26 April Friday
ഇന്ത്യ 5‐302; ഓസീസ്‌ 289 (49.3)

തിരിച്ചുവരവ് ; ഇന്ത്യക്ക് 13 റൺ ജയം

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

കാൻബറ
ഓവർ 45. ജസ്‌പ്രീത്‌ ബുമ്രയുടെ മൂന്നാം പന്ത് യോർക്കർ. കൂറ്റനടിക്ക് ബാറ്റുയർത്തിയ ഗ്ലെൻ മാക്സ്‌വെൽ ബൗൾഡ്.  അതായിരുന്നു ഇന്ത്യക്ക് 13 റൺ വിജയമൊരുക്കിയ വഴിത്തിരിവ്. അപ്പോൾ നാലു വിക്കറ്റ് കൈയിലിരിക്കെ ഓസ്ട്രേലിയക്ക്  ജയിക്കാൻ 35 റൺ മതിയായിരുന്നു. മാക്സ്‌വെൽ 38 പന്തിൽ 59 റണ്ണുമായി മടങ്ങിയപ്പോൾ ഇന്ത്യ വിജയം ഉറപ്പിച്ചു. നാല് സിക്സറും മൂന്നു ഫോറും പറത്തിയ ഓൾറൗണ്ടർ ഇന്ത്യയെ കുറച്ചൊന്നുമല്ല സമ്മർദത്തിലാക്കിയത്. സ്കോർ: ഇന്ത്യ 5–302, ഓസ്ട്രേലിയ 289 (49.3).   

വേദിക്കൊപ്പം കളിയും കളിക്കാരും മാറിയപ്പോൾ ഇന്ത്യ ആധികാരിക ജയമാണ് പിടിച്ചെടുത്തത്. അവസാന ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ബൗളർമാർ ആത്മവിശ്വാസം വീണ്ടെടുത്തത് നിർണായകമായി. സിഡ്നിയിൽ നടന്ന  ആദ്യ രണ്ടു കളിയും തോറ്റ് പരമ്പര നഷ്ടപ്പെട്ടെങ്കിലും  വരാനിരിക്കുന്ന ട്വന്റി–20, ടെസ്റ്റ് പരമ്പരകൾക്ക് ഈ വിജയം ഊർജമാകും.
ടീമിൽ നാലു മാറ്റങ്ങളുമായാണ് കാൻബറയിൽ ഇന്ത്യ ഇറങ്ങിയത്. ഓപ്പണർ മായങ്ക് അഗർവാളിനു പകരം ശുഭ്മാൻ ഗില്ലും സ്പിന്നർ യുശ്‌വേന്ദ്ര ചഹാലിനു പകരം കുൽദീപ് യാദവും വന്നു. പേസർ മുഹമ്മദ് ഷമിക്കു പകരം ടി നടരാജനും നവ്ദീപ് സെയ്നിക്കു പകരം ശർദുൾ താക്കൂറും ടീമിലെത്തി. കന്നി ഏകദിനത്തിനിറങ്ങിയ നടരാജന് രണ്ട് വിക്കറ്റുണ്ട്. താക്കൂർ മൂന്ന് വിക്കറ്റെടുത്തപ്പോൾ ബുമ്ര രണ്ടു വിക്കറ്റ് നേടി.

പരമ്പരയിൽ ആദ്യമായി ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ആറാം വിക്കറ്റിൽ 150 റണ്ണടിച്ച ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യൻ വിജയത്തിന് അടിത്തറയൊരുക്കിയത്. പാണ്ഡ്യ 76 പന്തിൽ 92 റണ്ണുമായും ജഡേജ 50 പന്തിൽ 66 റണ്ണുമായും പുറത്താകാതെനിന്നു. അവസാന അഞ്ച് ഓവറിൽ ഇരുവരും ചേർന്ന് 76 റൺ നേടി.
ക്യാപ്റ്റൻ വിരാട് കോഹ്‌ലി തുടർച്ചയായി രണ്ടാം അർധ സെഞ്ചുറി കണ്ടെത്തി. 78 പന്തിൽ 63 റൺ. ശിഖർ ധവാനൊപ്പം (16) ഓപ്പണറായ ശുഭ്മാൻ ഗിൽ 39 പന്തിൽ 33 റൺ നേടി. ശ്രേയസ് അയ്യർക്കും (19) ലോകേഷ്‌ രാഹുലിനും (5) സ്കോർ ഉയർത്താനായില്ല. 32 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റണ്ണുമായി പകച്ച ഇന്ത്യയെ ആറാം വിക്കറ്റാണ് തുണച്ചത്.

പരിക്കേറ്റ ഡേവിഡ് വാർണറുടെ അഭാവത്തിൽ ഓപ്പണറായ മാർണസ് ലബുഷെയ്നെ വീഴ്ത്തി (7) നടരാജൻ ഇന്ത്യക്ക് നല്ല തുടക്കം നൽകി. രണ്ടു കളിയിൽ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിനെ ഏഴ് റണ്ണിന് താക്കൂർ പുറത്താക്കിയതോടെ ഇന്ത്യയുടെ ആത്മവിശ്വാസം കൂടി. ആരോൺ ഫിഞ്ചിനെ (75) പുറത്താക്കാനുള്ള മൂന്ന് അവസരങ്ങളാണ് ഫീൽഡർമാർ തുലച്ചത്. മോയ്‌സസ് ഹെൻറിക്വസും (22) കാമറൂൺ ഗ്രീനും (21) വലിയ ഇന്നിങ്സ് കളിക്കാതെ മടങ്ങി. എന്നാൽ, അലക്സ് കാരിക്കും (38) ആഷ്ടൺ അഗാറിനും (28) ഒപ്പം ചേർന്ന് മാക്‌സ്‌വെൽ ഓസീസിനെ വിജയത്തിനടുത്തെത്തിച്ചു. 5–158ൽനിന്ന് ഓസീസ് 6–268ലേക്ക് കുതിച്ചു. അവസാന പത്ത് ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 76 റൺ. അത് അഞ്ച് ഓവറിൽ 33 റണ്ണിലേക്ക് ചുരുങ്ങിയപ്പോൾ ബുമ്രയുടെ ഒമ്പതാം ഓവർ വിധിയെഴുതി.

ഇന്ത്യ:  ധവാൻ സി ആഗർ ബി അബോട്ട്‌ 16, ഗിൽ എൽബിഡബ്ല്യു ബി ആഗർ 33, കോഹ്‌ലി സി കാരി ബി ഹാസെൽവുഡ്‌ 63, ശ്രേയസ്‌ സി ലബുഷെയ്‌ൻ ബി സാമ്പ 19, രാഹുൽ എൽബിഡബ്ല്യു ബി ആഗർ 5, പാണ്ഡ്യ 92, ജഡേജ 66. എക്‌സ്‌ട്രാസ്‌ 8. ആകെ 5–-302. ബൗളിങ്‌: ഹാസെൽവുഡ്‌ 10–-1–-66–-1, മാക്‌സ്‌വെൽ 5–-0–-27–-0, അബോട്ട്‌ 10–-0–-84–-1, ഗ്രീൻ 4–-0–-27–-0, ആഗർ 10–-0–-44–-2, സാമ്പ 10–-0–-45–-1, ഹെൻറിക്വസ്‌ 1–-0–-7–-0.

ഓസ്‌ട്രേലിയ: ലബുഷെയ്‌ൻ ബി നടരാജൻ 7, ഫിഞ്ച്‌ സി ധവാൻ ബി ജഡേജ 75, സ്‌മിത്ത്‌ സി ധവാൻ ബി ശർദുൾ 7, ഹെൻറിക്വസ്‌ സി ധവാൻ ബി ശർദുൾ 22, ഗ്രീൻ സി ജഡേജ ബി കുൽദീപ്‌ 21, കാരി റണ്ണൗട്ട്‌ 38, മാക്‌സ്‌വെൽ ബി ബുമ്ര 59, ആഗർ സി കുൽദീപ്‌ ബി നടരാജൻ  28, അബോട്ട്‌ സി രാഹുൽ ബി ശർദുൾ 4, സാമ്പ എൽബിഡബ്ല്യു ബി ബുമ്ര 4, ഹാസൽവുഡ്‌ 7. എക്‌സ്‌ട്രാസ്‌ 17. ആകെ 289 (49.3).ബൗളിങ്‌: ബുമ്ര 9.3–-0–-43–-2, നടരാൻ 10–-1–-70–-2, ശർദുൾ 10–-1–-51–-3, കുൽദീപ്‌ 10–-0–-57–-1, ജഡേജ 10–-0–-62–-1.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top