24 April Wednesday

ഇനി പിങ്ക്‌ ടെസ്‌റ്റ്‌ ; ഇന്ത്യ–-ഇംഗ്ലണ്ട്‌ മൂന്നാം മത്സരം ഇന്ന് സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021


അഹമ്മദാബാദ്‌
ഇന്ത്യക്ക്‌ ഇനി പിങ്ക്‌ പരീക്ഷണം. ചെന്നൈയിലെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടങ്ങൾക്കുപിന്നാലെ ഇന്ത്യ–-ഇംഗ്ലണ്ട്‌ ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാംമത്സരം ഇന്ന്‌ അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്‌റ്റേഡിയത്തിൽ. നാല്‌ മത്സര പരമ്പര 1–-1 എന്ന നിലയിലാണ്‌. പിങ്ക്‌ പന്തിലെ പകൽ–-രാത്രി മത്സരം പകൽ‌ 2.30ന്‌ ആരംഭിക്കും.

പേസർ ജസ്‌പ്രീത്‌ ബുമ്ര ഇന്ത്യൻ നിരയിൽ തിരിച്ചെത്തും. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്‌ ഫൈനലിലേക്കുമാണ്‌ ഇന്ത്യയുടെ കണ്ണ്‌. ശേഷിക്കുന്ന രണ്ട്‌ മത്സരങ്ങളും ജയിച്ചാൽ ന്യൂസിലൻഡുമായുള്ള കിരീടപ്പോരിന്‌ വഴിതെളിയും. ചെപ്പോക്കിലെ രണ്ട്‌ കളികളിൽ ഇരുടീമുകളും ശക്‌തി പ്രകടിപ്പിച്ചു. ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട്‌ 227 റണ്ണിന്‌ ജയം പിടിച്ചപ്പോൾ രണ്ടാംകളിയിൽ ഇന്ത്യ തിരിച്ചുവന്നു. എതിരാളിയെ കാഴ്‌ചക്കാരനാക്കി 317 ‌റണ്ണിന്റെ ജയം കൊയ്‌തു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്‌റ്റേഡിയമെന്ന പെരുമയുമായാണ്‌ മൊട്ടേര മത്സരത്തിന്‌ വേദിയാകുന്നത്‌.

പിങ്ക്‌ പന്തിന്റെ വൈവിധ്യം തന്നെയാകും കളിയുടെ സവിശേഷത. പകലും രാത്രിയും പന്തിന്‌ വ്യത്യസ്ത ഭാവമായിരിക്കും. തുടക്കം ബാറ്റ്‌സ്‌മാൻമാർക്ക്‌ അനുകൂലമാണെങ്കിൽ സന്ധ്യ തുടങ്ങിയാൽ ബൗളർമാരുടെ ഊഴമാകും. ഇംഗ്ലണ്ട്‌ താരങ്ങളേക്കാൾ പിങ്ക്‌ പന്തിൽ കളിച്ച്‌ പരിചയം കുറവുള്ള ഇന്ത്യൻ താരങ്ങൾക്ക്‌ വെല്ലുവിളിയായേക്കും. ഇതുവരെ രണ്ട്‌ മത്സരങ്ങളാണ്‌ ഇന്ത്യ കളിച്ചത്‌. ഒന്ന്‌ നാട്ടിൽ ബംഗ്ലാദേശിനെതിരെയും മറ്റൊന്ന്‌ ഓസ്‌ട്രേലിയയോട്‌ കഴിഞ്ഞ പരമ്പരയിലും. ബംഗ്ലാദേശിനോട്‌ ജയമായിരുന്നു. ഓസീസിനോട്‌ ദയനീയ തോൽവിയും വഴങ്ങി.

മൂന്ന്‌ പേസർമാരെ ഉൾപ്പെടുത്തിയാകും ഇന്ത്യ ഇറങ്ങുക. ആകെ അഞ്ച്‌ ബൗളർമാർ. പേസ്‌ നിരയെ ബുമ്ര–-ഇശാന്ത്‌ ശർമ കൂട്ടുകെട്ടാണ്‌ നയിക്കുക. നൂറാം മത്സരത്തിനാണ്‌ ഇശാന്ത്‌ ഇറങ്ങുക. മുഹമ്മദ്‌ സിറാജോ ഉമേഷ്‌ യാദവോ മൂന്നാമനാകും. ഹാർദിക്‌ പാണ്ഡ്യയെ മൂന്നാംബൗളർ എന്ന നിലയിൽ പരിഗണിച്ചേക്കാം. കുൽദീപ്‌ യാദവ്‌ പുറത്തിരിക്കും. ആർ അശ്വിനും അക്‌സർ പട്ടേലും സ്‌പിന്നർമാരായി അണിനിരക്കും. ഇംഗ്ലണ്ട്‌ ടീമിൽ ജോഫ്ര ആർച്ചെർ, ജോണി ബെയർസ്റ്റോ എന്നിവർ മടങ്ങിയെത്തും. ഓപ്പണറായി റോറി ബേൺസിന്‌ പകരം സാക്‌ ക്രൗലി എത്തിയേക്കും.

‌സാധ്യത ടീം:
ഇന്ത്യ
രോഹിത്‌ ശർമ, ശുഭ്‌മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട്‌‌ കോഹ്‌ലി (ക്യാപ്‌റ്റൻ), അജിൻക്യ രഹാനെ, ഋഷഭ്‌ പന്ത്‌, ആർ അശ്വിൻ, അക്‌സർ പട്ടേൽ, ഇശാന്ത്‌ ശർമ, ഉമേഷ്‌ യാദവ്‌, ജസ്‌പ്രീത്‌ ബുമ്ര.

ഇംഗ്ലണ്ട്‌:
ഡോം സിബ്‌ലെ, സാക്‌ ക്രൗലി, ജോണി ബെയർസ്‌റ്റോ, ജോ റൂട്ട്‌ (ക്യാപ്‌റ്റൻ), ബെൻ സ്‌റ്റോക്‌സ്‌, ഒല്ലി പോപ്‌, ബെൻ ഫോക്‌സ്‌, ഡോം ബെസ്‌, ജോഫ്ര ആർച്ചെർ, ജാക്കഎ ലീച്ച്‌, ജയിംസ്‌ ആൻഡേഴ്‌സൺ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top