29 March Friday

റണ്ണൊഴുക്കാൻ ഇന്ത്യ ഇന്നെത്തും

ജയ്‌സൺ ഫ്രാൻസിസ്‌Updated: Monday Sep 26, 2022

തിരുവനന്തപുരത്ത് എത്തിയ ദക്ഷിണാഫ്രിക്കൻ താരം ആൻറിച്ച് നോ-ർത്യെയെ സ്വീകരിക്കുന്നു

തിരുവനന്തപുരം> കാര്യവട്ടം ഗ്രീൻഫീൽഡ്‌ ഒരുങ്ങി. റണ്ണൊഴുകുന്ന പിച്ചിൽ കളിക്കാൻ ദക്ഷിണാഫ്രിക്കയെത്തി. ഇന്ത്യൻ ടീം ഇന്ന്‌ വൈകിട്ട്‌ നാലരയ്‌ക്ക്‌ ഹൈദരാബാദിൽനിന്ന്‌ എത്തും. ട്വന്റി20 പരമ്പരയിലെ ആദ്യകളി ബുധൻ രാത്രി ഏഴിനാണ്‌. 

ദക്ഷിണാഫ്രിക്ക മുൻകൂട്ടി നിശ്ചയിച്ച പരിശീലനം റദ്ദാക്കി കോവളത്തെ സ്വകാര്യഹോട്ടലിൽ വിശ്രമിച്ചു.  ഇന്ന്‌ വൈകിട്ട് അഞ്ചിന് ഗ്രീൻഫീൽഡിൽ പരിശീലനത്തിനിറങ്ങും. നാളെ വൈകിട്ടാണ്‌ ഇന്ത്യയുടെ പരിശീലനം. അന്നുതന്നെ ക്യാപ്‌റ്റന്മാർ മാധ്യമങ്ങളെ കാണും.
മത്സരത്തിന്റെ 73 ശതമാനം ടിക്കറ്റുകളും വിറ്റു. 5200 ടിക്കറ്റുകളാണ് ശേഷിക്കുന്നത്‌. www.paytminsider.in വഴിയാണ് ടിക്കറ്റ് വിൽപ്പന. അക്ഷയ കേന്ദ്രങ്ങൾവഴിയും ടിക്കറ്റെടുക്കാം.

ഗ്രീൻഫീൽഡിൽ ഇന്ത്യ നാലാമത്തെ കളിക്കാണ്‌ ഇറങ്ങുന്നത്‌. മൂന്ന്‌ മത്സരങ്ങളിൽ രണ്ടിലും ജയിച്ചു. 2017 നവംബറിലായിരുന്നു ആദ്യകളി. ഇന്ത്യ–-ന്യൂസിലൻഡ്‌ ട്വന്റി20 പരമ്പരയിലെ കലാശപ്പോരാട്ടം. കിവികളെ തകർത്തത്‌ ആറ്‌ റണ്ണിന്‌. മഴ കാരണം എട്ട്‌ ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ നേടിയത്‌ 67 റൺ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ്‌ 61ൽ തീർന്നു. ജസ്‌പ്രിത്‌ ബുമ്ര കളിയിലെ കേമനായി. പരമ്പര ഇന്ത്യക്ക്‌.

2018ൽ ഏകദിന മത്സരമായിരുന്നു. എതിരാളി വെസ്‌റ്റിൻഡീസ്‌. 31.5 ഓവറിൽ വിൻഡീസ്‌ കളമൊഴിഞ്ഞപ്പോൾ സ്‌കോർ 104.
രോഹിത്‌ ശർമയും കോഹ്‌ലിയും ചേർന്ന്‌ 14.5 ഓവറിൽ ജയമൊരുക്കി. നഷ്ടമായത്‌ ഒരുവിക്കറ്റ്‌. 56 റണ്ണുമായി ഗ്രീൻഫീൽഡിലെ ആദ്യ അർധശതകം രോഹിതിന്റെ പേരിൽ. നാല്‌ വിക്കറ്റ്‌ നേടിയ രവീന്ദ്ര ജഡേജ മാൻ ഓഫ്‌ ദി മാച്ച്‌. ജയത്തോടെ പരമ്പരയും.ഭാഗ്യസ്‌റ്റേഡിയമെന്ന്‌ വിശേഷണം നേടിയ ഗ്രീൻഫീൽഡിൽ ഇന്ത്യക്ക്‌ 2019ൽ അടിതെറ്റി. കണക്ക്‌ തീർത്തതും കഥകഴിച്ചതും വെസ്‌റ്റിൻഡീസ്‌.

ട്വന്റി20 മത്സരത്തിൽ ആദ്യമിറങ്ങിയ ആതിഥേയർ പടുത്തുയർത്തിയ സ്‌കോർ 170. തിളങ്ങിയത്‌ ശിവംദുബെ 54. എന്നാൽ, മോശം ബൗളിങ്ങും ഫീൽഡർമാരുടെ പിഴവുകളും ഇന്ത്യയുടെ കഥകഴിച്ചു. ലെൻഡൽ സിമ്മൺസ്‌ (പുറത്താകാതെ 67) മുന്നിൽനിന്ന്‌ നയിച്ച്‌ വിൻഡീസിനെ വിജയത്തിലെത്തിച്ചു. നഷ്ടമായത്‌ രണ്ട്‌ വിക്കറ്റ്‌ മാത്രം. സ്‌കോർ 173. സിമ്മൺസ്‌ മാൻ ഓഫ്‌ ദി മാച്ച്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top