19 April Friday
വിജയഗോൾ കെയ്ൻ നേടി

സിറ്റി തകർത്ത്‌ കെയ്‌ൻ ; ടോട്ടനം സിറ്റിയെ 
ഒരു ഗോളിന് തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023


ലണ്ടൻ
ടോട്ടനത്തിന്റെ കോട്ടയിൽ മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ ഗതിയില്ല. ഒരിക്കൽക്കൂടി ടോട്ടനം ഹോട്‌സ്‌പർ സ്‌റ്റേഡിയത്തിൽ സിറ്റി തോറ്റു. എവർട്ടൺ അഴ്‌സണലിനെ തോൽപ്പിച്ചതോടെ  ലീഡ്‌ കുറക്കാമെന്ന സിറ്റിയുടെ മോഹമാണ്‌ പൊലിഞ്ഞത്‌. ഒരു ഗോളിനാണ്‌ ടോട്ടനം ജയം. ഹാരി കെയ്‌ൻ വല കുലുക്കി.

അഴ്‌സണലിനെക്കാൾ അഞ്ച്‌ പോയിന്റ്‌ പിന്നിലാണ്‌ സിറ്റി. ഒരു മത്സരം കൂടുതൽ കളിക്കുകയും ചെയ്‌തു. കഴിഞ്ഞ അഞ്ച് സീസണിൽ നാലുതവണ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ചാമ്പ്യൻമാരായ സിറ്റിക്ക്‌ ടോട്ടനം സ്‌റ്റേഡിയത്തിൽ ഇതുവരെ ജയമില്ല. അഞ്ച്‌ കളിയിൽ അഞ്ചിലും തോറ്റു. ഒറ്റ ഗോളും നേടാനായിട്ടില്ല.  സിറ്റിയുടെ കിരീട സാധ്യതയ്‌ക്ക്‌ മങ്ങലേൽപ്പിക്കുന്ന ഫലമായി ഇത്‌. ഈ സീസണിൽ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ 4–-2നായിരുന്നു സിറ്റിയുടെ ജയം. ഇത്തിഹാദ്‌ സ്‌റ്റേഡിയത്തിൽ രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്ന ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്‌.

ഇക്കുറി സിറ്റിക്ക്‌ ടോട്ടനത്തിന്റെ പ്രതിരോധവാതിൽ തുറക്കാനായില്ല. എമേഴ്‌സൺ റോയൽ സിറ്റിയുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. സിറ്റിയുടെ ഗോളടിക്കാരൻ എർലിങ്‌ ഹാലണ്ടിന്‌ അനങ്ങാനായില്ല. ഇകായ്‌ ഗുൺഡോവനും കെവിൻ ഡി ബ്രയ്‌നും പകരക്കാരുടെ ബഞ്ചിലായിരുന്നു.
കളിതുടങ്ങി കാൽമണിക്കൂർ തികയുമ്പോഴേക്കും ടോട്ടനം ലീഡ്‌ നേടി. പിയറി എമെറിക്‌ ഹോയ്‌ബർഗിന്റെ നീക്കത്തിൽ കെയ്‌ൻ ലക്ഷ്യംകണ്ടു. കെയ്‌നിന്റെ മറ്റൊരു ശ്രമം സിറ്റി ഗോൾകീപ്പർ എഡേഴ്‌സൺ തടഞ്ഞു. കളിയുടെ അവസാനഘട്ടത്തിൽ ടോട്ടനം പ്രതിരോധക്കാരൻ ക്രിസ്‌റ്റ്യൻ റൊമേറോ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി.

കെയ്‌ൻ ടോട്ടനത്തിന്റെ  എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി. ജിമ്മി ഗ്രീവെസിന്റെ റെക്കോഡാണ്‌ തിരുത്തിയത്‌. ടോട്ടനത്തിനായി കെയ്‌ൻ 416 കളിയിൽ 267 ഗോളടിച്ചു. പ്രീമിയർ ലീഗിൽ 200 ഗോളും തികച്ചു കെയ്‌ൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top