മൊഹാലി
ഇതിലും കേമമായി എങ്ങനെ ലോകകപ്പിന് ഒരുങ്ങാനാകും. ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യകളിയിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം.
സ്‌കോർ: ഓസ്‌ട്രേലിയ 276 (50 ഓവർ), ഇന്ത്യ 5–-281 (48.4)
രോഹിത് ശർമയും വിരാട് കോഹ്‌ലിയും അടക്കമുള്ള പ്രമുഖരില്ലാതെയാണ് കെ എൽ രാഹുലിന്റെ നേതൃത്വത്തിൽ വിജയം. നാല് ബാറ്റർമാർ അർധ സെഞ്ചുറിയുമായി ഫോം തെളിയിച്ചു. ജയിക്കാൻ 277 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാർ സ്വപ്‌നതുല്യമായ തുടക്കമാണ് നൽകിയത്. ഋതുരാജ് ഗെയ്‌ക്ക്‌വാദും ശുഭ്‌മാൻ ഗില്ലും ചേർന്ന് ഒന്നാംവിക്കറ്റിൽ 142 റണ്ണെടുത്തു. ആദ്യ അർധസെഞ്ചുറി നേടിയ ഋതുരാജ് 77 പന്തിൽ 71 റൺ നേടി. മൂന്നാംഏകദിനം കളിക്കുന്ന ഇരുപത്താറുകാരൻ 10 ഫോറടിച്ചു. ഗിൽ 63 പന്തിൽ 74 റണ്ണെടുത്തു. അതിൽ ആറ് ഫോറും രണ്ട് സിക്‌സറുമുണ്ടായിരുന്നു.
ശ്രേയസ് അയ്യരും (3) ഇഷാൻ കിഷനും (18) വേഗം മടങ്ങിയെങ്കിലും രാഹുലും (58) സൂര്യകുമാർ യാദവും (50) വിജയമുറപ്പിച്ചു. സിക്‌സറടിച്ച് കളി ജയിപ്പിച്ച രാഹുൽ 63 പന്തിൽ 58 റണ്ണുമായി പുറത്തായില്ല. രവീന്ദ്ര ജഡേജയായിരുന്നു (3) കൂട്ട്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റെടുത്ത ഓസീസ് പൊരുതാനുള്ള സ്‌കോർ കണ്ടെത്തി. അഞ്ച് വിക്കറ്റെടുത്ത് പേസർ മുഹമ്മദ് ഷമി ഓസീസിനെ തളക്കാൻ ശ്രമിച്ചെങ്കിലും ഡേവിഡ് വാർണർ (52), ജോഷ് ഇൻഗ്ലിസ് (45), സ്‌റ്റീവൻ സ്‌മിത്ത് (41), ലബുഷെയ്‌ൻ (39), കാമറുൺ ഗ്രീൻ (31) എന്നിവർ സ്‌കോർ ഉയർത്തി. ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസ് ഒമ്പത് പന്തിൽ 21 റണ്ണുമായി പുറത്തായില്ല. മൂന്നുമത്സര പരമ്പരയിലെ രണ്ടാംമത്സരം നാളെ ഇൻഡോറിൽ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..