കോഴിക്കോട്
ഐ ലീഗ് ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌സി ഇന്ന് റിയൽ കശ്‌മീരിനെ നേരിടും. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ വൈകിട്ട് നാലരയ്ക്കാണ് കളി. ചാമ്പ്യൻമാരായ ഗോകുലത്തിന് മുന്നേറാൻ ജയം അനിവാര്യമാണ്.
നിലവിൽ അഞ്ചാംസ്ഥാനത്തുള്ള ഗോകുലത്തിന് 11 കളിയിൽ 18 പോയിന്റുണ്ട്. ജയിച്ചാൽ മൂന്നാംസ്ഥാനത്തേക്ക് കയറാം. 18 പോയിന്റുള്ള കശ്‌മീർ ഗോൾ ശരാശരിയിൽ ഗോകുലത്തേക്കാൾ ഒരുപടി മുന്നിലാണ്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ മത്സരങ്ങൾ പൂർത്തിയാക്കിയശേഷമാണ് ഗോകുലം രണ്ടാമത്തെ ഹോം ഗ്രൗണ്ടായ കോഴിക്കോട്ടെത്തിയത്. കോഴിക്കോട്ട് അഞ്ച് മത്സരങ്ങളാണുള്ളത്. ആറ് എവേ മത്സരങ്ങൾകൂടി കളിക്കും.
രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം സ്വന്തം കാണികൾക്കുമുന്നിലെ മത്സരത്തിൽ ടീമിന് വലിയ പ്രതീക്ഷയാണുള്ളതെന്ന് ഗോകുലം പരിശീലകൻ ഫ്രാൻസെസ് ബോണറ്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എതിരാളികൾ മികവുറ്റ ടീമാണ്. എന്നാൽ, വിജയംമാത്രമാണ് ലക്ഷ്യമിടുന്നത്. നേരത്തേയുള്ള പരിശീലകൻ പ്രതിരോധത്തിനാണ് മുൻഗണന നൽകിയിരുന്നതെങ്കിൽ പുതിയ പരിശീലകൻ ആക്രമണത്തിനാണ് ഊന്നൽ നൽകുന്നതെന്ന് കളിക്കാരനായ രാഹുൽരാജ് പറഞ്ഞു. ഗോകുലം എഫ്‌സി മികവുറ്റ ടീമാണെന്നും നിലവിലുള്ള കാലാവസ്ഥ ടീമിന് അനുയോജ്യമാണെന്നും റിയൽ കശ്‌മീർ പരിശീലകൻ മെറാജ് ഉദിൻ വദൂ പറഞ്ഞു.
29ന് മുംബൈ കെൻകെറെയുമായും ഫെബ്രുവരി ഒമ്പതിന് പഞ്ചാബുമായും 25ന് ഐസ്വാളുമായാണ് കളി. ശ്രീനിധിയുമായുള്ള മത്സരതീയതി പിന്നീട് തീരുമാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..