06 July Sunday

ആഫ്രിക്ക ഉണരുന്നു; കൊറിയക്ക്‌ വീരചരമം

ഖത്തറിൽനിന്ന്‌ ആർ രഞ്‌ജിത്‌Updated: Monday Nov 28, 2022

twitter.com/FIFAWorldCup

മരുഭൂമിയിൽ ആഫ്രിക്കൻ സിംഹങ്ങൾ ഉണരുന്നു. ഘാനയും കാമറൂണും പഴയ ഓർമകളിലേക്ക്‌ കൊണ്ടുപോകുന്നു. ബൂട്ടിൽ ഉറവവറ്റാത്ത ഊർജവുമായി കളംനിറഞ്ഞ ഘാന പൊരുതിക്കളിച്ച ദക്ഷിണകൊറിയയെ കീഴടക്കിയപ്പോൾ കാമറൂൺ സെർബിയയെ തളച്ചു. രണ്ട്‌ ഗോളിന്‌ പിറകിൽനിന്നശേഷം ഒപ്പംപിടിച്ച കൊറിയയെ 3–-2ന്‌ തോൽപ്പിച്ചാണ്‌ ഘാന ലോകകപ്പിലെ ആദ്യജയം ആഘോഷിച്ചത്‌. കാമറൂൺ രണ്ട്‌ ഗോൾ വഴങ്ങിയശേഷമാണ്‌ സെർബിയയോട്‌ 3–-3 സമനില പിടിച്ചത്‌.

ആഫ്രിക്കയും ഏഷ്യയും തമ്മിലുള്ള 100 മിനിറ്റ്‌ നീണ്ട പോര്‌ ഒരു ത്രില്ലറായിരുന്നു. കൊണ്ടും കൊടുത്തും വീണും പൊരുതിയും ഓരോനിമിഷവും ആവേശംനിറച്ച പന്താട്ടം. മുഹമ്മദ്‌ കുദൂസ്‌ രണ്ടുതവണ ആഫ്രിക്കൻ കരുത്തർക്കായി ലക്ഷ്യംകണ്ടു. മുഹമ്മദ്‌ സാലിസുവും ഗോളടിച്ചു. കൊറിയക്കായി ചോ ഗുയി സുങ്‌ മൂന്ന്‌ മിനിറ്റിൽ രണ്ട്‌ ഗോളടിച്ചു.ഇതോടെ ഗ്രൂപ്പ്‌ എച്ചിൽ ഘാനയ്ക്ക്‌ മൂന്ന്‌ പോയിന്റായി. കൊറിയക്ക്‌ ഒരു പോയിന്റേയുള്ളു.

ആഫ്രിക്കയും യൂറോപ്പും തമ്മിലുള്ള കാമറൂൺ–-സെർബിയ പോരാട്ടം അടിച്ചും തിരിച്ചടിച്ചുമാണ്‌ മുന്നേറിയത്‌. രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷമാണ്‌ കാമറൂൺ തിരിച്ചുവന്നത്‌. ജീൻസ്‌ ചാൾസ്‌ കാസ്‌റ്റെല്ലെറ്റോ, വിൻസെന്റ്‌ അബൂബക്കർ, എറിക്‌ ചുപോമോടിങ്‌ എന്നിവർ കാമറൂണിനായി ഗോളടിച്ചു. സെർബിയക്കായി പവ്‌ലോഹിച്ച്‌, മിലിങ്കോവിച്ച്‌ സാവിച്ച്‌, അലക്‌സാണ്ടർ മിത്രോവിച്ച്‌ എന്നിവർ ലക്ഷ്യംകണ്ടു. ഇരുടീമുകൾക്കും ഓരോ പോയിന്റായി. ലോകകപ്പിലെ 32 ടീമുകളുടെയും രണ്ടുവീതം മത്സരങ്ങൾ അവസാനിച്ചു. പ്രീക്വാർട്ടറിലേക്ക്‌ ആരൊക്കെ മുന്നേറുമെന്നറിയാനുള്ള അവസാന ഗ്രൂപ്പ്‌ മത്സരങ്ങൾ ചൊവ്വാഴ്‌ച തുടങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top