18 April Thursday

ലോകകപ്പ്: പ്രവാസികള്‍ക്ക് ഖത്തറിലേക്ക് ഹയ്യാ കാര്‍ഡില്ലാതെ പ്രവേശനം

അനസ് യാസിന്‍Updated: Tuesday Dec 6, 2022

ദോഹ > ജിസിസി പൗരന്‍മാര്‍ക്കും ഗള്‍ഫ് പ്രവാസികള്‍ക്കും ഖത്തറിലേക്ക് ഹയ്യാ കാര്‍ഡില്ലാതെയും ലോകകപ്പ് മാച്ച് ടിക്കറ്റില്ലാതെയും പ്രവേശിക്കാന്‍ അനുമതി. വിമാനമാര്‍ഗ്ഗം എത്തുന്നവര്‍ക്ക് ചൊവ്വാഴ്‌ച മുതല്‍ പ്രവേശനമുണ്ട്. റോഡ് മാര്‍ഗം വരുന്നവര്‍ക്ക് വ്യാഴം മുതലാണ് പ്രവേശനമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം, സ്‌റ്റേഡിയത്തിനകത്ത് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ മത്സര ടിക്കറ്റും ഹയ്യാ കാര്‍ഡും നിര്‍ബന്ധമാണ്‌. മാച്ച് ടിക്കറ്റുള്ളവര്‍ ഹയ്യാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റര്‍ ചെയ്യണം. കര അതിര്‍ത്തികള്‍ വഴി എല്ലാ യാത്രക്കാര്‍ക്കും പതിവുപോലെ ബസുകളില്‍ രാജ്യത്ത് പ്രവേശിക്കാം. സന്ദര്‍ശകര്‍ക്ക് ഫീസ് കൂടാതെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അനുവദിക്കും. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് കര അതിര്‍ത്തി വഴിയും പ്രവേശന അനുവദിക്കും. എന്നാല്‍, യാത്രയ്ക്ക് 12 മണിക്കൂര്‍ മുമ്പെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വാഹന പെര്‍മിറ്റിന് അപേക്ഷിക്കണം. വാഹന പെര്‍മിറ്റിന് ഫീസും ആവശ്യമില്ല. കര അതിര്‍ത്തികള്‍ വഴി ഈ മാസം എട്ടുമുതലാണ് പ്രവേശനം.

ജിസിസി രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്കും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഫിഫ ലോകകപ്പ് മത്സരങ്ങളും വിനോദ പരിപാടികളും  ആസ്വദിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ടിക്കറ്റില്ലാതെ ആരാധകര്‍ക്ക് ഡിസംബര്‍ രണ്ടുമുതല്‍ ഹയ്യാ കാര്‍ഡ് അപേക്ഷയില്‍ ഹോട്ടല്‍ റിസര്‍വേഷനും 500 ഖത്തരി റിയാല്‍ പ്രവേശന ഫീസും നല്‍കിയാല്‍ ഖത്തറിലേക്ക് പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതില്‍ പൂര്‍ണമായും മാറ്റം വരുത്തി, തീര്‍ത്തും സൗജന്യമായി പ്രവേശനം നല്‍കാനാണ് പുതിയ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top