ബ്യൂണസ് ഐറിസ്
ലോകഫുട്‌ബോളിലെ രാജാക്കന്മാർ വീണ്ടും കളത്തിൽ. വിശ്വകിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് അർജന്റീന തുടക്കമിടുന്നു. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ ഇക്വഡോറാണ് എതിരാളി. നാളെ പുലർച്ചെ 5.30ന് ബ്യൂണസ് ഐറിസിലെ റിവർപ്ലേറ്റ് സ്‌റ്റേഡിയത്തിലാണ് ലയണൽ മെസിയും കൂട്ടരും ബൂട്ടുകെട്ടുന്നത്.
2026ൽ അമേരിക്കയിലും മെക്‌സിക്കോയിലും ക്യാനഡയിലുമായാണ് അടുത്ത ലോകകപ്പ്. ആകെ ടീമുകൾ 48 എണ്ണമായി വർധിക്കുന്നതിനാൽ ഇത്തവണ ലാറ്റിനമേരിക്കയിൽനിന്ന് ആറ് സംഘങ്ങൾക്ക് നേരിട്ട് യോഗ്യതയുണ്ട്. നേരത്തേ ഇത് നാലായിരുന്നു. അർജന്റീനയെക്കൂടാതെ ബ്രസീലും ഉറുഗ്വേയും ഉൾപ്പെടെ 10 ടീമുകളാണ് മത്സരിക്കുന്നത്. ആദ്യ ആറുസ്ഥാനക്കാർ മുന്നേറും. എല്ലാ ടീമുകളും രണ്ടുതവണ പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് ലാറ്റിനമേരിക്കയിലെ യോഗ്യതാ മത്സരരീതി. 2025 സെപ്‌തംബറിലാണ് അവസാന റൗണ്ട് മത്സരങ്ങൾ.
ഖത്തർ ലോകകപ്പിൽ ആദ്യകളിയിൽ സൗദി അറേബ്യയോട് തോറ്റശേഷം അവിസ്‌മരണീയ കുതിപ്പാണ് മെസിയുടെ അർജന്റീന നടത്തുന്നത്. അവസാന 10 കളിയും ജയിച്ചു. ലോകകിരീടം ഉയർത്തിയതിനുപിന്നാലെയുള്ള നാല് സൗഹൃദ മത്സരങ്ങളിലും ഉശിരൻ പ്രകടനമായിരുന്നു. മെസിയാണ് ഇത്തവണയും കുന്തമുന. ഇനിയൊരു ലോകകപ്പിന് മുപ്പത്താറുകാരൻ ഉണ്ടാകുമോ എന്ന അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും മെസിയുടെ തോളിലേറി മുന്നേറാമെന്നാണ് അർജന്റീന കണക്കുകൂട്ടുന്നത്. സീസണിൽ തകർപ്പൻ ഫോമിലാണ് മുന്നേറ്റക്കാരൻ. അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് ചേക്കേറിയശേഷം 11 ഗോളടിച്ചു. മുന്നേറ്റനിരയിൽ ലൗതാരോ മാർട്ടിനെസും ജൂലിയൻ അൽവാരസും മെസിക്ക് കൂട്ടാകും. പരിക്കേറ്റ പൗലോ ഡിബാല പുറത്താണ്. ഏഞ്ചൽ ഡി മരിയ, റോഡ്രിഗോ ഡി പോൾ, അലെക്‌സിസ് മക് അലിസ്റ്റർ, എൺസോ ഫെർണാണ്ടസ് തുടങ്ങിയ പ്രധാനികളെല്ലാം കളത്തിലെത്തും. ഗോൾവല കാക്കാൻ എമിലിയാനോ മാർട്ടിനെസുമുണ്ടാകും. ആദ്യകളി എന്നത് എന്നും വെല്ലുവിളിയാണെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി പറഞ്ഞു. ‘തുടക്കം ഒരിക്കലും എളുപ്പമാകില്ല. കളിക്കാർ വേഗത്തിൽ സാഹചര്യത്തോട് പൊരുത്തപ്പെട്ടാൽ എല്ലാം നന്നാകും’– -സ്‌കലോണി അറിയിച്ചു.
സന്തുലിത നിരയുമായാണ് ഇക്വഡോർ എത്തുന്നത്. മുതിർന്ന മുന്നേറ്റക്കാരൻ എന്നെർ വലെൻഷിയയാണ് തുരുപ്പുചീട്ട്. ഒപ്പം ചെൽസിയുടെ മൊയിസസ് കൈസെദൊ, ബ്രൈറ്റണിന്റെ പ്രെവിസ് എസ്‌തുപിനാൻ തുടങ്ങിയ പ്രധാന താരങ്ങളും കരുത്തുപകരും. പുതിയ പരിശീലകൻ ഫെലിക്‌സ് സാഞ്ചെസിനുകീഴിൽ അരങ്ങേറ്റംകൂടിയാകും ഇക്വഡോറിന്. കളത്തിലിറങ്ങുംമുമ്പേ തിരിച്ചടി നേരിട്ടാണ് അവർ എത്തുന്നത്. കഴിഞ്ഞതവണ പ്രതിരോധക്കാരൻ ബൈറൺ കാസ്റ്റിലോയുടെ ജനന സർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ചതിന് മൂന്ന് മത്സര പോയിന്റ് പിഴയുണ്ട് ടീമിന്. അതിനാൽ ലോകകപ്പ് യോഗ്യതയിൽ ആദ്യജയം കുറിച്ചാലും പട്ടികയിൽ മുന്നേറാനാകില്ല. മറ്റ് മത്സരങ്ങളിൽ കൊളംബിയ വെനസ്വേലയെയും പരാഗ്വേ പെറുവിനെയും നേരിടും. അഞ്ചുവട്ടം ലോകകിരീടം ചൂടിയ ബ്രസീൽ ശനിയാഴ്‌ച ബൊളീവിയയുമായി ഏറ്റുമുട്ടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..