29 March Friday

തിരിച്ചുവന്ന്‌ ഗോകുലം ; പഞ്ചാബ്‌ എഫ്‌സിയെ 4–-3ന്‌ വീഴ്‌ത്തി

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021


കൊൽക്കത്ത
ഇന്ത്യൻ ഫുട്‌ബോളിന്റെ മക്കയായ കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽ ഗോകുലം കേരള എഫ്‌സിയുടെ ഉയിർപ്പ്‌. ഐ ലീഗ്‌ ഫുട്‌ബോളിലെ ത്രസിപ്പിച്ച കളിയിൽ പഞ്ചാബ്‌ എഫ്‌സിയെ 4–-3ന്‌ വീഴ്‌ത്തി. 1–3ന് പിറകിലായശേഷം രണ്ടാംപകുതിയിലാണ്‌ ഗോകുലത്തിന്റെ തിരിച്ചുവരവ്‌. ഇരട്ടഗോൾ നേടിയ ഡെന്നീസ്‌ ആൻട്‌വിയാണ്‌ വിജയശിൽപ്പി. ആദ്യകളിയിൽ ചെന്നൈ സിറ്റിയോട്‌ തോറ്റ ഗോകുലം ലീഗിലെ ആദ്യജയമാണ്‌ കുറിച്ചത്‌.

ചെന്നൈക്കെതിരെ കളിച്ച ടീമിൽ മാറ്റങ്ങളുമായാണ്‌ പരിശീലകൻ വിൻസെൻസോ ആൽബർട്ടോ പടയാളികളെ അണിനിരത്തിയത്. മധ്യനിരയിൽ അഫ്‌ഗാൻ താരം ഷെരീഫ്‌ മുഹമ്മദും ഷിബിൽ മുഹമ്മദും ഇടംപിടിച്ചു. ആദ്യമിനിറ്റുകളിൽ ഇണക്കത്തോടെ പന്തുതട്ടിയ ഗോകുലത്തിന്‌ പ്രത്യാക്രമണത്തിലൂടെ പഞ്ചാബ്‌ മറുപടി നൽകി. മുന്നേറ്റങ്ങൾക്കിടെ പ്രതിരോധം മറന്ന ഗോകുലത്തെ ഭൂട്ടാൻകാരൻ ചെഞ്ചോ ശിക്ഷിച്ചു. 25 മിനിറ്റിനിടെ രണ്ടുവട്ടം ഈ മുന്നേറ്റക്കാരൻ ലക്ഷ്യംകണ്ടു. ഫിലിപ്‌ അദായിലൂടെ ഗോകുലം തിരിച്ചടിച്ചു. പക്ഷേ, പഞ്ചാബ്‌ കളി പിടിച്ചു. ഒരുമയോടെ അവർ പന്തുതട്ടി. ഇടവേളയ്‌ക്കുമുമ്പ്‌ റുപേർട്‌ നോൻഗ്രം പഞ്ചാബിന്‌ മൂന്നാംഗോൾ സമ്മാനിച്ചു. പഞ്ചാബ്‌–-3 ഗോകുലം–-1.
രണ്ടാംപകുതി ഗോകുലം കളി മാറ്റി. മുന്നേറ്റനിരയിൽ  ആൻട്‌വി–-അദാ സഖ്യം ഉശിരുകാട്ടി. പഞ്ചാബ്‌ പ്രതിരോധം വിയർത്തു. 53–-ാംമിനിറ്റിൽ ബോക്സിൽ വീഴ്‌ത്തിയതിന്‌ കിട്ടിയ പെനൽറ്റി ആൻട്‌വി പാഴാക്കി. പഞ്ചാബ്‌ ഗോളിയും ക്യാപ്‌റ്റനുമായ കിരൺ ചെഞ്ചോങ്‌ പന്ത്‌ തട്ടിയകറ്റി. ഇതിന്‌ പ്രായശ്ചിത്തമെന്നോണം ആൻട്‌വി കളിയിൽ മിന്നി. നാലു‌ മിനിറ്റുകൾക്കിടെ രണ്ടടിച്ച്‌ ഗോകുലത്തെ ഒപ്പമെത്തിച്ചു. പിന്നാലെ പഞ്ചാബ്‌ പ്രതിരോധക്കാരൻ അൻവർ അലിയുടെ പിഴവുഗോളിൽ ഗോകുലം കളി പിടിച്ചു. ബുധനാഴ്‌ച ഐസ്വാളിനെതിരെയാണ്‌ അടുത്ത കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top