01 July Tuesday
‘ഗോകുലകാലം’ ; തുടർച്ചയായ രണ്ടാം കിരീടം

ഗോകുലത്തിന് ദേശീയ വനിതാ ലീഗ് കിരീടം ; ഫെെനലിൽ സേതു എഫ്സിയെ തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

image credit: gokulam kerala fc


ഭൂവനേശ്വർ
ഇത്തവണയും ഗോകുലം കേരളത്തിന്റെ പെൺപ്പടയ്‌ക്ക്‌ എതിരില്ല. പുരുഷന്മാർക്ക് പിന്നാലെയാണ് തുടർച്ചയായ രണ്ടാംവട്ടവും ഗോകുലം ദേശീയ ഫുട്‌ബോൾ ലീഗ്‌  കിരീടം ചൂടിയത് . തമിഴ്‌നാട്‌ ക്ലബ് സേതു എഫ്‌സിയെ 3–-1-ന്‌ തോൽപ്പിച്ചാണ്‌ നേട്ടം. ആശാലത ദേവി, എൽഷദായ് അചെങ്‌പോ, -മനീഷ കല്യാൺ എന്നിവർ ലക്ഷ്യം കണ്ടു. എല്ലാ കളിയും ജയിച്ച്‌ ഗോളടിച്ചുകൂട്ടിയാണ്‌ ചാമ്പ്യൻ ടീമായത്‌. കളിച്ച പതിനൊന്നിലും ജയിച്ച്‌ 33 പോയിന്റ്‌ നേടി അതിഥി ചൗഹാനും സംഘവും. 66 ഗോളടിച്ചു.

കിരീടം ഉറപ്പിക്കാൻ തോൽക്കാതിരുന്നാൽ മതിയായിരുന്നു ഗോകുലത്തിന്‌. എന്നാൽ, ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിൽ ഗോകുലത്തെ വിറപ്പിച്ചാണ്‌ സേതു തുടങ്ങിയത്‌. മൂന്നാംമിനിറ്റിൽ രേണു റാണിയിലൂടെ ലീഡെടുത്തു. ഒന്നു വഴങ്ങിയതിന്റെ പതർച്ച കാട്ടിയില്ല ഗോകുലം. പ്രതിരോധക്കാരി ആശാലതയിലൂടെ ഒപ്പമെത്തി. പിന്നാലെ ഇടവേളയ്‌ക്കുമുമ്പുതന്നെ എൽഷാദിയും മനീഷയും രണ്ടെണ്ണംകൂടി നേടി ജയമുറപ്പിച്ചു. ലീഗിൽ 20 ഗോളടിച്ച്‌ ഗോകുലത്തിന്റെ ഘാന താരം എൽഷാദി ഗോൾവേട്ടക്കാരിയായി.

ടീം: അതിഥി ചൗഹാൻ (ക്യാപ്‌റ്റൻ), ശ്രേയ ഹൂഡ, എസ്‌ അനിത, ആശാലത ദേവി, രഞ്ജന ചാനു, സി രേഷ്‌മ, ഋതു റാണി, സമിക്ഷ, മഞ്ജു ബേബി, ദാലിമ ചിബ്ബെർ, സോണാലി, ദാങ്‌മെയ്‌ ഗ്രെയസ്‌, കാഷ്‌മിന, കരിഷ്‌മ, രതൻ ബാലാദേവി, മനീഷ, സൗമ്യ, കെ മാനസ, വിൻ തേങ്ങി തുൻ, എൽഷാദി, ജ്യോതി, ഹർമിലൻ കൗർ. ആന്റണി ആൻഡ്രൂസാണ്‌ പരിശീലകൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top