26 April Friday
വീണ്ടും ഏഷ്യൻ കരുത്ത് : ജപ്പാന് മുന്നിൽ ജർമനി വീണു

ജർമനിയിൽ ജപ്പാൻ ഉദിച്ചു

ഖത്തറിൽനിന്ന്‌ 
ആർ രഞ്‌ജിത്‌Updated: Wednesday Nov 23, 2022

twitter.com/FIFAWorldCup/status


സൗദി പകർന്നുനൽകിയ ഏഷ്യൻ വീര്യം ബൂട്ടിൽ ജ്വലിപ്പിച്ച്‌ ജപ്പാൻ നാലുതവണ ചാമ്പ്യന്മാരായ ജർമനിയെ കീഴടക്കി. ഖത്തറിലെ മരുഭൂമി ലോകചാമ്പ്യൻമാരുടെ ‘വാട്ടർലൂ’ ആകുകയാണെന്ന്‌ തോന്നുന്നു. അർജന്റീനക്കുപിന്നാലെ ജർമനിയെയും വീഴ്‌ത്തി ലോക ഫുട്‌ബോൾ ഭൂപടത്തിൽ ഏഷ്യ തല ഉയർത്തിനിൽക്കുന്നു. ആദ്യപകുതിയിൽ ഒരു ഗോളിന്‌ പിറകിൽനിന്നശേഷമാണ്‌ ജപ്പാൻ രണ്ട്‌ ഗോളടിച്ച്‌ ലോകകപ്പിൽ ഗംഭീരമായി അരങ്ങേറിയത്‌. 

അസാധ്യമായി ഒന്നുമില്ലെന്ന്‌ ലോകത്തെ പഠിപ്പിച്ച ജപ്പാൻ ഫുട്‌ബോളിലും അതാവർത്തിക്കുന്നു.  ആദ്യപകുതിയിൽ ഇകായ്‌ ഗുൺഡോവന്റെ ഗോളിലാണ്‌ ജർമനി മുന്നിലെത്തിയത്‌. ഇടവേളയ്ക്കുശേഷം പുതിയൊരു ജപ്പാനായിരുന്നു കളത്തിൽ.  അവർ ഒന്നിച്ച്‌ പ്രതിരോധിച്ചു. ഒരേ മനസ്സോടെ ആക്രമിച്ചു. കളിയുടെ ചൂടും ചൂരും പങ്കിട്ടെടുത്തു. ആ കൂട്ടായ്‌മയിൽ കളത്തിൽ പുതിയൊരു ജപ്പാൻ ഉദിച്ചു.  എട്ട്‌ മിനിറ്റിൽ രണ്ട്‌ ഗോളടിച്ച്‌ നീലക്കുപ്പായക്കാർ വിജയം സ്വന്തമാക്കി. കന്നി ലോകകപ്പിനിറങ്ങിയ പകരക്കാരായ  റിറ്റ്‌സു ദൊയാൻ ആദ്യവും താകുമ അസാനോ രണ്ടാമതും ജർമൻ കോട്ടയിൽ നിറയൊഴിച്ചു. അതോടെ ജർമൻ ടാങ്കുകൾ നിശബ്‌ദമായി.

ഗോളടിക്കുന്നവർമാത്രമേ കളി ജയിക്കൂയെന്ന പ്രാഥമിക കാര്യം 20–-ാംലോകകപ്പ്‌ കളിക്കാനെത്തിയിട്ടും ജർമനി മറന്നുപോയി. കളിയുടെ നിയന്ത്രണം 74 ശതമാനമായിരുന്നു. ഷോട്ടുതിർത്തത്‌ 26 തവണ. ഗോളിലേക്ക്‌ ലക്ഷ്യംവച്ചത്‌ ഒമ്പത്‌ പ്രാവശ്യം. കളി ജയിക്കാൻ അതുപോരായിരുന്നു. ജയത്തോടെ ഗ്രൂപ്പ്‌ ഇയിൽ ജപ്പാന്‌ മൂന്ന്‌ പോയിന്റായി. നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യയെ ഗോളടിക്കാതെ തളച്ച്‌ മൊറോക്കോ ഗ്രൂപ്പ്‌ എഫിൽ വിലപ്പെട്ട ഒരു പോയിന്റ്‌ നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top