26 April Friday

തെളിഞ്ഞു ഒരു ലോകം

ഖത്തറിൽനിന്ന്‌ ആർ രഞ്‌ജിത്‌Updated: Monday Nov 21, 2022

twitter.com/FIFAWorldCup

ആവേശരാവിൽ ഒരുമയുടെ ഗാനം പാടി ഖത്തർ ലോകകപ്പിനെ വരവേറ്റു. ഒരുമണിക്കൂറിൽത്താഴെ ഉദ്‌ഘാടനച്ചടങ്ങ്‌. ഫുട്‌ബോൾ എല്ലാവരേയും ഒന്നിപ്പിക്കട്ടെയെന്ന്‌ വിഖ്യാത നടൻ മോർഗൻ ഫ്രീമാന്റെ പ്രത്യാശ. അതാവർത്തിച്ച്‌ ഫിഫ പ്രസിഡന്റ്‌ ഇൻഫാന്റിനോ. ഒടുവിൽ ഖത്തർ അമീർ തമീം ബിൻ ഹമദ്‌ അൽതാനിയുടെ പ്രഖ്യാപനം ‘വെൽകം ആൻഡ്‌ ഗുഡ്‌ലക്ക്‌’.

അൽഖോറിലെ അൽബെയ്‌ത്ത്‌ സ്‌റ്റേഡിയം അറബ്‌ കലാരൂപങ്ങൾക്കും സംഗീതവിരുന്നിനും സാക്ഷിയായി.  കൊറിയൻ സംഗീത ബാൻഡായ ബിടിഎസ്‌ സ്‌റ്റേഡിയത്തെ പിടിച്ചുകുലുക്കി. ഗായകൻ ജോങ് കൂക്ക്‌ ‘ഡ്രീംസ്‌’ എന്ന ഗാനവുമായെത്തി. കനേഡിയൻ ഗായിക നോഹ ഫത്തേഹിയും ലെബനീസ്‌ ഗായിക മിറിയം ഫറോസും കാണികളെ ഇളക്കിമറിച്ചു. മുൻ ലോകകപ്പുകളിലെ ഭാഗ്യചിഹ്നങ്ങൾ മൈതാനത്തിറങ്ങി. കൂട്ടിന്‌ ഈ ലോകകപ്പിന്റെ ഭാഗ്യചിഹ്നമായ ‘ലഈബും’ ഉണ്ടായിരുന്നു. 32 ടീമുകളുടെ ദേശീയപതാകയും കളിക്കാരുടെ ജേഴ്‌സിയും അണിഞ്ഞ കലാകാരന്മാർ മൈതാനത്ത്‌ ചുവടുവച്ചു.

ഖത്തർ ലോകകപ്പിന്റെ ഗാനം മുഴങ്ങി. അതിനൊപ്പം ഭാഗ്യചിഹ്നവും ലോകകപ്പ്‌ മുദ്രയും വേദിയിലെത്തി. ലോകനേതാക്കളെ സാക്ഷിയാക്കി മോർഗൻ ഫ്രീമാൻ, ഫുട്‌ബോൾ നൽകുന്ന സന്ദേശത്തെക്കുറിച്ച്‌ പറഞ്ഞു. ഏത്‌ പ്രതിസന്ധിയിലും ഫുട്‌ബോൾ ജനതയെ ഒരുമിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. സംഘാടനത്തിന്റെ സന്തോഷം ഖത്തർ അമീർ പങ്കുവച്ചു. എല്ലാവർക്കും സ്വാഗതവും ആശംസയും നേർന്നു.

ഖത്തറിലെ ജീവിതവും ഫുട്‌ബോളിന്റെ ചരിത്രവും കൂറ്റൻ സ്‌ക്രീനിൽ തെളിഞ്ഞു. ലോകകപ്പുകളുടെ ആവേശഗാനങ്ങളായ റിക്കി മാർട്ടിന്റെ  ‘ഗോൾ ഗോൾ... ഗോൾ..’ ഷക്കീറയുടെ ‘വക്കാ വക്കാ’ എന്നിവ സ്‌റ്റേഡിയത്തിൽ മുഴങ്ങിയപ്പോൾ കാണികൾക്ക്‌ ഇരിപ്പുറച്ചില്ല. അതിനൊപ്പം വെടിക്കെട്ടും അരങ്ങുകൊഴുപ്പിച്ചു. ഖത്തറിന്റെയും ഇക്വഡോറിന്റെയും ജേഴ്‌സിയണിഞ്ഞവരായിരുന്നു സ്‌റ്റേഡിയം നിറയെ. അവർ പാട്ടും ആർപ്പുവിളിയുമായി ആഘോഷിച്ചു. മഞ്ഞക്കുപ്പായത്തിൽ ഇക്വഡോറും മെറൂൺ ജേഴ്‌സിയിൽ ഖത്തറും കളത്തിലെത്തിയതോടെ കലാകാരന്മാർ പിൻവാങ്ങി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top