24 April Wednesday
പതിനാല് തവണ ചാമ്പ്യനായ റാഫേൽ നദാൽ പരിക്കുകാരണം ഇത്തവണയില്ല

കളിമൺ കളത്തിൽ ആര്‌ ; ഫ്രഞ്ച് ഓപ്പൺ ടെന്നീസിന് പാരിസിൽ ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

 
പാരിസ്‌
പതിനാല്‌ വർഷം റാഫേൽ നദാൽ കുത്തകയാക്കിവച്ച ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസ്‌ കിരീടത്തിനായി പുതിയ അവകാശികൾ ഇറങ്ങുന്നു. കളിമൺ കളത്തിലെ പോരാട്ടങ്ങൾക്ക്‌ ഇന്നാണ്‌ തുടക്കം. യുവതാരം കാർലോസ്‌ അൽകാരെസും സ്‌റ്റെഫനോസ്‌ സിറ്റ്‌സിപാസും മുൻ ചാമ്പ്യൻ നൊവാക്‌ ജൊകോവിച്ചും ഉൾപ്പെട്ട നിരയാണ്‌ പുരുഷ കിരീടത്തിനായി രംഗത്തുള്ളത്‌. വനിതകളിൽ നിലവിലെ ചാമ്പ്യൻ ഇഗ ഷ്വാടെക്‌, ജെസീക പെഗുല, അറീന സബലേങ്ക, കൊകൊ ഗഫ്‌ എന്നിവരാണ്‌ പ്രധാനികൾ.

പരിക്കുകാരണം നദാൽ പിന്മാറിയതോടെ യുവതാരം അൽകാരെസിലാണ്‌ കണ്ണുകൾ. കളിമൺ കളത്തിൽ തുടർച്ചയായ 12 ജയങ്ങളുമായാണ്‌ ഇരുപതുകാരൻ എത്തുന്നത്‌. ബാഴ്‌സലോണയിലും മാഡ്രിഡിലും കിരീടം നേടി. കഴിഞ്ഞവർഷത്തെ യുഎസ്‌ ഓപ്പൺ ചാമ്പ്യനാണ്‌ ഇരുപതുകാരൻ.
ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ ജൊകോവിച്ചിന്‌ പരിക്കിന്റെ ആശങ്കയുണ്ട്‌. ഫ്രഞ്ച്‌ ഓപ്പണിൽ രണ്ട്‌ കിരീടങ്ങളുണ്ട്‌ മുപ്പത്താറുകാരന്‌. കാസ്‌പെർ റൂഡും ഡാനിൽ മെദ്‌വദേവുമാണ്‌ മറ്റ്‌ പ്രധാന താരങ്ങൾ.

ആദ്യദിനം പ്രധാന താരങ്ങൾക്ക്‌ മത്സരമില്ല. അൽകാരെസിന്‌ ഇറ്റലിയുടെ യോഗ്യതാ താരം ഫ്ലാവിയോ കൊബോളിയാണ്‌ എതിരാളി. ജൊകോവിച്ച്‌ അമേരിക്കയുടെ അലെക്‌സാണ്ടർ കൊവാസെവിച്ചിനെ നേരിടും. വനിതാ സിംഗിൾസിൽ പോളണ്ടുകാരി ഇഗയ്‌ക്ക്‌ ഇക്കുറി വെല്ലുവിളി ഏറെയാണ്‌. സബലേങ്കയും ഗഫും ആണ്‌ മുന്നിൽ. സ്‌പെയ്‌നിന്റെ ക്രിസ്‌റ്റീന ബുക്‌സയാണ്‌ ഇഗയുടെ ആദ്യ റൗണ്ട്‌ എതിരാളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top