19 April Friday
ഇറ്റലിയെ വീഴ്‌ത്തി ഇംഗ്ലണ്ട്‌

കെയ്ൻ 54 ; ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

ഇറ്റലിക്കെതിരെ ലക്ഷ്യം കണ്ട ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ആഘോഷം image credit Harry Kane twitter

 

നേപ്പിൾസ്‌
ഇംഗ്ലണ്ട്‌ കുപ്പായത്തിൽ ഏറ്റവുമധികം ഗോളടിച്ച നേട്ടം സ്വന്തംപേരിൽ ചാർത്തിയ ഹാരി കെയ്‌നിന്റെ മിടുക്കിൽ ഇറ്റലിയെ വീഴ്‌ത്തി ഇംഗ്ലണ്ട്‌. യൂറോ കപ്പ്‌ യോഗ്യതാ ഫുട്‌ബോളിൽ 2–-1നാണ്‌ ചാമ്പ്യൻമാരെ ഇംഗ്ലണ്ട്‌ മറികടന്നത്‌. 1961നുശേഷം ആദ്യമായാണ്‌ ഇംഗ്ലീഷുകാർ ഇറ്റലിയിൽ ജയം പിടിക്കുന്നത്‌. ഡെക്ലാൻ റൈസാണ്‌ മറ്റൊരു ഗോൾ നേടിയത്‌. പെനൽറ്റിയിലൂടെയാണ്‌ കെയ്‌ൻ ലക്ഷ്യം കണ്ടത്‌. ഇറ്റലിക്കായി അരങ്ങേറ്റക്കാരൻ മാറ്റിയോ റെറ്റൈഗുയി ഗോളടിച്ചു.

വെയ്‌ൻ റൂണിയുടെ ഗോളടി റെക്കോഡാണ്‌ കെയ്‌ൻ തിരുത്തിയത്‌. റൂണിക്ക്‌ 123 കളിയിൽ 53 ഗോളായിരുന്നു. കെയ്‌നിന്‌ 54 ഗോളടിക്കാൻ 81 മത്സരമേ വേണ്ടിവന്നുള്ളു. 2015ലാണ്‌ ഇരുപത്തൊമ്പതുകാരൻ അരങ്ങേറിയത്‌. ഖത്തർ ലോകകപ്പ്‌ ക്വാർട്ടറിൽ കെയ്‌ൻ പെനൽറ്റി പാഴാക്കിയത്‌ ഇംഗ്ലണ്ടിന്‌ തിരിച്ചടിയായിരുന്നു.കഴിഞ്ഞ യൂറോ ഫൈനലിൽ ഇരുടീമുകളും മുഖാമുഖംവന്നപ്പോൾ ഷൂട്ടൗട്ടിലൂടെയാണ്‌ ഇറ്റലി ചാമ്പ്യൻമാരായത്‌.

നേപ്പിൾസിൽ ആദ്യപകുതി ഇംഗ്ലണ്ട്‌ പിടിമുറുക്കി. ജൂഡ്‌ ബെല്ലിങ്‌ഹാമിന്റെ തകർപ്പൻ ലോങ്‌റേഞ്ച്‌ ഇറ്റലിക്കാരൻ ഗോൾകീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മ തട്ടിയകറ്റി. പിന്നാലെ ആദ്യ ഗോൾ വന്നു. ബുകായോ സാക്കയുടെ കോർണറായിരുന്നു കാരണം. ബോക്‌സിൽ എത്തിയ പന്ത്‌ കെയ്‌ൻ ആദ്യം വലയിലേക്ക്‌ പായിച്ചു. പ്രതിരോധത്തിൽ തട്ടിമടങ്ങിയെന്തിയ പന്ത്‌ റൈസിന്‌ പാകത്തിലായിരുന്നു. ഇടവേളയ്‌ക്കുമുമ്പേ ലീഡ്‌ വർധിപ്പിച്ചു. ജിയോവാനി ഡി ലൊറെൻസോയുടെ കൈയിൽ പന്ത്‌ തട്ടിയതിനായിരുന്നു ഇംഗ്ലണ്ടിന്‌ പെനൽറ്റി കിട്ടിയത്‌. കെയ്‌ൻ റെക്കോഡിലേക്ക്‌ തൊടുത്തു.

ഇടവേള കഴിഞ്ഞെത്തിയുടനെ അർജന്റീന വംശജനായ റെറ്റൈഗുയി ഇറ്റലിയുടെ മറുപടി നൽകി. എൺപതാംമിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ്‌ കണ്ട്‌ ലൂക്‌ ഷാ മടങ്ങിയിട്ടും ഇംഗ്ലണ്ട്‌ പ്രതിരോധത്തിന്‌ പിടിവിട്ടില്ല. നാളെ ഉക്രയ്‌നുമായാണ്‌ അടുത്ത കളി. ഇറ്റലി മാൾട്ടയെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top