06 July Sunday

മാന്ത്രികൻ മുസിയാല ; ജർമൻ ലീഗിൽ ബയേണിന്‌ തുടർച്ചയായ 11–-ാം കിരീടം

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

വിജയഗോൾ നേടിയ ജമാൽ മുസിയാലയുടെ ആഘോഷം image credit bayern munich twitter

ബെർലിൻ
ജർമൻ ഫുട്‌ബോൾ ലീഗിൽ ബയേൺ മ്യൂണിക്‌ തന്നെ. തുടർച്ചയായ 11–-ാം തവണയും അവർ കിരീടമുയർത്തി. ആകെ 33 കിരീടങ്ങൾ.
കിരീടപ്പോരിന്റെ അവസാനദിനം എല്ലാ ആവേശ നിമിഷങ്ങൾക്കുശേഷം ബയേൺ നിറഞ്ഞപ്പോൾ ബൊറൂസിയ ഡോർട്ട്‌മുണ്ടിന്‌ അത്‌ കണ്ണീർരാത്രിയായി.

നിർണായക മത്സത്തിൽ ജമാൽ മുസിയാലയെന്ന മാന്ത്രികന്റെ ഗോളിൽ ബയേൺ കൊളോണിനെ 2–-1ന്‌ മറികടന്നു. മറുവശത്ത്‌ അവസാന നിമിഷം മെയ്‌ൻസിനോട്‌ 2–-2ന്‌ സമനില പിടിച്ചിട്ടും ഡോർട്ട്‌മുണ്ടിന്‌ കാര്യമുണ്ടായില്ല. അപ്പോഴേക്കും അവർ വൈകിയിരുന്നു. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഗോൾ വ്യത്യാസത്തിൽ ഡോർട്ട്‌മുണ്ട്‌ പിന്നിലായി. ബയേണിനും ഡോർട്ട്‌മുണ്ടിനും 71 വീതം  പോയിന്റാണ്‌.

കളി തുടങ്ങുംമുമ്പ്‌ ഡോർട്ട്‌മുണ്ടിന്‌ 70 ഉം ബയേണിന്‌ 68ഉം പോയിന്റായിരുന്നു. രണ്ട്‌ പോയിന്റ്‌ മുന്നിലുള്ള ഡോർട്ട്‌മുണ്ടിന്‌ സ്വന്തം തട്ടകത്തിൽ മെയ്‌ൻസിനെ തോൽപ്പിച്ചാൽ കിരീടം ഉയർത്താമെന്ന നില. മറുവശത്ത്‌, ഡോർട്ട്‌മുണ്ട്‌ ജയിച്ചാൽ ബയേണിന്‌ കൊളോണിനെ തോൽപ്പിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല. എന്നാൽ, അവസാനദിനം കഥമാറി. ആദ്യഘട്ടത്തിൽത്തന്നെ ഡോർട്ട്‌മുണ്ടിന്‌ മെയ്‌ൻസിനോട്‌ രണ്ടുഗോളിന്‌ പിന്നിലായി. കൊളോണിനെതിരെ ബയേൺ ഒരു ഗോളിന്‌ ലീഡ്‌ നേടുകയും ചെയ്‌തു.

ബയേൺ ആഘോഷത്തിലും ഡോർട്ട്‌മുണ്ട്‌ നിരാശയിലുമായി. മൂന്ന്‌ ഗോൾ തിരിച്ചടിച്ചാൽമാത്രം ഡോർട്ട്‌മുണ്ടിന്‌ പ്രതീക്ഷ. 69–-ാം മിനിറ്റിൽ റാഫേൽ ഗുറെയ്‌റോ ഒരെണ്ണം മടക്കിയതോടെ അവർ ശ്വാസം വീണ്ടെടുത്തു. ഇതിനിടെ, 81–-ാം മിനിറ്റിൽ കൊളോൺ ലുബിസിച്ചിന്റെ  പെനൽറ്റി ഗോളിൽ ബയേണിനെ തളച്ചു. ഡോർട്ട്‌മുണ്ടിന്‌ ജീവൻ തിരിച്ചുകിട്ടി. ഈ ഘട്ടത്തിൽ ഡോർട്ട്‌മുണ്ടിന്‌ 70ഉം ബയേണിന്‌ 69ഉം പോയിന്റ്‌. കളി അവസാന ഘട്ടത്തിലേക്ക്‌ നീങ്ങി. മെയ്‌ൻസിനോട്‌ പിന്നിട്ടുനിൽക്കുന്ന അവസ്ഥയിലും ഡോർട്ട്‌മുണ്ട്‌ കാണികൾ ആഘോഷത്തിലായിരുന്നു. എന്നാൽ, അവരുടെ ഹൃദയം തകർത്തായിരുന്നു മുസിലായുടെ ഷോട്ട്‌ കൊളോൺ വലയിലേക്ക്‌ പതിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top