26 April Friday

ഒരുവഴി, 
വിജയവഴി; അർജന്റീനയുടെ വിധിയെഴുത്ത്‌ ഇന്ന്‌ തുടങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

Photo Credit:Argentina National Football Team/facebook

ദോഹ > അർജന്റീനയുടെ വിധിയെഴുത്ത്‌ ഇന്ന്‌ തുടങ്ങുന്നു. മെക്‌സിക്കോയോട്‌ തോറ്റാൽ ലയണൽ മെസിക്കും കൂട്ടർക്കും ലോകകപ്പ്‌ മോഹങ്ങൾ അവസാനിപ്പിക്കാം. സമനിലയായാലും കുഴപ്പമാണ്‌. ജയംമാത്രമാണ്‌ ഏക പോംവഴി. സി ഗ്രൂപ്പിലെ മറ്റ്‌ മത്സരഫലങ്ങളും നിർണായകമാകും. വിജയക്കൊടുമുടിയിൽനിന്ന്‌ കാൽവഴുതിവീണ ആഘാതത്തിലാണ്‌ അർജന്റീനക്കാർ. അജയ്യരായാണ്‌ ഖത്തറിൽ വിമാനമിറങ്ങിയത്‌. അവസാന 36 കളിയിലും തോൽവി എന്തെന്ന്‌ മെസിയും പടയാളികളും അറിഞ്ഞിരുന്നില്ല. കോപ അമേരിക്കയുടെയും ഫൈനലിസിമ ട്രോഫിയുടെയും പകിട്ടുമുണ്ടായിരുന്നു. പക്ഷേ കണക്കിന്റെയും കരുത്തിന്റെയും പിൻബലം സൗദി അറേബ്യയ്‌ക്കെതിരെ തുണച്ചില്ല. 1–-2നായിരുന്നു അടിയറവ്‌ പറഞ്ഞത്‌.

ഇത്രനേരത്തേ ഈ നിലയിലാകുമെന്ന്‌ സ്വപ്നംപോലും കണ്ടിട്ടില്ല അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി. സൗദിക്കെതിരെ രണ്ടാംപകുതിയായിരുന്നു കളി കാര്യമായത്‌. ഏഷ്യൻ ശക്തികൾ സമനില ഗോൾ നേടിയതോടെ അർജന്റീനയുടെ ആത്മവിശ്വാസം ചോർന്നു. കൂട്ടായ പാസുകളിലൂടെ മുന്നേറുക എന്ന പദ്ധതി പാളി. ജിയോവനി ലൊ സെൽസോയുടെ അഭാവവും മുഴച്ചു. പ്രതിരോധത്തിലും വിങ്ങിലും അനക്കമുണ്ടായില്ല. മെക്‌സിക്കോയ്‌ക്കെതിരെ കളത്തിലെത്തുമ്പോൾ സ്‌കലോണിക്ക്‌ പരിഹരിക്കാൻ പ്രശ്‌നങ്ങളേറെയുണ്ട്‌. 1990 ലോകകപ്പിന്റെ ചരിത്രം ആവർത്തിക്കാമെന്ന ആത്മവിശ്വാസം ടീമിനുണ്ട്‌. അന്ന്‌ ആദ്യകളിയിൽ കാമറൂണിനോട്‌ തോറ്റശേഷം ഫൈനൽവരെ മുന്നേറി.

ഗ്രൂപ്പിൽ ആദ്യറൗണ്ട്‌ മത്സരം പൂർത്തിയായപ്പോൾ അർജന്റീന നാലാമതാണ്‌. ഒറ്റ പോയിന്റുമില്ല. സൗദിയാണ്‌ (3) ഒന്നാംസ്ഥാനത്ത്‌. മെക്‌സിക്കോയ്‌ക്കും പോളണ്ടിനും ഓരോ പോയിന്റുണ്ട്‌. ഇതിനാൽത്തന്നെ ശേഷിക്കുന്ന കളിയിൽ ജയമുറപ്പിച്ചില്ലെങ്കിൽ അർജന്റീന പരുങ്ങലിലാകും.

പോളണ്ടിനെതിരെ മെക്‌സിക്കോയ്‌ക്ക്‌ അത്രനല്ല കളിയായിരുന്നില്ല. പ്രതിരോധം പാളി. ഗോൾകീപ്പർ ഗില്ലർമോ ഒച്ചാവോയുടെ കരുത്തിലാണ്‌ തോൽക്കാതെ നിന്നത്‌. ഇന്ന് മറ്റൊരു മത്സരത്തിൽ സൗദി പോളണ്ടിനെ നേരിടും. പ്രീ ക്വാർട്ടർ ഉറപ്പിക്കുകയാണ് സൗദിയുടെ ലക്ഷ്യം. പോളണ്ടിന് നിർണായകമാണ് മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top