27 April Saturday

അടിച്ചും തിരിച്ചടിച്ചും കാമറൂൺ; സെർബിയക്ക്‌ സമനിലക്കുരുക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

Photocredit: Fifaworldcup/Twitter

ദോഹ> ആഫ്രിക്കയും യൂറോപ്പും തമ്മിലുള്ള പോര്‌. ഒരുവശം കാമറൂൺ, മറുവശം സെർബിയ. അടിച്ചും തിരിച്ചടിച്ചും നീണ്ട 90 മിനിറ്റുകൾ. ഒടുവിൽ 3–-3ന് കളി അവസാനിച്ചു. ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടമായി അതുമാറി. ബ്രസീലിനോട്‌ തോറ്റ സെർബിയക്കും സ്വിറ്റ്‌സർലൻഡിനോട്‌ തോറ്റ കാമറൂണിനും ജീവൻമരണ പോരാട്ടമായിരുന്നു. അതിനാൽ വിട്ടുകൊടുത്തില്ല ഇരുസംഘങ്ങളും. എങ്കിലും രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷം മനോഹരമായി തിരിച്ചുവന്ന കാമറൂണായിരുന്നു ഹൃദയം കവർന്നത്‌.

വിൻസെന്റ്‌ അബൂബക്കർ പകരക്കാരനായി എത്തുംവരെ 1–-3ന്‌ പിന്നിലായിരുന്നു കാമറൂൺ. തുടർന്നുള്ള നിമിഷങ്ങളിൽ സെർബിയയുടെ പ്രതിരോധക്കോട്ടയെ ഇടിച്ചുനിരത്തിയ കാമറൂണിനെയാണ്‌ കണ്ടത്‌. ആഫ്രിക്കൻ സിംഹങ്ങൾ അരങ്ങുവാണ നിമിഷങ്ങൾ.
റോജർ മില്ലയുടെ പിൻമുറക്കാർ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. അബൂബക്കർ ഒരുഗോളടിച്ചു. മറ്റൊന്നിന്‌ വഴിയൊരുക്കി. എറിക്‌ ചുപോമോടിങ്‌ ആണ്‌ ലക്ഷ്യംകണ്ടത്‌. പ്രതിരോധക്കാരൻ ജീൻസ്‌ ചാൾസ്‌ കാസ്‌റ്റെല്ലെറ്റോയുടെ ഗോളിൽനിന്ന്‌ കാമറൂണാണ്‌ ആവേശത്തിന്‌ തിരിതെളിച്ചത്‌. കോർണറിൽനിന്ന്‌ എത്തിയ പന്ത്‌ കാസ്‌റ്റെല്ലെറ്റോ പോസ്റ്റിന്‌ അരികിൽനിന്ന്‌ തട്ടിയിട്ടു.

സെർബിയ സർവസന്നാഹവുമായി കാമറൂൺ ഗോൾമുഖം ആക്രമിച്ചു. ദുസാൻ ടാഡിച്ചിന്റെ ഫ്രീകിക്ക്‌ പവ്‌ലോഹിച്ച്‌ തലകൊണ്ട്‌ വലയിലേക്ക്‌ കുത്തിയിട്ടു. 335 മിനിറ്റിനുശേഷമുള്ള സെർബിയയുടെ ആദ്യ ലോകകപ്പ്‌ ഗോൾ. നിമിഷങ്ങൾക്കുള്ളിൽ അവർ ലീഡും നേടി. കാമറൂണിന്റെ പ്രതിരോധപ്പിഴവ്‌. മിലിങ്കോവിച്ച്‌ സാവിച്ചാണ്‌ ഗോൾ നേടിയത്‌. ഇടവേളയ്‌ക്കുപിന്നാലെ അലക്‌സാണ്ടർ മിത്രോവിച്ച്‌  ലീഡുയർത്തി. സെർബിയ ജയം സ്വപ്‌നം കണ്ടു. കാമറൂണിന്റെ പദ്ധതി മറ്റൊന്നായിരുന്നു. മധ്യനിരയിൽനിന്ന്‌ ഒരാളെ വലിച്ച്‌ അധിക സ്‌ട്രൈക്കറായി അബൂബക്കറെ കൊണ്ടുവന്നു. അബൂബക്കർ കളി മാറ്റി. കളത്തിലെത്തി അഞ്ചാംമിനിറ്റിൽ സെർബിയൻ ഗോൾ കീപ്പറുടെ തലയ്‌ക്കുമുകളിലൂടെ പന്ത് തോണ്ടിയിട്ടു. അബൂബക്കറിന്റെ അടുത്തനീക്കത്തിൽ എറിക്‌ ചുപോമോടെങ്‌ സമനില പിടിച്ചു. അവസാന കളിയിൽ ബ്രസീലാണ്‌ കാമറൂണിന്റെ എതിരാളികൾ. സെർബിയക്ക്‌ സ്വിസും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top