രാജ്‌കോട്ട്
ഏകദിന ക്രിക്കറ്റ് ലോകകപ്പിനുമുമ്പായുള്ള അവസാന ഒരുക്കത്തിൽ ഇന്ത്യക്ക് തോൽവി. ഓസ്‌ട്രേലിയയോട് 66 റണ്ണിനാണ് തോറ്റത്. പരമ്പര ഇന്ത്യ 2–-1ന് സ്വന്തമാക്കി. ലോകകപ്പിൽ ഓസീസാണ് ആദ്യ എതിരാളി. ലോകകപ്പിനുമുമ്പ് രണ്ട് സന്നാഹ മത്സരങ്ങളാണ് ഇന്ത്യക്ക് ഇനി ശേഷിക്കുന്നത്. ക്യാപ്‌റ്റൻ രോഹിത് ശർമയും വിരാട് കോഹ്‌ലിയും തിരിച്ചെത്തിയ കളിയിൽ ഇന്ത്യ മങ്ങി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 352 റണ്ണാണ് അടിച്ചുകൂട്ടിയത്. ഇന്ത്യ 49.4 ഓവറിൽ 286ന് പുറത്തായി.
നാല് വിക്കറ്റുമായി ഗ്ലെൻ മാക്സ്‌വെല്ലാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. ക്യാപ്‌റ്റൻ രോഹിതിനൊപ്പം ഓൾ റൗണ്ടർ വാഷിങ്‌ടൺ സുന്ദറാണ് ഇന്നിങ്‌സ് ആരംഭിച്ചത്. സുന്ദർ 18 റണ്ണെടുത്ത് പുറത്തായി. രോഹിതും (57 പന്തിൽ 81) മൂന്നാമനായെത്തിയ വിരാട് കോഹ്‌ലിയും (61 പന്തിൽ 51) തകർപ്പൻ കളി പുറത്തെടുത്തു. ആറ് സിക്‌സറും അഞ്ച് ഫോറും രോഹിതിന്റെ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. സൂര്യകുമാർ യാദവിനും (8) കെ എൽ രാഹുലിനും (26) പിടിച്ചുനിൽക്കാനായില്ല.
ഓസീസിനായി മിച്ചെൽ മാർഷ് (84 പന്തിൽ 96), ഡേവിഡ് വാർണർ (34 പന്തിൽ 56), സ്‌റ്റീവൻ സ്‌മിത്ത് (61 പന്തിൽ 74), മാർണസ് ലബുഷെയ്‌ൻ (58 പന്തിൽ 72) എന്നിവർ തിളങ്ങി. ജസ്‌പ്രീത് ബുമ്ര 10 ഓവറിൽ 81 റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..