെൽ സ്‌റ്റാർക് പുറത്താക്കി. കോഹ്‌ലിയെയും സൂര്യകുമാർ യാദവിനെയും തുടർച്ചയായ പന്തുകളിലാണ്‌ സ്‌റ്റാർക്‌ മടക്കിയത്‌. മാർകസ്‌ സ്‌റ്റോയിനിസ്‌ രണ്ട്‌ വിക്കറ്റ്‌ നേടി.

മികച്ച തുടക്കത്തിനുശേഷം ഓസീസ്‌, പേസർമാർക്ക്‌ മുന്നിലാണ്‌ തകർന്നടിഞ്ഞത്‌. മുഹമ്മദ്‌ ഷമിയും മുഹമ്മദ്‌ സിറാജും മൂന്നുവീതം വിക്കറ്റുമായി ഓസീസിനെ ചുരുട്ടിക്കെട്ടി. അവസാന എട്ട്‌ വിക്കറ്റ്‌ 59 റണ്ണിനാണ്‌ അവർക്ക്‌ നഷ്ടമായത്‌. ഷമി ആറോവറിൽ രണ്ട്‌ മെയ്‌ഡൻ ഉൾപ്പെടെ 17 റൺമാത്രം വഴങ്ങിയാണ്‌ മൂന്ന്‌ വിക്കറ്റെടുത്തത്‌.

ഓപ്പണർ മിച്ചെൽ മാർഷ്‌ (65  പന്തിൽ 81) മിന്നുന്ന തുടക്കമാണ്‌ ഓസീസ്‌ നൽകിയത്‌. അഞ്ച്‌ സിക്‌സറും പത്ത്‌ ഫോറും ആ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. എന്നാൽ, മറ്റുള്ളവർക്ക്‌ പിന്തുണ നൽകാനായില്ല. ക്യാപ്‌റ്റൻ സ്‌റ്റീവൻ സ്‌മിത്ത്‌ 22 റണ്ണിനും ജോഷ്‌ ഇൻഗ്ലിസ്‌ 26 റണ്ണിനും പുറത്തായി.

സ്കോർ ബോർഡ്‌

ഓസ്‌ട്രേലിയ
ഹെഡ്‌ ബി സിറാജ്‌ 5, മിച്ചെൽ മാർഷ്‌ സി സിറാജ്‌ ബി ജഡേജ 81, സ്‌മിത്ത്‌ സി രാഹുൽ ബി ഹാർദിക്‌ 22, ലബുഷെയ്‌ൻ സി ജഡേജ ബി കുൽദീപ്‌ 15, ഇൻഗ്ലിസ്‌ ബി ഷമി 26, ഗ്രീൻ ബി ഷമി 12, മാക്‌സ്‌വെൽ സി ഹാർദിക്‌ ബി ജഡേജ 8, സ്‌റ്റോയിനിസ്‌ സി ഗിൽ ബി ഷമി 5, അബോട്ട്‌ സി ഗിൽ ബി സിറാജ്‌ 0, സ്‌റ്റാർക്‌ 4*, സാമ്പ സി രാഹുൽ ബി സിറാജ്‌ 0. എക്‌സ്‌ട്രാസ്‌ 10, ആകെ 188 (35.4).ബൗളിങ്‌: ഷമി 6–-2–-17–-3, സിറാജ്‌ 5.4–-1–-29–-3, ഹാർദിക്‌ 5–-0–-29–-1, ശാർദൂൽ 2–-0–-12–-0, ജഡേജ 9–-0–-46–-2, കുൽദീപ്‌ 8–-1–-48–-1.

ഇന്ത്യ
ഇഷാൻ കിഷൻ എൽബിഡബ്ല്യു ബി സ്‌റ്റോയിനിസ്‌ 3, ഗിൽ സി ലബുഷെയ്‌ൻ ബി സ്‌റ്റാർക്‌ 20, കോഹ്‌ലി എൽബിഡബ്ല്യു ബി സ്‌റ്റാർക്‌ 4, സൂര്യകുമാർ എൽബിഡബ്ല്യു ബി സ്‌റ്റാർക്‌ 0, രാഹുൽ 75, ഹാർദിക്‌ സി ഗ്രീൻ ബി സ്‌റ്റോയിനിസ്‌ 25, ജഡേജ 45. എക്‌സ്‌ട്രാസ്‌ 19. ആകെ 5–-191 (39.5).ബൗളിങ്‌: സ്‌റ്റാർക്‌ 9.5–-0–-49–-3, സ്‌റ്റോയിനിസ്‌ 7–-1–-27–-2, അബോട്ട്‌ 9–-0–-31–-0, ഗ്രീൻ 6–-0–-35–-0, സാമ്പ 6–-0–-37–-0, മാക്‌സ്‌വെൽ 2–-0–-7–-0.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top