25 April Thursday

ദുരന്ത പിച്ചിൽ ഇന്ത്യ ; മൂന്നാം ടെസ്റ്റിൽ പത്ത്‌ വിക്കറ്റ്‌ ജയം

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021



അഹമ്മദാബാദ്‌
രണ്ട്‌ ദിനം, നാല്‌ ഇന്നിങ്‌സുകൾ. 842 പന്തുകൾ. ആകെ 387 റൺ. 30 വിക്കറ്റും. ബാറ്റ്‌സ്‌മാൻമാരുടെ ശവപ്പറമ്പായ മൊട്ടേരയിൽ ഇന്ത്യ–-ഇംഗ്ലണ്ട്‌ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിന്‌ അൽപ്പായുസ്സ്‌ മാത്രം.

അഞ്ചുദിന മത്സരത്തിന്‌ അനുയോജ്യമല്ലാത്ത പിച്ചിൽ‌ ‌സ്‌‌പിന്നർമാരുടെ മിടുക്കിൽ ഇന്ത്യ കളി പിടിച്ചു. പത്ത്‌ വിക്കറ്റ്‌ ജയം. നാല്‌ മത്സര പരമ്പരയിൽ 2–-1ന്‌ മുമ്പിൽ. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിനുള്ള യോഗ്യത ഏറെക്കുറെ ഉറപ്പിച്ചു. പിങ്ക്‌ പന്ത്‌ കളിയിൽ ആകെ വീണ 30 വിക്കറ്റുകളിൽ 28ഉം സ്വന്തമാക്കിയത്‌ സ്‌പിന്നർമാർ. ഇന്ത്യക്കായി അക്‌സർ പട്ടേൽ കളിയിലാകെ 11 വിക്കറ്റുകളാണ്‌ കൊയ്‌തത്‌.ഈ ഗുജറാത്തുകാരനാണ് കളിയിലെ താരം. ആർ അശ്വിൻ ഏഴും വിക്കറ്റ് നേടി. സ്‌കോർ: ഇംഗ്ലണ്ട്‌ 112, 81; ഇന്ത്യ 145, -0–-49.

1945നു ശേഷം ഒരു ടീം ജയിക്കുന്ന ഏറ്റവും കുറഞ്ഞ പന്തെറിഞ്ഞ ടെസ്റ്റായി ഇത്. ആകെ 842 പന്തുകളാണ് എറിഞ്ഞത്.
ടെസ്റ്റ്‌ ക്രിക്കറ്റിന്‌ ചേരാത്ത പിച്ചാണ്‌ മൊട്ടേരയിൽ ഒരുക്കിയത്‌. ബാറ്റ്‌സ്‌മാൻമാർ ഗതികിട്ടാതെ അലഞ്ഞു. ഒന്നാംദിനം 13ഉം രണ്ടാംദിനം 17ഉം വിക്കറ്റുകളും പൊലിഞ്ഞു. പിച്ചിലെ അടങ്ങാത്ത പൊടിയും ബാറ്റ്‌സ്‌മാൻമാരെ കുഴപ്പിച്ചു. രണ്ടാംദിനം മൂന്നിന്‌ 99 എന്ന നിയിലാണ്‌ ഇന്ത്യ ബാറ്റിങ്‌ ആരംഭിച്ചിരുന്നത്‌. രോഹിത്‌ ശർമ 66 റണ്ണിന്‌ പുറത്തായി. മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല. 46 റൺ മാത്രമാണ്‌ ഇന്ത്യക്ക്‌ കൂട്ടിച്ചേർക്കാനായത്‌. ജോ റൂട്ടാണ്‌ ഇന്ത്യയെ അവസാനിപ്പിച്ചത്‌. ഇംഗ്ലീഷ്‌ ക്യാപ്‌റ്റൻ അഞ്ച്‌ വിക്കറ്റെടുത്തു. ജാക്ക്‌ ലീച്ച്‌ നാലെണ്ണവും നേടി.

33 റൺ ഒന്നാം ഇന്നിങ്‌സ്‌ ലീഡ്‌ വഴങ്ങി എത്തിയ ഇംഗ്ലണ്ടും വിരണ്ടു. ബാറ്റ്‌സ്‌മാൻമാരുടെ ഘോഷയാത്രയായിരുന്നു. ഇന്നിങ്‌സിന്റെ ആദ്യ പന്തിൽത്തന്നെ അക്‌സർ സാക്‌ ക്രൗളിയെ ബൗൾഡ്‌ ചെയ്‌തു. ജോണി ബെയർസ്‌റ്റോയും (0) ഈ ഓവറിൽ മടങ്ങി. റൂട്ട്‌ (19), ബെൻ സ്‌റ്റോക്‌സ്‌ (25), ഒല്ലി പോപ്‌ (12) എന്നിവർ മാത്രമാണ്‌ രണ്ടക്കം കടന്നത്‌. 81ൽ ഇംഗ്ലണ്ട്‌ തീർന്നു. ഇംഗ്ലണ്ടിന്റെ ഇന്ത്യയോടുള്ള ഏറ്റവും ചെറിയ സ്‌കോറാണിത്‌.

അക്‌സർ അഞ്ചും അശ്വിൻ നാലും വാഷിങ്‌ടൺ സുന്ദർ ഒരു വിക്കറ്റും നേടി. 49 റൺ വിജയലക്ഷ്യത്തിലേക്ക്‌ രോഹിതും (25) ശുഭ്‌മാൻ ഗില്ലും (15) പരിക്കുകളില്ലാതെ ഇന്ത്യയെ നയിച്ചു.  മാർച്ച്‌ നാലിന്‌ ഇതേ വേദിയിലാണ്‌ നാലാം ടെസ്റ്റ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top