രാജ്‌കോട്ട്
ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരമാണ് ഇന്ന്. ആദ്യ രണ്ടുകളി ജയിച്ച് ഇന്ത്യ പരമ്പര നേടി. എങ്കിലും നിസ്സാരമായി കാണുന്നില്ല ഈ കളിയെ. ഏകദിന ലോകകപ്പിന്റെ ആദ്യകളിയിൽ ഓസീസിനെയാണ് രോഹിത് ശർമയ്‌ക്കും കൂട്ടർക്കും നേരിടേണ്ടത്. അതിനാൽ ലോകകപ്പിനുമുമ്പുള്ള അവസാന ഒരുക്കംകൂടിയാണ് രാജ്‌കോട്ടിൽ. ഒക്‌ടോബർ എട്ടിനാണ് ലോകകപ്പിൽ ഇന്ത്യ–-ഓസീസ് പോരാട്ടം.
ദക്ഷിണാഫ്രിക്കയുമായുള്ള തോൽവിയിൽ തളർന്നെത്തിയ ഓസീസിന് ഇന്ത്യയിലും രക്ഷയുണ്ടായില്ല. അവസാന അഞ്ച് കളിയിൽ തോറ്റു. ലോകകപ്പിനുമുമ്പ് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസാന അവസരംകൂടിയാണ് ഓസീസിന്. ഇന്ത്യൻ നിരയിൽ ക്യാപ്‌റ്റൻ രോഹിത് ശർമയും വിരാട് കോഹ്‌ലിയും തിരിച്ചെത്തി. ശുഭ്‌മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, ശാർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, അക്‌സർ പട്ടേൽ എന്നിവർ ടീമിലില്ല. സ്‌പിന്നർ കുൽദീപ് യാദവും തിരിച്ചെത്തി.
ഓസീസ് നിരയിൽ ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസ് ഇന്ന് കളിക്കും. പേസർ മിച്ചെൽ സ്‌റ്റാർക്കും ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലും കളിക്കാൻ സാധ്യതയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..