25 April Thursday

വിമർശകർ കാപട്യക്കാർ : ഇൻഫാന്റിനോ ; യൂറോപ്പിനെതിരെ ആഞ്ഞടിച്ച് ഫിഫ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022


ദോഹ
ഖത്തറിനെ വിമർശിക്കുന്ന യൂറോപ്പിനെതിരെ ആഞ്ഞടിച്ച് ഫിഫ പ്രസിഡന്റ്‌ ജിയാനി ഇൻഫാന്റിനോ. വിമർശകർ കാപട്യക്കാരാണ്. ഓരോ വിഷയത്തിലും ആത്മപരിശോധന നടത്തിയിട്ട് വേണം മറ്റുള്ളവരെ ഗുണദോഷിക്കാൻ. യൂറോപ്‌ ഉയർത്തിയ ഖത്തറിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ, കുടിയേറ്റ തൊഴിലാളികളുടെ ജീവിതം, ഭിന്നലിംഗക്കാരുടെ സാനിധ്യം, മദ്യലഭ്യത തുടങ്ങി എല്ലാ വിഷയങ്ങളിലും കിക്കോഫിന്റെ തലേന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഇൻഫാന്റിനോ തുറന്നടിച്ചു.

യൂറോപ് കഴിഞ്ഞ മൂവായിരം വർഷമായി ചെയ്തുകൊണ്ടിരിക്കുന്ന തെറ്റായ കാര്യങ്ങൾക്ക് അടുത്ത മൂവായിരം വർഷത്തേക്ക് മാപ്പ് പറഞ്ഞാകണം മറ്റുള്ളവരെ വിമർശിക്കാൻ ഇറങ്ങിപ്പുറപ്പെടേണ്ടത്. അതിനാൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിവാദങ്ങൾ അവസാനിപ്പിച്ച് ഫുട്ബോളിൽ ശ്രദ്ധിക്കുക.
മനുഷ്യാവകാശ പ്രശ്നങ്ങൾ ഇല്ലാത്ത ഏത് യൂറോപ്യൻ രാജ്യമാണുള്ളത്. സ്വിറ്റ്സർലൻഡുകാരനായ ഞാനും കുടിയേറ്റക്കാരൻ്റെ മകനാണ്. അവരുടെ ജീവിതം നല്ലപോലെ അറിയാം. അതിനാൽ ഒരുവശം മാത്രമുള്ള സാരോപദേശം നിർത്താൻ സമയമായി. ലോകമെമ്പാടുമുള്ള ജനങ്ങൾ കാത്തിരിക്കുന്നത് കളിയാണ്. ഖത്തറിനെ വിമർശിക്കുന്നത് അവസാനിപ്പിക്കണം. എല്ലാ തീരുമാനങ്ങളും ഫിഫയുമായി ചർച ചെയ്താണ് എടുക്കുന്നത്. അതിനാൽ ഫിഫയേയും അതിൻ്റെ പ്രസിഡൻ്റിനേയും വിമർശിക്കുക. ഏറ്റവും മികച്ച ലോകകപ്പാവും ഖത്തറിലേത്. എല്ലാവരുടേയും കണ്ണ് തുറപ്പിക്കുന്ന ഒന്നാവും. അറബ് ലോകത്ത് സൗഹാർദം വർധിപ്പിക്കാൻ വഴിയൊരുക്കും.

എല്ലാവർക്കും ഖത്തറിലേക്ക് വരാം. ഒരാൾക്കും വിലക്കില്ല. കളിയേക്കാൾ വലുതല്ല ബിയർ. ഇപ്പോൾ ചർച്ച പോകുന്നത് ആ വഴിക്കാണ്. ഫാൻ സോണുകളിൽ ബിയർ ലഭ്യമാണ്. ഒരു ദിവസം മൂന്ന് മണിക്കൂർ ബിയർ അടിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്നും ഇൻഫാന്റിനോ പരിഹസിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top