19 April Friday

വീറോടെ വലെൻഷ്യ

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

Photo Credit:FIFA world cup twitter

ദോഹ > ഖത്തർ ലോകകപ്പിൽ ഇക്വഡോറിന്റെ  തകർപ്പൻ പ്രകടനം തുടരുന്നു. യൂറോപ്യൻ കരുത്തരായ നെതർലൻഡ്‌സിനെ ഇക്വഡോർ 1–-1ന്‌ പിടിച്ചുകെട്ടി. നായകൻ എന്നെർ വലെൻഷ്യയാണ്‌ ഒരിക്കൽക്കൂടി ഇക്വഡോറിനെ കാത്തത്‌. ഗാക്‌പോയുടെ ഗോളിൽ മുന്നിലെത്തിയ ഡച്ചിനെ വലെൻഷ്യയിലൂടെ ഇക്വഡോർ തളയ്‌ക്കുകയായിരുന്നു.

വലെൻഷ്യക്ക്‌ ഈ ലോകകപ്പിൽ മൂന്ന്‌ ഗോളായി. ഇക്വഡോറിനായി ലോകകപ്പിൽ ആകെ ആറ്‌ ഗോൾ. ഗ്രൂപ്പ്‌ എയിൽ ഇരുടീമുകൾക്കും നാലുവീതം പോയിന്റായി. മൂന്ന്‌ പോയിന്റുള്ള സെനെഗൽ തൊട്ടുപിന്നിലുണ്ട്‌. നാലാമതുള്ള ഖത്തർ രണ്ട്‌ കളിയും തോറ്റു. അവസാന കളിയിൽ ഡച്ചിന്‌ ഖത്തറാണ്‌ എതിരാളികൾ. ഇക്വഡോറും സെനെഗലും തമ്മിലാണ്‌ നിർണായക പോരാട്ടം. 29നാണ്‌ മത്സരങ്ങൾ.
മിന്നുന്ന തുടക്കമായിരുന്നു ഡച്ചിന്‌. ഇക്വഡോർ പ്രതിരോധത്തിന്റെ പിഴവ്‌ മുതലെടുത്ത്‌ ഗാക്‌പോയുടെ മിന്നുംഷോട്ട്‌. ഇക്വഡോർ ഒന്നുപതറി. പക്ഷേ, വളരെ വേഗത്തിൽ അവർ തിരിച്ചുവന്നു. വലെൻഷ്യയായിരുന്നു പോരാളി. ഇടതുവശത്ത്‌ നായകന്റെ മുന്നേറ്റത്തിന്‌ പെർവിസ്‌ എസ്‌തുപിനാൻ മികച്ച പിന്തുണ നൽകി. ഇതിനിടെ എസ്‌തുപിനാൻ ലക്ഷ്യം കണ്ടെങ്കിലും റഫറി അനുവദിച്ചില്ല.

ഇടവേളയ്‌ക്കുശേഷം എസ്‌തുപിനാന്റെ മറ്റൊരു ഷോട്ട്‌. ഇക്കുറി നോപ്പെർ തട്ടിയകറ്റി. പന്ത്‌ കിട്ടിയത്‌ വലെൻഷ്യക്ക്‌. ഡച്ച്‌ താരങ്ങൾ ഓഫ്‌ സൈഡെന്ന്‌ വാദിച്ചെങ്കിലും കാര്യമുണ്ടായില്ല. ആ ഗോളിൽ ഇക്വഡോറിന്റെ വീര്യം കൂടി. ഡച്ച്‌ പ്രത്യാക്രമണവും നടത്തി. ഇരു പ്രതിരോധവും ഉറച്ചുനിന്നതോടെ കളി 1–-1ൽ അവസാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top