19 April Friday
ദക്ഷിണാഫ്രിക്കയ്ക്കെതിരെ 
മൂന്ന് മത്സരം

ഇനി മൂന്ന് കളി ; 
വേണം താളം ; ലോകകപ്പിന് മുമ്പുള്ള അവസാന തയ്യാറെടുപ്പിനായി ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

ഓസ്ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീം കിരീടവുമായി image credit bcci twitter


ഹൈദരാബാദ്‌
ലോകകപ്പിനുള്ള അവസാന ഒരുക്കത്തിലേക്ക് രോഹിത് ശർമയും സംഘവും കടക്കുന്നു. ലോകകപ്പിനുമുമ്പ് ഇനി മൂന്നുമത്സരമാണ് ശേഷിക്കുന്നത്. ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി–-20 പരമ്പരയ്ക്ക് നാളെ തിരുവനന്തപുരത്ത് തുടക്കംകുറിക്കുമ്പോൾ ടീമിന്റെ സന്തുലനമാണ് ലക്ഷ്യമിടുന്നത്. ബാറ്റിങ് നിര ഉണർന്നെങ്കിലും ബൗളിങ്ങിൽ ആശങ്ക നിലനിൽക്കുന്നു. ഒക്ടോബർ 22ന്‌ ഓസ്ട്രേലിയയിലാണ് ലോകകപ്പിന് തുടക്കം.

ലോക ചാമ്പ്യൻമാരായ ഓസീസിനെതിരായ പരമ്പര 2–1ന് സ്വന്തമാക്കിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങുന്നത്. അവസാന മത്സരത്തിൽ ബാറ്റർമാരുടെ മികച്ച പ്രകടനം ഇന്ത്യക്ക് മിന്നുന്ന ജയമൊരുക്കി. അതേസമയം ബൗളർമാരിൽ ക്യാപ്റ്റൻ രോഹിത് ഇപ്പോഴും തൃപ്തനല്ല. എങ്കിലും മങ്ങിയ ബൗളർമാരെ ക്യാപ്റ്റൻ പിന്തുണച്ചു.

പരിക്കുമാറി ടീമിൽ തിരച്ചെത്തിയ പേസർ ഹർഷൽ പട്ടേൽ ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. ഓസീസിനെതിരെ ആദ്യകളിയിൽ 4 ഓവറിൽ 49 റണ്ണാണ് വിട്ടുനൽകിയത്. രണ്ടാമത്തെ മത്സരത്തിൽ രണ്ട്‌ ഓവറിൽ 32. അവസാനത്തേതിൽ രണ്ട്‌ ഓവറിൽ 18. ആകെ കിട്ടിയത് ഒരു വിക്കറ്റ്.
‘പരിക്കുമാറി തിരിച്ചെത്തി മികവുകണ്ടെത്തുക എളുപ്പമല്ല. രണ്ടുമാസമായി ഹർഷൽ കളത്തിലില്ല. അതിനാൽ രണ്ടോ മൂന്നോ കളികൊണ്ട് വിലയിരുത്താനാകില്ല. ഹർഷൽ മികവുതെളിയിച്ച കളിക്കാരനാണ്’– രോഹിത് ശർമ പറഞ്ഞു.

അവസാന ഓവറുകളിലെ പ്രശ്നം അതുപോലെ നിൽക്കുന്നു. ഏഷ്യാകപ്പുമുതൽ അവസാന ഓവറുകളിൽ ധാരാളം റൺ വഴങ്ങുന്ന ഭുവനേശ്വർ കുമാർ അവസാന കളിയിലും അതാവർത്തിച്ചു. 18–-ാംഓവറിൽ 21 റണ്ണാണ് വിട്ടുകൊടുത്തത്. ഭുവനേശ്വറിന്റെ കഴിവിൽ ടീമിന് ഇപ്പോഴും വിശ്വാസമുണ്ടെന്നായിരുന്നു രോഹിതിന്റെ പ്രതികരണം. ഹെെദരാബാദിൽ മുഖ്യ പേസർ ജസ്-പ്രീത് ബുമ്രയ്ക്കുവരെ അടിതെറ്റി.

ബാറ്റർമാരിൽ സൂര്യകുമാർ യാദവും വിരാട് കോഹ്-ലിയും ഒപ്പം ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഓപ്പണർ ലോകേഷ് രാഹുൽ മികവിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ. പരമ്പരയുടെ താരമായ അക്സർ പട്ടേൽ മൂന്ന് കളിയിൽ എട്ട് വിക്കറ്റ് നേടി. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം ഇടംപിടിച്ച അക്സർ  നിലവിൽ ഇന്ത്യൻ നിരയിലെ ഏറ്റവും മികവുകാട്ടുന്ന താരമാണ്. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, സ്പിന്നർ ആർ അശ്വിൻ എന്നിവർക്ക് അവസരം ലഭിച്ചേക്കും. ഒക്ടോബർ രണ്ടിന് ഗുവാഹത്തിയിലാണ് ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാമത്തെ മത്സരം. അവസാന മത്സരം നാലിന് ഡൽഹിയിൽ. തുടർന്ന് മൂന്ന് ഏകദിനവും പരമ്പരയിലുണ്ട‍്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top