25 April Thursday

മൂന്നാംക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഓസീസിന്‌ 
9 വിക്കറ്റ്‌ ജയം

വെബ് ഡെസ്‌ക്‌Updated: Saturday Mar 4, 2023

image credit icc twitter


ഇൻഡോർ
അത്ഭുതങ്ങളൊന്നുമുണ്ടായില്ല. ഇന്ത്യക്കെതിരായ മൂന്നാംക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഓസ്‌ട്രേലിയക്ക്‌ ഒമ്പത്‌ വിക്കറ്റ്‌ ജയം. മൂന്നാംദിവസം 18.5 ഓവറിൽ ഒരു വിക്കറ്റ്‌ നഷ്‌ടത്തിൽ ലക്ഷ്യം നേടി. ജയത്തോടെ ഓസ്‌ട്രേലിയ ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. 11 വിക്കറ്റെടുത്ത സ്‌പിന്നർ നതാൻ ല്യോൺ കളിയിലെ താരമായി.

സ്‌കോർ: ഇന്ത്യ 109, 163; ഓസീസ്‌ 197, 1–-78

മൂന്നുദിവസവും 10 വിക്കറ്റും കൈയിലിരിക്കെ ഓസീസിന്‌ ജയിക്കാൻ 76 റൺ മതിയായിരുന്നു. ആദ്യ ഓവറിലെ രണ്ടാംപന്തിൽ ഓപ്പണർ ഉസ്‌മാൻ ഖവാജയെ റണ്ണെടുക്കുംമുമ്പേ പുറത്താക്കി ആർ അശ്വിൻ ഇന്ത്യക്ക്‌ പ്രതീക്ഷ നൽകി. എന്നാൽ, ട്രാവിസ്‌ ഹെഡും മാർണസ്‌ ലബുഷെയ്‌നും ബൗളർമാരിൽ ആധിപത്യം നേടി. പുതിയ പന്തെടുക്കുന്നതുവരെ ഇരുവരും അശ്വിനെ സൂക്ഷിച്ചാണ്‌ കളിച്ചത്‌. പുതിയ പന്ത്‌ വന്നതോടെ നിയന്ത്രണം ഓസീസിനായി. ട്രാവിസ്‌ 53 പന്തിൽ 49 റണ്ണുമായി പുറത്തായില്ല. ആറ്‌ ഫോറും ഒരു സിക്‌സറുമടിച്ചു. ഫോറടിച്ച്‌ കളി ജയിപ്പിച്ച ലബുഷെയ്‌ൻ 58 പന്തിൽ 28 റൺ നേടി.

പരമ്പരയിൽ ഓസീസ്‌ 1–-2ന്‌ തിരിച്ചുവന്നു. ആദ്യ ടെസ്‌റ്റ്‌ ഇന്ത്യ ഇന്നിങ്സിനും 132 റണ്ണിനുമാണ്‌ ജയിച്ചത്‌. രണ്ടാംടെസ്‌റ്റിൽ ആറ്‌ വിക്കറ്റിനാണ്‌ ജയം. അവസാന ടെസ്‌റ്റ്‌ ഒമ്പതിന്‌ അഹമ്മദാബാദിലാണ്‌. ഈ ടെസ്‌റ്റ്‌ ജയിച്ചാൽ ഇന്ത്യ ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കും. ഇന്ത്യ ജയിച്ചില്ലെങ്കിൽ ശ്രീലങ്കയ്ക്ക്‌ പ്രതീക്ഷയുണ്ട്‌. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ രണ്ട്‌ ടെസ്‌റ്റ്‌ ജയിക്കണം. ലങ്ക രണ്ട്‌ ടെസ്‌റ്റും ജയിച്ചില്ലെങ്കിൽ ഇന്ത്യ തോറ്റാലും ഫൈനലിൽ കടക്കും. ജൂൺ ഏഴുമുതൽ ഇംഗ്ലണ്ടിലാണ്‌ ഫൈനൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top