01 July Tuesday

കളി പഠിപ്പിച്ചത്‌ അച്ഛൻ, കരുത്തായ്‌ അമ്മ; പ്രണോയ്‌ നേടി തോമസ്‌ കപ്പ്‌

ജെയ‌്സൻ ഫ്രാൻസിസ‌്Updated: Monday May 16, 2022

തിരുവനന്തപുരം> എട്ടാം വയസ്സിൽ അച്ഛന്റെ കൈപിടിച്ച്‌ ബാഡ്‌മിന്റൺ കോർട്ടിലെത്തിയതാണ്‌  എച്ച്‌ എസ്‌ പ്രണോയ്‌. മകനെ  കളി പഠിപ്പിച്ചതും അച്ഛൻ സുനിൽകുമാർ. പ്രോത്സാഹനമേകി ഒപ്പം നിന്നു അമ്മ ഹസീന.  അച്ഛൻ പകർന്ന കളിയടവുകളും അമ്മയുടെ സ്‌നേഹവും  പ്രതിഭയ്‌ക്ക്‌ കരുത്തായപ്പോൾ തിരുവനന്തപുരത്തുകാരനിലൂടെ  രാജ്യത്തിന്‌ ലഭിച്ചു  തോമസ്‌ കപ്പ്‌.

പതിനാറ്‌ വയസ്സുവരെ അച്ഛനായിരുന്നു  പരിശീലകൻ. അതിനുശേഷമാണ്‌ പ്രണോയ്‌ ഗോപീചന്ദ്‌ അക്കാദമിയിലെത്തുന്നത്‌.  ‘കുട്ടി പ്രണോയ്‌’ റാക്കറ്റെടുത്ത ആദ്യ നാളുകളിൽ മികവ്‌ തിരിച്ചറിഞ്ഞു. സംസ്ഥാന ചാമ്പ്യൻഷിപ്പുകളടക്കം ഇക്കാലളവിൽ നേടി.   പ്ലസ്‌വണ്ണിന്‌ പ്രമുഖ സ്‌കൂളിൽ പ്രവേശനം ലഭിച്ച വേളയിലാണ്‌ ജൂനിയർ വേൾഡ്‌ കപ്പ്‌ വരുന്നത്‌. സ്‌കൂൾ അധികൃതർക്ക്‌ ഹാജർ നിർബന്ധം. അവർ പറഞ്ഞതനുസരിച്ചാൽ ദേശീയ ക്യാമ്പും വേൾഡ്‌ കപ്പും നഷ്ടമാകും. കളി നഷ്ടമാകാതിരിക്കാൻ  ആ സ്‌കൂളിൽ നിന്നും ടിസി വാങ്ങി ഓപ്പൺ സ്‌കൂളിൽ ചേർക്കുകയായിരുന്നു. ആ പിന്തുണയുടെയും കരുതലിന്റെയും ഊർജത്തിലാണ്‌ പ്രണോയിയുടെ ജൈത്രയാത്ര.

‘‘ മകൻ അംഗമായ ടീം തോമസ്‌ കപ്പ്‌ നേടിയതിൽ വളരെ സന്തോഷും അഭിമാനവുമുണ്ട്‌. ഫൈനലിൽ അവന്‌ ഇറങ്ങാൻ കഴിയാതിരുന്നതിൽ വിഷമമില്ല. ഇന്ത്യ സ്വർണം നേടുകയാണ്‌ പ്രധാനം. അത്‌ സാധിച്ചു. സെമി ഫൈനലിൽ പ്രണോയ്‌ പരിക്ക്‌ മറന്ന്‌ ഉജ്വലമായാണ്‌ കളിച്ചത്‌.

കളി കഴിഞ്ഞശേഷം അവൻ വിളിച്ചിരുന്നു. ഈ വിജയം നാടിനും വളർന്നുവരുന്ന താരങ്ങൾക്കും പ്രചോദനമാകും. -സുനിൽകുമാറിന്റെയും ഹസീനയുടെയും വാക്കുകൾ.

‘‘പവർ ഗെയിമാണ്‌ അവന്റേത്‌. ഈ ശൈലിയിൽ പരിക്കേൽക്കാനുള്ള സാധ്യതയും കൂടുതൽ. പരിക്കുകളാണ്‌ പലപ്പോഴും അവന്‌ തിരിച്ചടിയായത്‌. കളിയെപ്പറ്റിയെല്ലാം വീട്ടിൽ ചർച്ച ചെയ്യും. കളിക്കാൻ പറ്റാവുന്നിടത്തോളം അവൻ കളിക്കണമെന്നാണ്‌ ആഗ്രഹമെന്നും ഇരുവരും പറഞ്ഞു. ആനയറ സ്വദേശികളാണ്‌ പ്രണോയിയുടെ മാതാപിതാക്കൾ. നിലവിൽ ആക്കുളത്താണ്‌ താമസം. സഹോദരി പ്രിയങ്ക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top