19 March Tuesday

ലോകകപ്പ്‌ കൗണ്ട്ഡൗൺ തുടങ്ങി; കിക്കോഫ്‌ നവംബർ 20

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

ദോഹ> എല്ലാ ആശയക്കുഴപ്പവും അവസാനിച്ചു. ഖത്തർ ഫുട്‌ബോൾ ലോകകപ്പിന്റെ മത്സരക്രമം ഫിഫ കൗൺസിൽ അന്തിമമാക്കി. ആതിഥേയരുടെ കളിയോടെ 22–-ാം ലോകകപ്പിന്‌ കിക്കോഫ്‌. അൽഖോർ നഗരത്തിലെ അൽബെയ്‌ത്ത്‌ സ്‌റ്റേഡിയത്തിൽ നവംബർ 20ന്‌ രാത്രി ഒമ്പതരയ്‌ക്കാണ്‌ കിക്കോഫ്‌. അറബ്‌ പാരമ്പര്യവും സാംസ്‌കാരികതയും തുടിക്കുന്ന കലാപരിപാടികൾ നിറഞ്ഞതായിരിക്കും ഉദ്‌ഘാടനച്ചടങ്ങ്‌. 

നവംബർ 21ന്‌ മൂന്ന്‌ കളിയുണ്ടാകും. വൈകിട്ട്‌ 6.30ന്‌ ഇംഗ്ലണ്ടും ഇറാനും ഏറ്റുമുട്ടും. ഈ കളി നേരത്തേ നിശ്‌ചയിച്ചപ്രകാരമാണ്‌. ലോകകപ്പിലെ ആദ്യകളിയായി പകൽ 3.30ന്‌ തീരുമാനിച്ചിരുന്ന സെനഗൽ–-നെതർലൻഡ്‌സ്‌ രാത്രി ഒമ്പതരയ്‌ക്കാക്കി. രാത്രി 12.30നുള്ള അമേരിക്ക–-വെയ്‌ൽസ്‌ കളിയിൽ മാറ്റമില്ല. മത്സരക്രമം പുതുക്കിയപ്പോൾ രണ്ട്‌ കളി മാത്രമാണ്‌ വ്യത്യാസം.

ജർമനിയിൽ 2006ൽ നടന്ന ലോകകപ്പുമുതൽ ആതിഥേയർ ആദ്യകളിക്ക്‌ ഇറങ്ങാറുണ്ട്‌. ആ പാരമ്പര്യം തുടരാനാണ്‌ തീയതി മാറ്റം. 2006ന്‌ മുമ്പ്‌ നിലവിലെ ചാമ്പ്യൻമാരായിരുന്നു കിക്കോഫിന്‌ ഇറങ്ങാറ്‌. ഉദ്‌ഘാടനച്ചടങ്ങുകൾ കെങ്കേമമാക്കാൻ ഖത്തറും ആഗ്രഹിച്ചിരുന്നു. കിക്കോഫ്‌ ദിവസം ഒറ്റക്കളി മാത്രമായതിനാൽ ഉദ്‌ഘാടനച്ചടങ്ങുകൾക്കും കലാപരിപാടികൾക്കും ആവശ്യത്തിന്‌ സമയംകിട്ടും.

ഒരുദിവസം നേരത്തേയാക്കുമ്പോൾ കാണികൾക്ക്‌ ആശയക്കുഴപ്പം വേണ്ടെന്ന്‌ ഫിഫ വ്യക്തമാക്കി. 21ന്‌ ടിക്കറ്റെടുത്തവർക്ക്‌ 20ന്‌ കളികാണാൻ അവസരമുണ്ടാകും. സമയമാറ്റം സംബന്ധിച്ച്‌ ഇ മെയിൽവഴി അറിയിപ്പുകൾ നൽകും. ലോകകപ്പ്‌ ഇക്കുറി 29 ദിവസമാണ്‌. 32 ടീമുകൾ അണിനിരക്കുന്ന 64 കളികൾ. മൂന്ന്‌ ദിവസത്തെ കൗണ്ട്‌ഡൗൺ ആഘോഷം ഇന്നവസാനിക്കും.

മത്സരക്രമം
കിക്കോഫ്‌ ഖത്തർ–-ഇക്വഡോർ അൽബെയ്‌ത്ത്‌ സ്‌റ്റേഡിയം
നവംബർ 20 രാത്രി 9.30
ഫൈനൽ ലുസൈൽ സ്‌റ്റേഡിയം ഡിസംബർ 18 രാത്രി 8.30

ഗ്രൂപ്പ്‌ മത്സരങ്ങൾ
ആദ്യ ദിവസം ഒറ്റക്കളി, രണ്ടാമത്തെ ദിവസം മൂന്നെണ്ണം (നവംബർ 21 വൈകിട്ട്‌ 6.30 ഇംഗ്ലണ്ട്‌–-ഇറാൻ, രാത്രി 9.30 സെനഗൽ–-നെതർലൻഡ്‌സ്‌, 12.30 അമേരിക്ക–-വെയ്‌ൽസ്‌), തുടർന്ന്‌ ഡിസംബർ രണ്ടുവരെ നാല്‌ കളികൾ (വൈകിട്ട്‌ 3.30, 6.30, രാത്രി 9.30, 12.30)
പ്രീക്വാർട്ടർ ഡിസംബർ 3–-6 (രാത്രി 8.30, 12.30)
വിശ്രമം ഡിസംബർ 7, 8
ക്വാർട്ടർ ഡിസംബർ 9, 10 (രാത്രി 8.30, 12.30)
വിശ്രമം ഡിസംബർ 11, 12
സെമി ഡിസംബർ 13, 14 (രാത്രി 12.30)
വിശ്രമം ഡിസംബർ 15, 16
ലൂസേഴ്‌സ്‌ ഫൈനൽ ഡിസംബർ 17 രാത്രി 8.30
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top