പാരിസ്
തീക്കാറ്റുപോലെ പടരാൻ ശ്രമിച്ച സ്‌പാനിഷ് കൗമാരതാരം കാർലോസ് അൽകാരസിന്റെ ശക്തി ചോർത്തി നൊവാക് ജൊകോവിച്ച്. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് സെമിയിൽ തകർപ്പൻ ജയത്തോടെ(6–-3, 5–-7, 6–-1, 6–-1) ഫൈനലിൽ കടന്നു. ജൊകോയുടെ ഏഴാം ഫൈനലാണ്. 2021ലും 2016ലും ചാമ്പ്യനായി. ആദ്യ രണ്ട് സെറ്റിൽ ചടുലമായ കളി പുറത്തെടുത്ത അൽകാരെസിന് കാലിന് പരിക്കേറ്റത് തിരിച്ചടിയായി. പലതവണ ചികിത്സ തേടിയെങ്കിലും കളിയുടെ വേഗം കുറഞ്ഞു.
വനിതകളിൽ തുടർച്ചയായി രണ്ടാം കിരീടം ലക്ഷ്യമിട്ട് പോളിഷ് താരം ഇഗ ഷ്വാടെക്. കളിമൺ കോർട്ടിൽ ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന ഫൈനലിൽ ചെക്ക് താരം കരോലിന മുചോവയാണ് എതിരാളി. ഒന്നാംറാങ്കുകാരിയായ ഇഗ 2020ലും 2022ലും കിരീടം നേടിയിട്ടുണ്ട്. ഇരുപത്തിരണ്ടുകാരി സെമിയിൽ ബ്രസീൽ താരം ബിയാത്രിസ് ഹദാജ് മായയെ 6–-2, 7–-6ന് തോൽപ്പിച്ചു.
മുചോവ സെമിയിൽ രണ്ടാംസീഡ് റഷ്യയുടെ അറീന സബലേങ്കയെ തോൽപ്പിച്ചു. ആദ്യ ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കുന്ന ഇരുപത്താറുകാരിയുടെ റാങ്ക് 43 ആണ്. ഏറെക്കാലം പരിക്ക് വലച്ചശേഷമാണ് കളത്തിൽ തിരിച്ചെത്തിയത്. ഇരുവരും നാലുവർഷംമുമ്പ് പ്രാഗ് ഓപ്പണിൽ ഏറ്റുമുട്ടിയപ്പോൾ മുചോവക്കായിരുന്നു ജയം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..