20 April Saturday

ഗോകുലം തകർത്തു ; എഎഫ്സി കപ്പിൽ എടികെ ബഗാനെ 4–2ന് വീഴ്‌ത്തി

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

image credit Gokulam KeralaFC twitter


കൊൽക്കത്ത
ഐഎസ്‌എൽ മുൻ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ നിലംപരിശാക്കി എഎഫ്സി കപ്പിൽ ഗോകുലം കേരള എഫ്സിക്ക് ആവേശത്തുടക്കം. കൊൽക്കത്ത സാൾട്ട്-ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ രണ്ടിനെതിരെ നാല് ഗോളിനാണ് ഗോകുലം എടികെ ബഗാനെ തകർത്തത്. എഎഫ്സി കപ്പിലെ അരങ്ങേറ്റമായിരുന്നു ഗോകുലത്തിന്.ജയത്തോടെ ഗ്രൂപ്പ് ഡിയിൽ ഒന്നാമതാണ് ഗോകുലം.

ലൂക്കാ മെയ്സന്റെ ഇരട്ടഗോളിലായിരുന്നു കുതിപ്പ്. മലയാളി താരങ്ങളായ റിഷാദും എം എസ് ജിതിനും മറ്റ് ഗോളുകൾ നേടി.
ഐ ലീഗ് ജേതാക്കളായി ദിവസങ്ങൾക്കുള്ളിലാണ് ഗോകുലം വീണ്ടും കളത്തിലെത്തിയത്. ഐ ലീഗിലെ ആഘോഷം കൊൽക്കത്തയിലും തുടർന്നു. അഞ്ച് മലയാളി താരങ്ങളായിരുന്നു ടീമിൽ.

ആദ്യപകുതിയിൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളൊന്നും പിറന്നില്ല. എടികെ ബഗാനായിരുന്നു പന്ത് നിയന്ത്രണത്തിൽ മുന്നിൽ.
എന്നാൽ, രണ്ടാംപകുതിയിൽ ഗോൾ നിറഞ്ഞു. താഹിർ സമാന്റെ നീക്കത്തിൽ ലൂക്ക തൊടുത്തു. ഗോകുലം മുന്നിൽ. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ലീഡ് കെെവിട്ടു. ലിസ്റ്റൺ കൊളാസോ ഒരുക്കിയ അവസരം പ്രീതം കോട്ടൽ വലയിലേക്ക് പായിച്ചപ്പോൾ എടികെ ബഗാൻ ഒപ്പമെത്തി. ഗോകുലം വിട്ടുകൊടുത്തില്ല. റിഷാദിലൂടെ വീണ്ടും മുന്നിൽ. ജോർദെയ്ൻ ഫ്ളെച്ചർ വഴിയൊരുക്കി. പിന്നാലെ ഫ്ളെച്ചർ മറ്റൊരു ഗോളിനും വഴിതുറന്നു. ഇക്കുറി ലൂക്ക രണ്ടാംഗോളിലൂടെ ലീഡ് വർധിപ്പിച്ചു.

മറുവശത്ത് എടികെ ബഗാന്റെ ഗോൾശ്രമങ്ങളെ ഗോകുലം പ്രതിരോധം കൃത്യമായി പ്രതിരോധിച്ചു. ഇതിനിടെ കൊളാസോ ഫ്രീകിക്കിലൂടെ ഗോകുലത്തിന്റെ ലീഡ് കുറച്ചു. സമനില പിടിക്കാനുള്ള എടികെ ബഗാന്റെ ശ്രമത്തിനിടെയാണ് ജിതിൻ ഗോകുലത്തിന്റെ ജയം പൂർത്തിയാക്കുന്നത്. തുടർന്നും അവസരങ്ങൾ കിട്ടിയെങ്കിലും ഗോളെണ്ണം കൂട്ടാനായില്ല. ഗ്രൂപ്പിൽ ഇനി രണ്ട് മത്സരങ്ങളാണ് ബാക്കി. 21ന് മാലദ്വീപ് ക്ലബ് മാസിയക്കെതിരെയാണ് അടുത്ത മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top